മലപ്പുറം: ഓൺലൈൻ മാട്രിമോണി വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർചെയ്ത് സ്ത്രീകളുമായി അടുപ്പത്തിലായി പണവും സ്വർണവും വാങ്ങി മുങ്ങിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40)വിനെയാണ് മലപ്പുറം വനിതാ പൊലീസ് അറസ്റ്റുചെയ്തത്. രണ്ടു സ്ത്രീകളാണ് ഇയാൾക്കെതിരേ പരാതി നൽകിയിട്ടുള്ളത്. ഇവരെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

ഒരു പരാതിക്കാരിയിൽനിന്ന് 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളിൽനിന്ന് 10 ലക്ഷവും ആറുപവനും ഇയാൾ കൈക്കലാക്കിയെന്നാണ് പരാതി. ഒട്ടേറെപ്പേരെ സമാനരീതിയിൽ വഞ്ചിച്ചിട്ടുണ്ടെന്ന് പരാതിക്കാർ പറഞ്ഞു.തട്ടിപ്പിന്റെ രീതി ഇങ്ങനെ വെബ്സൈറ്റിൽ നിന്ന് സൗഹൃദത്തിലാവുന്ന സ്ത്രീകളുടെ വീട്ടിൽ കല്യാണ ആലോചനയുമായി ചെന്ന് വീട്ടുകാരുമായും പ്രതി ബന്ധം സ്ഥാപിക്കും. എറണാകുളത്ത് താമസിക്കുന്ന സഞ്ജു അവിടെയുള്ളവരെയാണ് വലയിലാക്കിയത്.

പല രീതികളിലാണ് സ്ത്രീകളുമായി വിശ്വാസം സ്ഥാപിക്കുക. വിവാഹവസ്ത്രം വാങ്ങിക്കൊടുത്തും കല്യാണക്കത്ത് തയ്യാറാക്കിയും വിശ്വാസം പിടിച്ചുപറ്റും. കല്യാണം രജിസ്റ്റർചെയ്യാനുള്ള രേഖകൾ വാങ്ങുക, ഓഡിറ്റോറിയം ബുക്ക് ചെയ്യുക തുടങ്ങിയവയും ചെയ്യും. പിന്നീട് ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറും.ജോലിയില്ലാത്ത പ്രതി സ്ത്രീകളെ കബളിപ്പിച്ച് സ്വന്തമാക്കുന്ന പണംകൊണ്ടാണ് ജീവിക്കുന്നത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ നിർദ്ദേശപ്രകാരം സിഐ. റസിയ ബംഗാളത്ത്, എസ്‌ഐ. എം.കെ. ഇന്ദിരാമണി, എസ്.എച്ച്.ഒ. പി.എം. സന്ധ്യാദേവി എന്നിവർ മലപ്പുറം പൊലീസിന്റെ സഹായത്തോടെ എറണാകുളത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.