തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. മദ്യപിച്ച് എത്തിയാണ് ഭർത്താവ് ദിലീപ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിന്റെ വീഡിയോ ഭർത്താവ് തന്നെ പകർത്തി പ്രചരിപ്പിച്ചു. വിഷയം ശ്രദ്ധയിൽപെട്ടതോടെ പൊലീസ് ഭർത്താവിനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് ആണ് സംഭവം. യുവതി ജോലിക്ക് പോകുന്നത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ദിലീപും ഭാരയ ആതിരയും തമ്മിൽ പ്രണയവിവാഹമായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. യുവതി ഒരു മാർജിൻ ഫ്രീ മാർക്കറ്റിൽ ജോലിക്ക് പോകുന്നുണ്ട്. ജോലി കഴിഞ്ഞെത്തിയപ്പോഴാണ് യുവതിയെ കൈകൾ കെട്ടിയിട്ടശേഷം ദിലീപ് ക്രൂരമായി മർദ്ദിച്ചത്.

മുഖത്ത് മർദ്ദനമേറ്റ് യുവതിയുടെ മൂക്കിൽ നിന്നും ചോര ഒഴുകുന്നത് വീഡിയോയിലുണ്ട്. ഇനി ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. യുവതിയെ മർദ്ദിച്ചത് താനാണ്. ഇവളെ ഇടിച്ച് വാ പൊട്ടിച്ചതും താനാണെന്നും വീഡിയോയിൽ ഇയാൾ പറയുന്നുണ്ട്. എന്നാൽ ദിലീപ് ജോലിക്കു പോകില്ലെന്നും, താൻ കൂടി ജോലിക്ക് പോയില്ലെങ്കിൽ ലോൺ അടയ്ക്കാനാകില്ലെന്നും, കുട്ടികൾ പട്ടിണിയാകുമെന്നും യുവതി വീഡിയോയിൽ കരഞ്ഞുപറയുന്നുണ്ട്.

നിരന്തരമായി മദ്യപിച്ചു എത്തുന്ന ദിലീപ് ആതിരയെ മർദ്ദിക്കുന്നത് പതിവായതിനാൽ ഇവർ താമസിക്കുന്ന വാടക വീടുകളിൽ നിന്ന് വീട്ടുടമകൾ ഇവരെ മാറ്റുക പതിവായിരുന്നു. ഇത്തരത്തിൽ നാലോളം വീടാണ് ഇവർ ആറുമാസത്തിനിടെ തന്നെ മാറിയത്. നിരന്തരമായ മർദ്ദനത്തിൽ സഹികെട്ട് ആതിര 17ന് രാവിലെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.