മൂന്നാർ: പെൺസുഹൃത്തിനൊപ്പം മൂന്നാറിൽ സന്ദർശനത്തിനെത്തിയ യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം സ്വദേശി സനീഷ് ഭവനത്തിൽ എസ്.സനീഷിനെയാണ് (37) പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ച വൈകിട്ടാണ് ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം ഇയാൾ പഴയ മൂന്നാറിലെ ലോഡ്ജിൽ മുറിയെടുത്തത്. രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതായി യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ ശുചിമുറിയിൽ നിന്നും ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയപ്പോഴാണ് കഴുത്തിൽ കുരുക്കുമായി സനീഷ് കിടക്കുന്നത് കണ്ടതെന്നുമാണ് യുവതി പറയുന്നത്.

പൊലീസ് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ യുവാവ് തൂങ്ങാൻ ഉപയോഗിച്ച ഹുക്ക് തകർന്ന് താഴെ വീണ നിലയിൽ കിടക്കുന്നത് കണ്ടെത്തി. മൂന്നാർ എസ്‌ഐ പി.എസ്.സുധീരന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച സനീഷ്. ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.