തൃശൂർ: കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് സംശയ നിഴലിൽ. ഇവർ തമ്മിലെ തർക്കത്തിനും പൊലീസിന് മൊഴി ലഭിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം കൊല്ലപ്പെട്ട മനുവും മറ്റു മൂന്നുപേരും തമ്മിൽ തർക്കമുണ്ടായിരുന്നു. വെങ്ങിണിശേരി സ്വദേശികളായ പ്രണവ്, ആഷിക്, മണികണ്ഠൻ എന്നിവർ തമ്മിലാണ് തർക്കമുണ്ടായത്. തർക്കമുണ്ടായ സ്ഥലത്താണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മനുവും മൂന്നംഗസംഘവും നേരത്തെ ബാറിൽ വെച്ചും മറ്റുപലയിടത്തുംവെച്ച് തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചെയെന്നോണമാണ് കഴിഞ്ഞ ദിവസത്തെയും പ്രശ്‌നം. അതുകൊലപാതകവുമായി. മനുവിനെ കൈകാര്യം ചെയ്യാൻ ഹോക്കി സ്റ്റിക്ക് അടക്കം കരുതി നിൽക്കുകയായിരുന്നു.

തർക്കത്തിന് പിന്നാലെ ബൈക്ക് നൽകാൻ വേണ്ടി കോടന്നൂർ ഭാഗത്തേക്ക് മനു എത്തിയിരുന്നു. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്ന മൂന്നുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. നടുറോഡിൽ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. ഹോക്കി സ്റ്റിക് കൊണ്ടായിരുന്നു മർദിച്ചത്. ബോധം നഷ്ടപ്പെട്ട മനു സംഭവ സ്ഥലത്തുവെച്ച് തന്നെ മനു മരിച്ചു. അതിന് ശേഷം അവർ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങി.

മണികണ്ഠൻ രണ്ട് കൊലപാതക കേസുകളിൽ പ്രതിയാണ്. ഇയാളെ കാപ്പ കുറ്റം ചുമത്തി നാടുകടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ വീണ്ടും ഒരു കൊലപാതകം കൂടി നടത്തിയിരിക്കുന്നത്. ചേർപ്പ് പൊലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഇരിഞ്ഞാലക്കുട ഡി.വൈ.എസ്‌പി. ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.