- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പൂഫിങ്ങിലൂടെ ഫോൺനമ്പർ മാറ്റി വിദേശത്തിരുന്ന് ഉന്നതരെ ചീത്തവിളിക്കുന്നത് ഹോബി; കളിച്ച് കളിച്ച് മുറത്തിൽ കയറി കൊത്തിയത് പൊലീസ് ഉദ്യോഗസ്ഥരെയും തെറിവിളിച്ച്; സൈബർ പൊലീസിന് കണ്ടെത്താൻ കഴിയില്ലെന്ന ധൈര്യത്തിൽ വിലസിയ ഹബീബ് റഹ്മാനെ നാട്ടിലെത്തിയപ്പോൾ പൊക്കി പൊലീസ്
കാസർകോട്: കാണാമറയത്തിരുന്ന് ഉന്നതരെ അടക്കം സ്ഥിരമായി തെറിവിളിച്ച പ്രവാസി യുവാവ് അറസ്റ്റിൽ. നാട്ടിലെത്തിയതോടെയാണ് യുവാവിനെ പൊലീസ് പൊക്കിയത്. സ്പൂഫിങ് വഴി ഫോൺനമ്പർ മാറ്റി ഉന്നതരെ ചീത്തവിളിക്കുന്നത് ശീലമാക്കിയ യുവാവിനെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്നംകുളം മരത്തൻക്കോട് സ്വദേശിയും സാമൂഹികമാധ്യമങ്ങളിൽ 'മാർലി' എന്ന വിളിപ്പേരുള്ള ഹബീബ് റഹ്മാനെ (29) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും കളക്ടർമാരെയും രാഷ്ട്രീയനേതാക്കളെയും നമ്പറിൽ സ്പൂഫിങ് നടത്തുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഫോൺ വിളിച്ച് അസഭ്യം പറയുന്നത് പതിവാക്കിയ ഇയാൾക്കെതിരേ കാസർകോട്, എറണാകുളം ജില്ലകളിൽ കേസുകളുണ്ട്.
വ്യാജ നമ്പറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെയും യുവാക്കളെയും ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
'ഇൻഡി കോൾ' എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് വിദേശത്തിരുന്നാണ് ഇയാൾ അസഭ്യവിളി നടത്തിയിരുന്നത്. എംഎൽഎ.യും എംപി.യും ഉൾപ്പെടെയുള്ളവരെയും ഈയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തരം കോളുകൾ റെക്കോഡ് ചെയ്ത് എതിരാളികൾക്ക് അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈബർ പൊലീസിന് കണ്ടെത്താൻ കഴിയില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രതിയുടെ പ്രവൃത്തികൾ.
എന്നാൽ ഇയാളുടെ സാമൂഹികമാധ്യമങ്ങളിലെ പ്രവർത്തനങ്ങളും നീക്കങ്ങളും നിരീക്ഷിച്ചിരുന്ന സൈബർ പൊലീസ് പ്രതി നാട്ടിൽ എത്തുന്ന വിവരം മനസ്സിലാക്കിയാണ് ഇയാളെ വലയിലാക്കിയത്. നാട്ടിൽ എത്തിയ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ ഇന്ത്യൻ നമ്പർ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ