- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഈസ്റ്റർ ദിനത്തിൽ സിറോയിൽ വച്ച് സാത്താൻ സേവ?
തിരുവനന്തപുരം: ആത്മഹത്യയിലൂടെ പുനർജന്മം, മരണശേഷം ശുഭജീവിതം, കുപ്രസിദ്ധ പ്രതി കേഡൽ പരീക്ഷിച്ച ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ, ബ്‌ളാക് മാജിക് എന്നിങ്ങനെ വലിയൊരു സമാന്തര ലോകം ടെലിഗ്രാം ഗ്രൂപ്പുകളിലും മറ്റും സജീവമാണ്. കെണിയിൽ പെട്ടുപോയാൽ തിരിച്ചുവരവ് എളുപ്പമല്ല എന്ന് സൂചിപ്പിക്കുന്നതാണ് പല സംഭവങ്ങളും.
അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ മൂവർ സംഘവും സാത്താൻ സേവയോ, ആഭിചാര ക്രിയയോ ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണവും നീങ്ങുന്നത്. മരണത്തിന് തിരഞ്ഞെടുത്ത സ്ഥലം, ദിവസം ഇതെല്ലാം വിവിധ സൂചനകൾ നൽകുന്നു. പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളുമായി ബന്ധപ്പെട്ടാണ് ആര്യയും, സുഹൃത്തുക്കളായ ദമ്പതികൾ നവീനും ദേവിയും അരുണാചലിലെ ഉൾഗ്രാമമായ 'സിറോ'യിൽ എത്തുന്നത്. ഈസ്റ്റർ ദിനത്തിൽ ഇവർ സാത്താൻസേവ നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. നവീനും ദേവിയും ഒന്നര വർഷം മുൻപും അരുണാചൽ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവരുടെ യാത്രാവിവരം കണ്ടെത്തിയത്. പ്രദേശത്ത് സാത്താൻ സേവയോ ബ്ലാക്ക് മാജിക്കോ നടത്തുന്ന സംഘങ്ങളുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.
ആര്യ സുഹൃത്തുക്കൾക്കയച്ച ഇമെയിൽ സന്ദേശങ്ങൾ പരിശോധിക്കുമെന്ന് ഡിസിപി നിതിൻ രാജ് പറഞ്ഞു. ആര്യ സുഹൃത്തുക്കൾക്ക് രഹസ്യ കോഡുള്ള ഒരു ഇമെയിൽ സന്ദേശം അയച്ചിരുന്നു. ഇതാണ് പരിശോധിക്കുന്നതെന്ന് ഡിസിപി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണപ്പെട്ടവരുടെ ഇമെയിൽ സന്ദേശങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ ഇമെയിലിന് പുറകിൽ ചില സംശയാസ്പദമായ കാര്യങ്ങൾ നോട്ട് ചെയ്തിട്ടുണ്ട്. ആ സന്ദേശത്തിന്റെ ഓരോ ഭാഗങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മരണപ്പെട്ടവർ തമ്മിലാണോ ഇമെയിൽ കമ്മ്യൂണിക്കേഷൻ നടത്തിയിട്ടുള്ളത് എന്ന് പരിശോധിക്കും.
പ്രത്യക്ഷമായി അവരുടെ പേരുകളല്ല ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും പ്രോക്‌സി സെർവർ ഉപയോഗിച്ചാണോ കമ്മ്യൂണിക്കേഷൻ നടത്തിയിട്ടുള്ളത് എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. 2021ലെ ഇമെയിൽ സന്ദേശങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അരുണാചൽ പ്രദേശിലുള്ള ഡിജിറ്റൽ ഡിവൈസ് ഉൾപ്പടെ പൊലീസ് സീസ് ചെയ്ത് ഹാൻഡ് ഓവർ ചെയ്യണം. അത് പരിശോധിച്ചാൽ മാത്രമേ അടുത്തിടെ നടന്ന കമ്മ്യൂണിക്കേഷൻ എന്തൊക്കെയാണെന്ന് നമുക്ക് പറയാൻ സാധിക്കുകയുള്ളൂ'- ഡിസിപി പറഞ്ഞു. ആര്യ അന്യഗ്രഹ ജീവിതത്തെക്കുറിച്ച് ചില ഇമെയിൽ സന്ദേശങ്ങൾ അയച്ചെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
മരണാനന്തര ജീവിതം, അന്യഗ്രഹ ജീവിതം എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ ആദ്യം പഠിച്ചത് നവീൻ തോമസായിരുന്നു. പിന്നീട് മറ്റു രണ്ടുപേരെയും ഇതിലേക്ക് കൂട്ടികൊണ്ടുവന്നു എന്നാണ് വിവരം.മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ഒരുപ്ലേറ്റിൽ തലമുടിയും കറുത്തവളകളും കണ്ടെത്തി. ഈ തെളിവുകളും ചോര വാർന്നുപോയുള്ള മരണത്തിനായി സ്വീകരിച്ച രീതികളും കോർത്തിണക്കിയാണ് സാത്താൻസേവയാണെന്ന സംശയത്തിൽ പൊലീസ് എത്തിയത്. ഇവർ ഇതിനായി തിരഞ്ഞെടുത്ത ദിവസങ്ങളും സംശയം ബലപ്പെടുത്തുന്നു.
മരണസമയത്ത് ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു. ഇത് ആഭിചാരക്രിയയുടെ ഭാഗമായാണ് എന്നു പൊലീസ് സംശയിക്കുന്നു. മുറിയിൽ ആഭിചാരക്രിയ നടത്തുമ്പോൾ അണിഞ്ഞ ആഭരണങ്ങളിൽ ഒന്നാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്. ശരീരത്തിൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ച മൂന്ന് സ്റ്റെയിൻലെസ് സ്റ്റീൽ റേസർ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകൾ ഉപയോഗിച്ചാണു മുറിവ് ഉണ്ടാക്കിയിരിക്കുന്നത്. ഇതും ആഭിചാര ക്രിയ നടന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്.
ദേവിയുടെ അച്ഛൻ ബാലൻ മാധവനുമായി പൊലീസ് സംസാരിച്ചപ്പോൾ ദേവിയും, നവീനും ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേർന്നു പ്രവർത്തിച്ചിരുന്നുവെന്നും അതു വീട്ടുകാർ വിലക്കിയിരുന്നതായും വ്യക്തമായി. ദേവിയുടെ വീട്ടുകാർക്കു കൂടുതൽ കാര്യങ്ങൾ അറിയാമെന്നും പൊലീസ് കരുതുന്നു. പ്രശസ്ത വൈൽഡി ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ രണ്ടുദിവസം മുമ്പ് ഫേസ്‌ബുക്കിൽ പോസ്റ്റുകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
അതേസമയം മൂവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (39) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ആര്യയുടെയും ദേവിയുടെയും മൃതദേഹം തിരുവനന്തപുരത്തെ വീടുകളിലും നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലുമാണ് എത്തിക്കുക.
നവീന്റെ സംസ്‌കാരച്ചടങ്ങ് നാളെയായിരിക്കും നടത്തുന്നതെന്ന് കുടുംബം അറിയിച്ചു. വിമാന മാർഗത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്.ഏപ്രിൽ രണ്ടിന് ഇറ്റാനഗറിലെ ഹോട്ടൽ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 27നാണ് മൂവരും അരുണാചലിലേക്ക് പോയത്. ഇറ്റാനഗറിൽ നിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂന്നുപേരുടെയും മരണം.