- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശരീരമാകെ വരഞ്ഞത് 'പുനർജ്ജനിയുടെ' ഭാഗമായോ?
തിരുവനന്തപുരം: എന്തായിരിക്കാം മൂവരും ഒരുമിച്ച് മരണത്തെ വരിക്കാനുള്ള കാരണം? തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപിക ആര്യയും, സുഹൃത്തുക്കളായ ദമ്പതിമാർ നവീനും ദേവിയും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതിലെ ദുരൂഹത ഇനിയും നീങ്ങിയില്ല. അരുണാചൽ പൊലീസും, കേരള പൊലീസും, ബന്ധുക്കളും, നാട്ടുകാരും എല്ലാം പറയുന്ന കാര്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ ചില പ്രത്യേക വിശ്വാസങ്ങളാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് എത്തിച്ചേരാവുന്നത്. ബ്ലാക്ക് മാജിക് ആണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുമില്ല.
ബ്ലാക് മാജിക് സ്വാധീനിച്ചോ?
കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വ്യാജ അക്കൗണ്ടിൽ ഇവരെ ബ്ലാക് മാജിക്കിനായി സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് സംശയം. മരണാനന്തര ജീവിതത്തിൽ മൂന്ന് പേരും വിശ്വസിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. മരിക്കാൻ അരുണാചൽ എന്തുകൊണ്ട് തിരഞ്ഞെടുത്തുവെന്നും പൊലീസ് അന്വേഷിക്കും.
കൂടുതൽ അന്വേഷണത്തിനായി ഇറ്റാനഗറിലേക്ക് വട്ടിയൂക്കാവ് പൊലീസും ബന്ധുക്കൾക്കൊപ്പം പോകും. ദമ്പതിമാരുടെയും സുഹൃത്തിന്റെയും മരണകാരണം ബ്ലാക്ക് മാജിക്ക് ആണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനായിട്ടില്ലെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറയുന്നത്. എന്നാൽ മരണം അസ്വാഭാവികമായാണ് തോന്നുന്നത്. ആത്മഹത്യയെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്നും കമ്മീഷണർ പറഞ്ഞു. മരിക്കാൻ എന്തുകൊണ്ട് അരുണാചൽ തെരഞ്ഞെടുത്തുവെന്ന് അന്വേഷിക്കുമെന്നും മൊബെൽ ഫോൺ അടക്കം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം മൂന്ന് പേരും ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ വിശദാംശങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അരുണാചൽ പൊലീസ് പറയുന്നത്
സംഭവത്തിൽ മൂവരും തമ്മിൽ മൽപ്പിടുത്തമുണ്ടായ ലക്ഷണങ്ങളില്ലെന്ന് അരുണാചൽ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഹോട്ടൽ മുറിക്ക് പുറത്ത് ഇവരെ കണ്ടിരുന്നില്ല. നവീന്റെ ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പാണ് മുറിയെടുക്കുന്നതിനായി ഹോട്ടലിൽ ഇവർ നൽകിയത്. ഹോട്ടലുകാരാരും ഇവരെ തിങ്കളാഴ്ച കണ്ടിട്ടില്ല. മൃതദേഹങ്ങൾക്കരികെ ബ്ലേഡും മദ്യക്കുപ്പികളുണ്ടായിരുന്നു. ബ്ലേഡ് ഞെരമ്പ് മുറിക്കാനുപയോഗിച്ചതാകാമെന്നാണ് നിഗമനം. ഫോറൻസിക് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചാലേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ.
ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 'ഒരു കടവുമില്ല, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല' എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. 'ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു' എന്നെഴുതി മൂവരും കുറിപ്പിൽ ഒപ്പിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.
ബന്ധുക്കൾ പറയുന്നത്
മൂന്ന് പേരും ബ്ലാക്ക് മാജിക് വലയിൽ വീണുപോയതായി സംശയിക്കുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. മരിച്ച ദമ്പതിമാർ ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി എന്ന് സംശയിക്കുന്നതായി സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു്. മരിച്ച ദേവിയുടെ ബന്ധുവാണ് സൂര്യ കൃഷ്ണമൂർത്തി. പുനർജ്ജനി എന്ന ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു ഇവർ. മരണാനന്തര ജീവിതത്തിലായിരുന്നു വിശ്വാസം.
തിരുവനന്തപുരം പേരൂർക്കട-വട്ടിയൂർക്കാവ് റോഡിലെ മേലത്തു മേലെയാണ് ആര്യ ബി നായരുടെ വീട്. മെയ് ആറിന് മറൈൻ എഞ്ചിനിയറുമായി വിവാഹം നിശ്ചയിച്ചിരുന്നതാണ്. ഇതിനിടെയാണ് ഇടവക്കോട്ടെ ചെമ്പക സ്‌കൂളിൽ പോയ ആര്യയെ കാണാതായത്. രാവിലെ ഏഴു മണിക്ക് സ്‌കൂളിലേക്ക് പോയ അദ്ധ്യാപിക രാത്രിയും തിരിച്ചു വന്നില്ല. ഇതോടെ അച്ഛൻ പരാതിയുമായി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. പിന്നാലെ ആര്യയുടെ സുഹൃത്തുക്കളായ നവീനും ദേവിയും കാണാതായ കാര്യം അറിഞ്ഞു. അരുണാചലിലേക്ക് വിമാനത്തിൽ പോയെന്ന സൂചന പൊലീസിന് കിട്ടി. ഇതിനിടെയാണ് മരണ വാർത്ത എത്തിയത്.
'മരിച്ച രണ്ട് പേരും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി എന്നുള്ളതാണ്. മരിച്ച മൂന്നുപേരും മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. മരിച്ച ഒരു കുട്ടിയുടെ കല്യാണം അടുത്ത മാസം നടക്കേണ്ടതാണ്. ഇത്രയും എജ്യൂക്കേറ്റഡ് ആയ മനുഷ്യർ ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണു എന്നുള്ളത് വളരെ സീരിയസായി കാണേണ്ട വിഷയമാണ്. ഇനിയൊരാൾക്ക് കൂടി ഇങ്ങനെയൊരു അനുഭവം വരാതിരിക്കാനുള്ള ബോധവത്കരണം ഈ സംഭവത്തിലൂടെ ഉണ്ടാകണമെന്നാണ് എനിക്ക് തോന്നുന്നത്." സൂര്യ കൃഷ്ണമൂർത്തി വിശദീകരിച്ചത് ഇങ്ങനെയാണ്.
നാട്ടുകാർ പറയുന്നത്
മാർച്ച് 17നാണ് കോട്ടയത്തെ വീട്ടിൽനിന്ന് പോയതെന്ന് നാട്ടുകാർ പറയുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ആരോടും പറഞ്ഞിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. മന്ത്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയിൽ ഇരുവരും അംഗങ്ങളായിരുന്നെന്നും നാട്ടുകാർ പറയുന്നു.
"13 വർഷമായി ഇരുവരും വിവാഹിതരായിട്ട്. തിരുവനന്തപുരത്താണു സ്ഥിരതാമസം. രണ്ടു പേരും ആയുർവേദ ഡോക്ടർമാരായിരുന്നു. തിരുവനന്തപുരത്ത് ക്ലിനിക്കൊക്കെയായി ജോലി നോക്കുകയായിരുന്നു. കുറച്ചുനാളായി ജോലിയൊന്നും ഇല്ലാതെ ഇരുവരും ഇവിടെ വീട്ടിൽ നിൽക്കുകയായിരുന്നു. നവീന്റെ മാതാവും പിതാവും തിരുവനന്തപുരത്ത് ജോലി ചെയ്തതിനാൽ ചെറുപ്പം മുതൽ നവീനും തിരുവനന്തപുരത്തായിരുന്നു. അവിടെ ആയുർവേദ കോളജിലാണു നവീൻ പഠിച്ചത്. അവിടെവച്ചാണ് ദേവിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്.
13 വർഷമായി വിവാഹം കഴിഞ്ഞെങ്കിലും കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ആ ഒരു രീതിയിലേക്ക് ഇവരുടെ മനസ്സ് മാറിയിരുന്നു. ആ സംഘടന വഴിയാണ് ഇവർ അരുണാചലിലേക്കു പോയതെന്നാണു പറയുന്നത്. ദേഹം മുഴുവൻ വരഞ്ഞ് മുറിച്ച് രക്തം വാർന്നാണു മരിച്ചതെന്നാണു പറയുന്നത്. ആ ഒരു രീതിയിലേക്ക് ഇവരുടെ മനസ്സിനെ മാറ്റിക്കാണും." നാട്ടുകാർ പറയുന്നു.
മരിച്ച നവീനും ഭാര്യ ദേവിയും പുനർജനിയിലെ അംഗങ്ങളായിരുന്നുവെന്ന് അയൽവാസി ഐപ്പും മാധ്യമങ്ങളോട് പറഞ്ഞു. പുനർജനി എന്നൊരു സംഘടനയുണ്ട്. അത് ഒരു സാത്താൻസേവയോ അങ്ങനെ ഏതാണ്ടാണ്. അതിലെ അംഗങ്ങളാണ് ഇവർ. ആ സംഘടന വഴിയാണ് ഇവർ അരുണാചലിൽ പോയിരിക്കുന്നത്. ഇവരുടെ കൂടെ ഭാര്യയുടെ കൂട്ടുകാരിയുമുണ്ട്. ആ ഒരു സംഘടനയിൽ പോയിട്ട് ഇവരുടെ മനസ്സ് മാറുകയോ എന്തോ സംഭവിച്ചിട്ടുണ്ട്., ഐപ്പ് പറഞ്ഞു.
ഇവരുടെ മൃതദേഹങ്ങളിൽ വരഞ്ഞ രീതിയിൽ മുറിവുകളുണ്ടായിരുന്നെന്ന് മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം പറഞ്ഞു. സുഹൃത്ത് വിളിച്ച് പറഞ്ഞതോടെയാണ് കാര്യം അറിയുന്നത്. മരിച്ച വ്യക്തിയെ അത്ര പരിചയമില്ലെങ്കിലും കുടുംബവുമായി നല്ല അടുപ്പത്തിലാണ്. ശരീരമാകെ വരഞ്ഞിരിക്കുകയാണ്. പുനർജനിയുടെ ഭാഗമായിട്ട് വരഞ്ഞതാണെന്നാണ് നിലവിൽ അറിഞ്ഞിരിക്കുന്നത്. അങ്ങനെ രക്തം വാർന്നാണ് മരിച്ചിരിക്കുന്നത്. എത്ര ദിവസമായി മരിച്ചിട്ടെന്ന് ഒരു അറിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നവീന്റെ പിതാവും മാതാവുമാണ് ഇപ്പോൾ കോട്ടയത്തെ വീട്ടിലുള്ളത്. പിതാവ് എൻ.എ.തോമസ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. മാതാവ് കേരള ഫിനാൻഷ്യൽ കോർപറേഷൻ മാനേജരായിരുന്നു. ഒരു സഹോദരിയും നവീനുണ്ട്. മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അദ്ധ്യാപികയുമായ ആര്യ (29) എന്നിവരെയാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തിവരവേയാണ്, കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവരുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്.