ന്യൂഡൽഹി: ഡൽഹിയിൽ യുവതിയുമായുള്ള അവിഹിത ബന്ധം തുടർന്ന യുവാവിനെ ഭർത്താവ് കൊലപ്പെടുത്തി. ആനന്ദ് പർബത് മേഖലയിലെ ഒരു വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു മാധവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ വാടക വീടിനുള്ളിലെ സെപ്റ്റിക് ടാങ്കിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

ആനന്ദ് പർബത് പ്രദേശത്തെ ഒരു വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ 30 കാരൻ മാധവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അവിഹിത ബന്ധത്തെ തുടർന്ന് യുവാവിനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കയാണ്.

ആനന്ദ് പർബത് മേഖലയിലെ ഒരു വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു മാധവ്. കഴിഞ്ഞ ഒരഴ്ചയായി മാധവിനെ കാണാനില്ലായിരുന്നു. കഴിഞ്ഞ 5 മാസമായി മാധവ് തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്നും ഹോളിയുടെ അന്ന് പുറത്തേക്ക് പോയ മാധവ് പിന്നെ തിരികെയെത്തിയില്ലെന്നും വാടക വീടിന്റെ ഉടമസ്ഥൻ മോഹൻ കുമാർ പാണ്ഡെ പൊലീസിന് മൊഴി നൽകി. മാധവ് മൊബൈൽ ഫോൺ വീട്ടിൽ വച്ചിട്ടാണ് പോയത്. പ്രദേശവാസികൾക്കൊപ്പം ഹോളി ആഘോഷിക്കുന്നത് കണ്ടിരുന്നു. പിന്നീട് മാധവിനെ കണ്ടില്ല- മോഹൻ കുമാർ പാണ്ഡെ പറഞ്ഞു.

പൊലീസ് മാധവിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ പ്രദേശത്ത് തന്നെയുള്ള ഒരു യുവതിയുടെ ഫോട്ടോ കണ്ടെത്തി. പരിശോധനക്കെത്തിയ പൊലീസിന് അടുത്ത വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടെന്നും യുവതിയും ഭർത്താവും സ്ഥലത്തില്ലെന്നും അയൽവാസി പൊലീസിനോട് പറഞ്ഞു. തുടർന്ന് പരിശോധിച്ചപ്പോഴാണ് മാധവിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തിത്. വിവാഹിതയായ യുവതിയുമായി മാധവിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് ഇത് കണ്ടെത്തിയതോടെ കൊലപ്പെടുത്തിയത് ആകാമെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയും മാധവും അടുപ്പത്തിലായിരുന്നുവെന്നതിന് പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

രാവിലെ 11 മണിയോടെയാണ് പൊലീസ് സംഘം യുവതി താമസിക്കുന്ന വാടക വീട്ടിലെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലൊനടുവിൽ വൈകിട്ട് 4 മണിയോടെയാണ് വീടിനുള്ളിലെ സെപ്റ്റിക് ടാങ്കിൽ നിന്നും മാധവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു. യുവതിയും ഭർത്താവും ഒളിവിലാണെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. തിരച്ചിൽ നടത്തി വരികയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.