തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും അരുണാചലിൽ ഇറ്റാനഗറിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് അദ്ധ്യാപികയായ ആര്യ എന്നിവരെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പ് മൃതദേഹത്തിന് അരികിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മാർച്ച് 17 നാണ് നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാർച്ച് 28 നാണ് ഇവർ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. ഇരുവർക്കും കുട്ടികളില്ല. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവർ പിതാവിനോട് പറഞ്ഞത്. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്കും ദേവി ജർമ്മൻ ഭാഷ അദ്ധ്യാപനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

ഇവർ താമസിച്ചിരുന്ന മുറിയിൽ ബന്ധുക്കളെ വിളിക്കാനുള്ള നമ്പർ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറ്റാനഗർ പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്നാണ് ബന്ധുക്കൾ ഇവരുടെ മരണ വിവരം അറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇറ്റാനഗർ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്.

ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാർച്ച് മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇതേ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കവേയാണ് അരുണാചലിൽ മരിച്ച വിവരം ലഭിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു ആര്യ. ഈ മാസം 27 ന് വീട്ടുകാരോടൊന്നും പറയാതെ ഇവർ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചു. സംഭവത്തിൽ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തിരുന്നു.

പൊലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭർത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്ന് മനസിലായത്.

ഇവർ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇവർ ഇന്റർനെറ്റിൽ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജർമ്മൻ ഭാഷ പഠിപ്പിച്ചിരുന്ന അദ്ധ്യാപികയായിരുന്നു ദേവി. ഇവർ അടുത്ത സുഹൃത്തുക്കളുമായിരുന്നു. കോവിഡിനു ശേഷം ദേവി കോളജിലെത്തിയിരുന്നില്ലെങ്കിലും ഇരുവരും തമ്മിൽ ഫോണിൽ സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

മൂവരും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളിൽ നിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായതെന്നാണ് പുറത്തുവരുന്ന വിവവരം. ശരീരത്തിൽ വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് എല്ലാവരുടെയും മരണം. മരണ കാരണം വ്യക്തമല്ല.

ഇവർ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളിൽ ഉൾപ്പെടെ തിരഞ്ഞതായി അന്വേഷണ ഘട്ടത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. നവീൻ, ദേവി എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. വിനോദയാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. അതിനാൽ ഇവരെക്കുറിച്ച് ബന്ധുക്കൾക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല.