- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൈലപ്ര സഹകരണ സംഘത്തിലേക്കും കോന്നി ആർസിബിയിലേക്കും ഇഡി എത്തുമോ?
പത്തനംതിട്ട: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിരീക്ഷണത്തിലുള്ള ജില്ലയിലെ രണ്ട് സഹകരണ സംഘങ്ങളാണ് മൈലപ്രയുംം കോന്നി റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്കും (ആർസിബി). സംസ്ഥാനത്തെ 12 സഹകരണ സംഘങ്ങളാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ തുടർച്ചയായിട്ടാണ് മറ്റ് സഹകരണ സംഘങ്ങളിലേക്കും ഇഡിയുടെ നോട്ടമെത്തുന്നത്.
നിലവിലുള്ള പരാതി പ്രകാരം മൈലപ്ര സഹകരണ സംഘത്തിൽ 86.12 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. സംഘത്തിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ കണ്ടെത്തിയ 3.94 കോടിയുടെ ക്രമക്കേടിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മുൻ സെക്രട്ടറി ജോഷ്വ മാത്യുവിനെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ മറ്റ് കേസുകളിലൊന്നും നടപടിയായിട്ടില്ല. 86.12 കോടിയുടെ ക്രമക്കേട് മൈലപ്ര സഹകരണ സംഘത്തിൽ നടന്നുവെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മുൻ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ ബന്ധുക്കൾക്കും ബിനാമികൾക്കും ചട്ടം മറികടന്നും മാനദണ്ഡങ്ങൾ ലംഘിച്ചും കോടിക്കണക്കിന് രൂപ വായ്പ നൽകിയതായി കണ്ടെത്തി. ഇതാണ് സഹകരണ സംഘത്തെ തകർച്ചയിലേക്ക് നയിച്ചതെന്നും ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണത്തിൽ പുറത്തു വന്നു.
ക്രമക്കേടുകൾ ഓരോന്നായി പുറത്തു വന്നപ്പോൾ നിലവിലുള്ള ഭരണ സമിതി പിരിച്ചു വിട്ട് നിയമിക്കപ്പെട്ട അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി നടത്തിയ പരിശോധനയിൽ മറ്റൊരു അഴിമതി കൂടി കണ്ടെത്തി. 2022 ഏപ്രിൽ ഒന്നു മുതൽ ഓഗസ്റ്റ് 19 വരെയുള്ള കാലയളവിൽ സഹകരണ സംഘത്തിന്റെ ബാങ്ക് ഓഫ് ബറോഡ പത്തനംതിട്ട ശാഖയിലെ അക്കൗണ്ടിൽ നിന്ന് ചെക്കും ആർടിജിഎസും വഴി രണ്ടു കോടി രൂപ പിൻവലിച്ചിരുന്നുവെന്നും അത് സംഘത്തിന്റെ നാൾവഴി രജിസ്റ്ററിൽ ചേർത്തിട്ടില്ലെന്നുമുള്ള ഗുരുതരമായ ക്രമക്കേടാണ് പുറത്തു വന്നത്. ഇത് പണാപഹരണമായി കണക്കാക്കി ജോയിന്റ് രജിസ്ട്രാർ അന്നത്തെ സെക്രട്ടറി ഷാജി ജോർജ്, പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ എന്നിവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഷാജി ജോർജ് യു.കെയിലേക്ക് കടന്നു. ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സിപിഎം നേതൃത്വം നൽകുന്ന കോന്നി ആർസിബിയിൽ അഞ്ചു കോടിയുടെ തട്ടിപ്പാണ് നടന്നത്. 2017 ൽ ബാങ്കിലെ കാഷ്യർ ക്രമക്കേട് കണ്ടെത്തുകയും പ്രസിഡന്റിനും ഭരണ സമിതിക്കും വിവരം നൽകുകയും ചെയ്തു. വായ്പ, ചിട്ടി ഇനങ്ങളിലായി അഞ്ചു കോടിയുടെ ക്രമക്കേടാണ് പുറത്തു വന്നത്. മുൻ സെക്രട്ടറി എസ്. ഷൈലജ, ക്ലാർക്ക് ജുലി ആർ. നായർ, അറ്റൻഡർ മോഹനൻ നായർ എന്നിവർ അവരവരുടെ സ്വാധീനത്തിൽ പലരുടെയും പേരിൽ തുക കൈക്കലാക്കിയിരുന്നു. അന്വേഷണത്തിൽ ഇവരുടെ പങ്ക് പുറത്തു വന്നപ്പോൾ സെക്രട്ടറിയെയും ക്ലാർക്കിനെയും ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. അറ്റൻഡറെ സസ്പെൻഡ് ചെയ്തു. ഇതിനിടെ 70 ലക്ഷം രൂപ ഇവർ തിരിച്ചടച്ചു. സിപിഎം ഏരിയാ കമ്മറ്റിയംഗം വി.ബി. ശ്രീനിവാസനായിരുന്നു ബാങ്ക് പ്രസിഡന്റ്. ഇയാളെ ആദ്യം ബാങ്കിൽ നിന്നും പിന്നാലെ സിപിഎമ്മീൽ നിന്നും പുറത്താക്കി. സഹകരണ വകുപ്പ് ചട്ടം 65 പ്രകാരമുള്ള അന്വേഷണവും ഭരണ സമിതിയുടെ ആഭ്യന്തര അന്വേഷണവും പൂർത്തിയാക്കി ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ കേസ് നൽകി.
പുതിയ ഭരണ സമിതി മുഖ്യമന്ത്രിക്കും പരാതി നൽകി. അതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഒന്നാം പ്രതി പറക്കോട് മേടയിൽ ഷൈലജ(61), രണ്ടാം പ്രതി കോന്നി താഴം ലക്ഷ്മിവിലാസം ജൂലി ആർ. നായർ (45) എന്നിവരെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മുൻ പ്രസിഡന്റ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി.