- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് എത്തുമ്പോൾ മദ്യപിച്ച് തുള്ളും; എതിർപ്പുമായി എത്തുന്നവരെ സ്വയം നഗ്‌നയായി അപമാനിക്കും; സ്ത്രീകളെ വിവസ്ത്രരാക്കി ചൂലു കൊണ്ട് അടിച്ച് ബാധയെ അകറ്റുന്ന ആഭിചാരം; പരാതി കൊടുക്കുന്നവരെ തേടിയെത്തുക ഗുണ്ടകൾ; തെറിവിളിയിൽ മന്ത്രവാദിനി ഉസ്താദ്; മലയാലപ്പുഴയിലെ 'വാസന്തിമഠത്തിന്' പൂട്ടു വീഴുമ്പോൾ
പത്തനംതിട്ട: മലയാലപ്പുഴയിൽ യുവജനസംഘടനകൾ അടിച്ചുതകർത്ത മന്ത്രവാദ ചികിത്സാ കേന്ദ്രത്തിനും നടത്തിപ്പുകാരിക്കുമെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. ഇവിടെ നിന്ന് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകൾ പുറത്തുവന്നതിന് പിന്നാലെ ഈ മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലെ ചില ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് നടപടികളിലേക്ക് കടന്നത്.
മലയാലപ്പുഴയിലെ 'വാസന്തിമഠം' എന്ന മന്ത്രവാദ ചികിത്സാ കേന്ദ്രത്തിൽ മന്ത്രവാദം നടത്തുന്ന ശോഭന(41)യും ഭർത്താവ് ഉണ്ണികൃഷ്ണനും(41) പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം കെട്ടുവീഴുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഇന്ന് യുവജന സംഘടനകൾ ഇവിടേക്ക് പ്രതിഷേധം നടത്തിയതും മഠം അടിച്ചുതകർത്തതും.
ചെറുപ്പക്കാരികളായ സ്ത്രീകളെ വിവസ്ത്രരാക്കി ചൂരൽകൊണ്ട് അടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചികിത്സയെന്ന പേരിൽ നടത്തിവന്നത്. മദ്യപിച്ച് തുള്ളുകയും സ്വയം നഗ്‌നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ 'ചികിത്സ'. പലതവണ പരാതിക്കൊടുത്തിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാർ പറയുന്നു.സ്ത്രീയുടെ ആദ്യഭർത്താവിനേയും ഇവരുടെ സഹായിയായി നിന്ന ആളേയും കാണാതായിട്ടുണ്ടെന്നും അവർ പറയുന്നു. 2017ലാണ് ശോഭന വാസന്തിയായി മാറിയത്.
'ഇവിടെ ആഭിചാരക്രിയകൾ അടക്കമുള്ള കാര്യങ്ങൾ നടക്കുന്നതിനെ തുടർന്ന് പാർട്ടി പ്രവർത്തകർ നേരത്തേതന്നെ പ്രതിഷേധം നടത്തിയതാണ്. പൊലീസിലും പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് വരുമ്പോഴും എതിർക്കുന്നവർ വരുമ്പോഴും വസ്ത്രങ്ങളെല്ലാം ഊരിമാറ്റി നഗ്‌നയായി നിൽക്കും. അത് പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കും. മാനസികനില തെറ്റിയ ആളെന്ന രീതിയിൽ പൊലീസ് ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തിരുന്നത്', സിപിഎം കോന്നി ഏരിയാ സെക്രട്ടറി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ചെറിയ തരത്തിലുള്ള മന്ത്രവാദ ചികിത്സകളായിരുന്നു നടത്തിയിരുന്നത്. പിന്നീട് പുറത്ത് നിന്ന് ആളുകൾ എത്താൻ തുടങ്ങി. അവർക്കെതിരെ പരാതി നൽകുന്നവരെ കേസിൽ കുടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി അറിയിച്ചു. നേരത്തെ തന്നെ നിരവധി പരാതികൾ ഇവർക്കെതിരേ ലഭിച്ചിരുന്നു. പൊലീസ് രണ്ടുമൂന്ന് തവണ ഇവർക്ക് മുന്നറിയിപ്പ് നൽകിയതാണ്. ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ പ്രത്യേകം അന്വേഷിക്കും. അവരുടെ വീടും പരിസരങ്ങളും വേണ്ടരീതിയിൽ പരിശോധിക്കുമെന്നും പത്തനംതിട്ട എസ്‌പി വ്യക്തമാക്കി.
മന്ത്രവാദിനിയെയും സംഘത്തിനയെും എതിർക്കുന്നവരെയല്ലാം ഭീഷണിപ്പെടുത്തുകയും വീടിന് മുന്നിൽ പൂവിടുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.നാൽപ്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കാറാണ് പതിവ്. മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് വാസന്തി അമ്മ മഠം എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ഇവിടെ പ്രവർത്തിക്കുന്ന മഠത്തിൽ രോഗശാന്തി, വിദ്യാഭ്യാസപരമായ പ്രശ്നങ്ങൾ, സാമ്പത്തികമായ ഉന്നതി തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് പരിഹാരം കാണാനായി ദിനം പ്രതി നൂറ് കണക്കിനാളുകളാണ് എത്തിയിരുന്നത്.
കഴിഞ്ഞ ദിവസം മന്ത്രവാദ ചികിത്സയ്ക്കിടെ ഒരു കുട്ടി കുഴഞ്ഞുവീണിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ചില യുവജന സംഘടനകൾ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇന്ന് രാവിലെ നൂറ് കണക്കിനാളുകളാണ് മഠത്തിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. ഇതേതുടർന്ന് മന്ത്രവാദചികിത്സ നടത്തിയ ശോഭനയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ