- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോയമ്പത്തൂരിലും മംഗളൂരുവിലും മുഹമ്മദ് ഷരീഖ് താമസിച്ചത് ഹിന്ദുപേരുകളിൽ; തിരിച്ചറിയാതിരിക്കാൻ താടി ഉപേക്ഷിച്ചു; സ്ഫോടനത്തിന് മുമ്പ് ശിവമോഗയിൽ ട്രയൽ നടത്തിയതായും കണ്ടെത്തൽ; ആലുവയിലെ ലോഡ്ജിൽ തങ്ങിയത് നാലുദിവസം; സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്ന പേരിൽ കൊറിയറിൽ കിട്ടിയത് സ്‌ഫോടക വസ്തുക്കളോ? മംഗളൂരു, കോയമ്പത്തൂർ സ്‌ഫോടനങ്ങൾ തമ്മിലെ ബന്ധം അന്വേഷിച്ച് എടിഎസ്
കൊച്ചി: കോയമ്പത്തൂർ-മംഗളൂരു സ്‌ഫോടനങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് വിവരം കിട്ടിയതോടെ, സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. മംഗളൂരു സ്‌ഫോടനക്കേസിന്റെ സൂത്രധാരൻ മുഹമ്മദ് ഷരീഖ് സെപ്റ്റംബർ ആദ്യം കോയമ്പത്തൂർ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ ഗാന്ധിപുരത്തെ ഡോർമിറ്ററിയിൽ താമസിച്ച ഇയാൾ മധുര, നാഗർകോവിൽ എന്നിവിടങ്ങളിലും പിന്നീട് കേരളത്തിൽ ആലുവയിലും വന്നിരുന്നു. ആലുവയിൽ ഇയാൾ നാലുദിവസം താമസിച്ചതായി അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മംഗളൂരു പൊലീസും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സെപ്റ്റംബറിൽ ആലുവയിൽ ഒരു ലോഡ്ജിൽ നാലുദിവസം താമസിച്ച ഇയാൾക്ക് സൗന്ദര്യ വർദ്ധക വസ്്തുക്കൾ എന്ന പേരിൽ കൊറിയർ വന്നിരുന്നു. ഇയാൾ താമസിച്ച ലോഡ്ജും, പാക്കേജിൽ എന്താണ് ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങൾ, പൊലീസ് സ്ഥിരീകരിക്കാനുണ്ട്. മുഹമ്മദ് ഷരീഖിന് ആലുവയിൽ നിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭ്യമായോ എന്നും അന്വേഷിച്ചുവരുന്നു. ആലുവയിലേതു പോലെ കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് ഇയാൾ ആരെയൊക്കെ കണ്ടു എന്നതും കണ്ടെത്തേണ്ടതുണ്ട്.
മുഹമ്മദ് ഷരീഖും കൂട്ടാളികളും സ്‌ഫോടനത്തിനു മുമ്പ് ശിവമോഗയിൽ ട്രയൽ നടത്തിയതായി കർണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലാണ് പ്രഷർ കുക്കർ ബോംബിന്റെ ട്രയൽ നടത്തിയത്. സിഎഎ, ഹിജാബ് പ്രതിഷേധങ്ങൾ ആളിക്കത്താൻ ഇവർ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ചെന്നും ഇതിന്റെ മുഖ്യ ആസൂത്രകൻ എന്ന് സംശയിക്കുന്നയാൾ യുഎഇയിലേക്ക് കടന്നതായും സൂചനയുണ്ട്.
കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദുപേരുകളിലാണ് ഷരീഖ് താമസിച്ചത്. തിരിച്ചറിയാതിരിക്കാൻ താടി ഉപേക്ഷിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. കർണാടക ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ ഷരീഖിന്റെ ബന്ധുവീടുകളിൽ അടക്കം 18 ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. മംഗളൂരുവിലും മൈസൂരുവിലുമുള്ള വീടുകളിലാണ് പരിശോധന നടന്നത്.
ശിവമോഗയിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ സ്‌ഫോടകവസ്തുക്കൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. ഷരീഖ് സന്ദർശിച്ച തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ ഇയാളുടെ സഹായികളെ കണ്ടെത്താനും ശ്രമം തുടങ്ങി. കോയമ്പത്തൂരിൽ ഷരീഖിനു സിം കാർഡ് എടുത്തു നൽകിയ ഊട്ടിയിലെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകൻ സുരേന്ദ്രനെ തുടർച്ചയായ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു. സ്‌ഫോടനത്തിൽ 45 ശതമാനത്തോളം പരുക്കേറ്റ ഷരീഖ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കാർ സ്‌ഫോടനക്കേസിലെ പ്രതികളെ മംഗളുരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനും എൻഐഎ നീക്കം തുടങ്ങി. കാർ സ്‌ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമേഷ മുബിനും മംഗളൂരു പ്രഷർ കുക്കർ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷരീഖും കൂടിക്കാഴ്ച നടത്തിയെന്നു സ്ഥിരീകരിച്ചതിനു പിറകെയാണു നീക്കം. സ്‌ഫോടനത്തിനു സാമ്പത്തിക സഹായം ചെയ്തുവെന്നു കരുതുന്ന ശിവമോഗ സ്വദേശിക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.കോയമ്പത്തൂരിലെ ശിരിങ്കനെല്ലൂരിൽ വച്ചാണ് കൊല്ലപ്പെട്ട ജമേഷ മുബിനും മുഹമ്മദ് ഷാരിഖും കണ്ടുമുട്ടിയതെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു.
സെപ്റ്റംബറിലും ഒക്ടോബറിലും കോയമ്പത്തൂരിലെത്തിയ ഷരീഖ് ഗാന്ധിനഗറിലെ ഡോർമിറ്ററിയിലാണ് മൂന്നുദിവസം താമസിച്ചത്. ഈ ഡോർമിറ്ററി പൊലീസ് പൂട്ടി സീൽ ചെയ്തു. കോയമ്പത്തൂർ കാർ സ്‌ഫോടന കേസിലെ പ്രതികൾ കേരളത്തിൽ പോയിരുന്നതായും, വിയ്യൂർ ജയിലിലുള്ള ശ്രീലങ്കൻ ചാവേറാക്രമണ കേസിലെ പ്രതികളെ കണ്ടിരുന്നതായും നേരത്തെ വിവരം കിട്ടിയിരുന്നു. കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനങ്ങൾ ഒരേ സമയം ആസൂത്രണം ചെയ്തതാണോ എന്നും സംശയമുണ്ട്. കോയമ്പത്തൂർ കാർ സ്‌ഫോടനത്തിൽ ഉപയോഗിച്ചത് ഗ്യാസ് സിലണ്ടറുകളും, പ്രഹര ശേഷി കുറഞ്ഞ സ്‌ഫോടക വസ്തുക്കളുമായിരുന്നു. മംഗളുരുവിലും സമാന രീതിയിലുള്ള സ്‌ഫോടനമാണ് നടന്നത്.
മറുനാടന് മലയാളി ബ്യൂറോ