കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പിൽ നടനും സംവിധായകനുമായ സൗബിൻ സാഹിറിനെ ഇഡി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരും. അതീവ ഗൗരവ ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമ്മാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഇതോടെ പുതിയ തലത്തിലെത്തുകയാണ്. നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ കള്ളപ്പണമിടപാടുകൾ സംബന്ധിച്ചാണ് ഇഡി അന്വേഷണം. സിനിമയ്ക്കായി ഒരു രൂപ പോലും നിർമ്മാണ കമ്പനി ചെലവാക്കിയില്ലെന്നും പണം നൽകിയവരെ കരുതികൂട്ടി ചതിച്ചുവെന്നും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിൽ മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. 200 കോടി ക്ലബിലെത്തിയ ആദ്യമലയാള സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ്. പറവ ഫിലിംസിന്റെ ബാനറിൽ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മിച്ചത്. ഇവരുടെ കൂട്ടായ്മയിലേക്ക് 7 കോടി രൂപയുടെ നിക്ഷേപവുമായി അരൂർ സ്വദേശി സിറാജ് വലിയതുറയും ചേർന്നു. മുടക്കുമുതലിന്റെ മൂന്നിലൊന്നും സിറാജാണ് നൽകിയതെന്നർത്ഥം. കളക്ഷന് അനുസരിച്ച് ലാഭവിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഒന്നുമുണ്ടായില്ല. സിറാജിന്റെ പരാതി ആദ്യമെത്തിയപ്പോൾ, സിനിമയുടെ വിജയം മുതലെടുക്കാനുള്ള നീക്കമാണെന്ന് വിമർശിക്കപ്പെട്ടു.

എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ എറണാകുളം സബ്‌കോടതി, ഷോൺ ആന്റണിയുടെ അക്കൗണ്ട് മരവിപ്പിച്ചു. മരട് പൊലീസിനോട് അന്വേഷണത്തിനും നിർദ്ദേശിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ പൊലിസ് നൽകിയ റിപ്പോർട്ട് ഗുരുതര ആരോപണങ്ങളടങ്ങിയതായിരുന്നു. പണം മുടക്കിയ സിറാജിനെ സൗബിൻ അടക്കമുള്ളവർ പല വാക്കുകളും നൽകി ബോധപൂർവം വഞ്ചിക്കുകയായിരുന്നുവെന്ന സൂചനയാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.

അതിനിടെ മഞ്ഞുമ്മലിന്റെ കളക്ഷൻ റെക്കാഡുകൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലുമുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ്‌നാട്ടിൽ നിന്ന് വന്ന തുകയുടെ ഒരുഭാഗം കള്ളപ്പണമാണെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. തിയറ്ററുകൾ ഹൗസ്ഫുൾ ആണെന്നു വരുത്തിത്തീർത്ത്, വ്യാജടിക്കറ്റ് വരുമാനം കള്ളപ്പണമായി എത്തിച്ചുവെന്നാണ് പരാതി. തമിഴ്‌നാട്ടിലെ ഒരു സാമ്പത്തികത്തട്ടിപ്പുകേസ് പ്രതിയാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് സൗബിനെതിരായ ഇഡി അന്വേഷണം. സൗബിനെ ചോദ്യം ചെയ്യുന്നത് ഇനിയും തുടരും. വരും ദിവസങ്ങളിലും നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു വരുത്തും.

കള്ളപ്പണം പറവ ഫിലിംസിന്റെ അടുത്ത നിർമ്മാണസംരംഭങ്ങൾക്ക് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നത് എന്നാണ് ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി കഴിഞ്ഞദിവസം പറവയുടെ കൊച്ചി ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. ഷോൺ ആന്റണിയിൽ നിന്ന് രണ്ടുതവണ മൊഴിയെടുക്കുകയും ചെയ്തു. സൗബിനെയും ചോദ്യം ചെയ്തു. ഇതോടെ നിർമ്മാതാക്കൾക്കെതിരേ കേസിനു പുറമേ കേസെന്ന സ്ഥിതിയായി. മഞ്ഞുമ്മൽ ബോയ്‌സ് വഞ്ചനാകേസിന്റെ പശ്ചാത്തലത്തിൽ സമാനമായ പല ആക്ഷേപങ്ങളും സിനിമാ രംഗത്ത് ചർച്ചയാണ്.

സിനിമയുടെ നിർമ്മാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവരാണ പൊലീസ്് കേസിലെ പ്രതികൾ. പാൻ ഇന്ത്യൻ ഹിറ്റായ പടം മുന്നൂറ് കോടിയിലേറെയാണ് വാരികൂട്ടിയത്. ചില്ലികാശ് മുടക്കാതെയായിരുന്നു പറവ ഫിലിംസിന്റെ ലാഭക്കൊയ്ത്ത്. പറവ ഫിലിംസിന്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ട് വഴി വിവിധ വ്യക്തികളിൽ നിന്നായി 28 കോടി 35 ലക്ഷം രൂപയാണ് സൗബിനും കൂട്ടരും വാങ്ങിയിട്ടുള്ളത്. സിനിമയ്ക്കായി ഒരു രൂപ പോലും നിർമ്മാതാക്കൾ മുടക്കിയിട്ടില്ല. ജിഎസ്ടി അടക്കം 18 കോടി 65 ലക്ഷം രൂപ സിനിമയ്ക്ക് ചെലവായി. ഇതിന്റെ ഇരുപതിരട്ടിയാണ് നിർമ്മാതാക്കളുടെ അക്കൗണ്ടിലേക്ക് എത്തിയത്. മൊത്തം കളക്ഷനിൽ നിന്നുള്ള നിർമ്മാതാക്കളുടെ ഓഹരിയായി 45 കോടി രൂപ ഏപ്രിൽ മാസത്തിൽ തന്നെ ലഭിച്ചു.

സാറ്റലൈറ്റ്, ഒ.ടി.ടി അവകാശങ്ങളിൽ നിന്നായി 96 കോടി രൂപയും വരുമാനമുണ്ടാക്കി. ഈ ദുരൂഹസാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. മലയാളത്തിലെ പലനിർമ്മാണ കമ്പനികളും നേരത്തെ തന്നെ ഇഡിയുടെയും ആദായി നികുതി വകുപ്പിന്റെയും നോട്ടപുള്ളികളാണ്. കോടികളുടെ കള്ളപ്പണംവെളുപ്പിക്കൽ സിനിമാ മേഖലുയമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.