- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവു ചെടി നട്ടത് ചെടിച്ചട്ടിയിൽ; അടുക്കളയിൽ നട്ടു നടച്ചു പരിപാലിക്കൽ; വായു സഞ്ചാരത്തിന് എക്‌സോസ്റ്റ് ഫാനും വെളിച്ചത്തിന് എൽഇഡി.ലൈറ്റുകളും ഘടിപ്പിച്ചു; കാക്കാനാട്ടെ ഫ്ളാറ്റിൽ വളർത്തിയ കഞ്ചാവു ചെടിക്ക് ദമ്പതികൾ നൽകിയ പരിചരണം ഇങ്ങനെ
കാക്കനാട്: അടുക്കളയിൽ കഞ്ചാവ് വളർത്തിയ ദമ്പതികളെ കാക്കാനാട്ടു നിന്നും പൊലീസ് അറസ്റ്റു ചെയ്തത് ഇന്നലെയാണ്. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടിൽ അലൻ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ അപർണ (24) എന്നിവരാണ് നർക്കോട്ടിക് സെൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ളാറ്റിൽനിന്നാണ് ഇവർ പിടിയിലായത്. മൂന്നുനിലയുള്ള അപ്പാർട്ട്‌മെന്റിലെ ഫ്ളാറ്റിൽ ഒരു റൂമും അടുക്കളയും ഹാളുമാണുള്ളത്. അടുക്കളയിലാണ് കഞ്ചാവ് ചെടി നട്ടുവളർത്തിയത്. വലിയ തോതിലുള്ള പരിചരണം തന്നെയാണ് കഞ്ചാവിന് ഇവർ നൽകിയത്. ഒന്നരമീറ്റർ ഉയരവും നാല് മാസം പ്രായവുമുള്ള ചെടിയാണ് കണ്ടെത്തിയത്.
ഫ്ളാറ്റിൽ ലഹരി ഉപയോഗം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാൻ എൽ.ഇ.ഡി. ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും ഘടിപ്പിച്ച നിലയിലായിരുന്നു. അങ്ങനെ കഞ്ചാവു ചെടി എളുപ്പത്തിൽ വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും അവർ ഒരുക്കി നൽകി. ചെടിച്ചട്ടിയിലാിരുന്നു കഞ്ചാവു ചെടി വളർത്തിയത്.
പരിശോധനയ്ക്കിടെ താഴെയുള്ള ഫ്ളാറ്റിൽനിന്ന് മറ്റൊരു യുവാവിനെ കൂടി കഞ്ചാവ് കൈവശം വെച്ചതിന് പൊലീസ് പിടികൂടി. പത്തനംതിട്ട കണ്ടത്തിൽ വീട്ടിൽ അമൽ (28) ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിയാക്കുന്നതിനാണ് ഇയാളെ വിളിച്ചുവരുത്തിയത്.
പരിശോധനയിൽ വസ്ത്രത്തിനുള്ളിൽനിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. ശശിധരന്റെ നിർദ്ദേശപ്രകാരം ഇൻഫോപാർക്ക് സിഐ. വിപിൻ ദാസ്, എസ്‌ഐ. െജയിംസ് ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മറുനാടന് മലയാളി ബ്യൂറോ