- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തി വോട്ട് മാറിച്ചെയ്തുവെന്ന് എഫ്ഐആർ
പത്തനംതിട്ട: മരിച്ചു പോയ ആളുടെ പേരിൽ മറ്റൊരാൾക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയ പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഷഡ് ചെയ്തതിന് പിന്നാലെ ബൂത്ത് ലെവൽ ഓഫീസർ, കോൺഗ്രസിന്റെ പഞ്ചായത്തംഗം എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേസെടുത്തു.
ആറന്മുള അസംബ്ലി മണ്ഡലത്തിൽ 144ാം നമ്പർ ബൂത്തിൽ ജോർജിന്റെ ഭാര്യ അന്നമ്മയുടെ (സീനിയർ സിറ്റിസൺ) വോട്ട് ഹോം വോട്ടിങ് നടപടിയിൽ തെറ്റായി ചെയ്ത സംഭവത്തിലാണ് ബി.എൽ.ഓ പി. അമ്പിളി, മെഴുവേലി പഞ്ചായത്ത് ഒന്നാം വാർഡംഗം സി.എസ്. ശുഭാനന്ദൻ എന്നിവർക്കെതിരേ ഇലവുംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടു പേരും ചേർന്ന് മറ്റ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടത്തിന് സഹായിച്ചുവെന്നാണ് എഫ്ഐആർ. ജനപ്രാതിനിധ്യ നിയമത്തിലെ 134 വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തിരിക്കുന്നത്. ആറന്മുള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) ഇമെയിലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സംഭവത്തിൽ സ്പെഷ്യൽ പോൾ ഓഫീസർമാരായ എ. ദീപ (കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്), കല എസ്. തോമസ് ( മണ്ണങ്കരചിറ ജി.യു.പി.എസ്) ബൂത്ത് ലെവൽ ഓഫീസർ പി. അമ്പിളി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മരണപ്പെട്ട അന്നമ്മയുടെ വോട്ട് തെറ്റായി മാത്യൂവിന്റെ ഭാര്യ അന്നമ്മ ചെയിതിരുന്നു. ഇവരുടെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും വരണാധികാരിയായ കലക്ടർ അറിയിച്ചു.
ആറന്മുള മണ്ഡലത്തിലെ കാരിത്തോട്ട 144-ാം നമ്പർ ബൂത്തിൽ ആറു വർഷം മുൻപ് മരിച്ചു പോയ അന്നമ്മ(94) എന്നയാളുടെ വോട്ട് ഇവരുടെ മരുമകളും കിടപ്പു രോഗിയുമായ അന്നമ്മ(66)യ്ക്ക് ചെയ്യാൻ അവസരം കൊടുത്തതിനെ തുടർന്നാണ് നടപടി. ഇവരുടെ വിശദീകരണം കേട്ടതിന് ശേഷമാണ് സസ്പെൻഷൻ. തങ്ങൾക്ക് പറ്റിയ പിഴവാണ് വോട്ട് മാറാൻ കാരണമെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചിട്ടുണ്ട്. ചെയ്ത വോട്ടും റദ്ദാക്കി. കള്ളവോട്ട് ആരോപണം ഉന്നയിച്ച് എൽ.ഡി.എഫ് ബൂത്ത് കമ്മറ്റി സെക്രട്ടറി ജയ നൽകിയ പരാതിയിലാണ് വരണാധികാരി അന്വേഷണത്തിന് ഉത്തരവിട്ടത്.
ആറു വർഷം മുൻപ് മരിച്ചു പോയ അന്നമ്മയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് നീക്കിയിരുന്നില്ല. ഇവരുടെ ക്രമനമ്പർ 874 ആണ്. അന്നമ്മ ജോർജ് എന്നാണ് ഇവരുടെ പേര്. കിടപ്പുരോഗിയായ മരുമകളുടെ ക്രമനമ്പർ 876 ആണ്. അന്നമ്മ മാത്യു എന്നാണ് ഇവരുടെ പേര്. കിടപ്പുരോഗിയായ അന്നമ്മയ്ക്കുള്ള വോട്ടിന് പകരം ക്രമനമ്പർ 874 ഉള്ള അന്നമ്മയുടെ പേരാണ് സ്ലിപ്പിലും രേഖകളിലും എഴുതിയതും വോട്ട് ചെയ്യാൻ അനുവദിച്ചതും. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് വലിയ വീഴ്ചയ്ക്ക് കാരണമായത്. എൽ.ഡി.എഫ് കള്ളവോട്ട് ആരോപിച്ചാണ് പരാതി കൊടുത്തിരുന്നത്.