മുംബൈ: ഭാര്യയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് ഭർത്താവ് കൊലപ്പെടുത്തി. മുംബൈയിലെ വസായി റോഡ് സ്‌റ്റേഷനിൽ തിങ്കളാഴ്ച പുലർച്ചെ നാല് മണിക്കാണ് സംഭവം. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഭാര്യയെ തള്ളിയിട്ടതിന് പിന്നാലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന രണ്ടുകുട്ടികളെയും വിളിച്ചുണർത്തി ഇയാൾ ധൃതിയിൽ രക്ഷപ്പെടുന്നത് കാണാം. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവിനെ താനെയിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഏകദേശം 29 വയസോളം തോന്നിക്കുന്ന യുവതി പ്ലാറ്റ്‌ഫോം നമ്പർ അഞ്ചിൽ, രണ്ടുകുട്ടികളോടൊപ്പം ഉറക്കമായിരുന്നു. പുലർച്ചെ നാല് മണിയോടെ ദീർഘദൂര ട്രെയിൻ കടന്നുവരുന്നത് യുവാവ് കണ്ടു. ഭാര്യയെ വിളിച്ചുണർത്തി ഇയാൾ പ്ലാറ്റ്‌ഫോമിന്റെ അറ്റത്തേക്ക് വലിച്ചുകൊണ്ടുപോയി. 4.10 ന് പ്ലാറ്റ്‌ഫോമിൽ കയറിയ അവധ് എക്സ്‌പ്രസിന് മുന്നിലേക്ക് ഭാര്യയെ ഇയാൾ തള്ളിയിടുകയായിരുന്നു. ഇതിന് ശേഷം തന്റെ ബാക്ക് പാക്കും എടുത്ത് കുട്ടികളെയും വിളിച്ചുണർത്തി. രണ്ടുവയസുകാരനായ കുട്ടിയെ തോളത്തിട്ട്, അഞ്ചുവയസുകാരനായ കുട്ടിയുടെ കൈയിൽ പിടിച്ച് ധൃതിയിൽ നടന്നുപോകുന്നത് കാണാം.

ദമ്പതികളുടെ പേരുകൾ വ്യക്തമായിട്ടില്ല. സംഭവത്തിന് ശേഷം യുവാവ് ദാദറിലേക്കും, പിന്നീട് കല്യാണിലേക്കും പോയി. അവിടെ നിന്ന് ഓട്ടോ പിടിച്ചതായും പൊലീസിന് വിവരം കിട്ടി. പിന്നീട് താനെയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹിന്ദി സംസാരിക്കുന്ന ദമ്പതികൾ ഞായറാഴ്ച രാവിലെ മുതൽ വസായി റോഡ് സ്‌റ്റേഷനിൽ കറങ്ങി തിരിയുന്നുണ്ടായിരുന്നു. വൈകുന്നേരം ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സമീപത്തെ ക്ലീനറുടെ മൊബൈൽ വാങ്ങി ഭാര്യ ഏതോ നമ്പറിലേക്ക് വിളിച്ചു. ഈ നമ്പറിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഞായറാഴ്ച മുഴുവൻ പ്ലാറ്റ്‌ഫോമിൽ ചെലവഴിച്ച കുടുംബം രാത്രി അവിടെ കിടന്നുറങ്ങി. ട്രെയിൻ എത്താൻ വേണ്ടി യുവാവ് രണ്ടുമിനിറ്റോളം കാത്തുനിൽക്കുന്നതും സിസി ടിവി ദൃശ്യങ്ങളിൽ കാണാം