കോട്ടയം: മോഷണം പോയ സ്മാർട്ട്‌ഫോൺ അഞ്ച് ചെറുപ്പക്കാർ ചേർന്ന് സ്വന്തമായി കണ്ടെത്തിയ സംഭവത്തിൽ മോഷ്ടാവ് പൊലീസിന്റെ പിടിയിൽ. കോട്ടയം പനയക്കഴിപ്പ് തലവനാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ വീട്ടിൽ ഭിക്ഷക്കാരനെന്ന വ്യാജേന വെള്ളം ചോദിച്ചെത്തി വിലകൂടിയ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ കോട്ടയം കുറിച്ചി തെക്കേപ്പറമ്പിൽ വീട്ടിൽ ബിനു തമ്പി (32) യെയാണ് ചിങ്ങവനം പൊലീസ് ഇൻസ്‌പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

മോഷ്ടിച്ചെടുത്ത ഏഴു ഫോണുകളും ഒരു ഐപാഡും ഇയാളുടെ കൈയിൽ നിന്നും കണ്ടെടുത്തു. വീടുകളിൽ സ്ഥിരമായി തീർത്ഥാടനത്തിന്റെ പേരിൽ ഭിക്ഷ യാചിച്ചുചെല്ലുകയും വീട്ടുകാരുടെ ശ്രദ്ധമാറുമ്പോൾ അവിടെയുള്ള ഫോണുകൾ മോഷ്ടിക്കുകയുമാണ് പ്രതിയുടെ രീതി. ഇത്തരത്തിൽ ജില്ലയിൽ വിവിധസ്ഥലങ്ങളിൽ നിരവധി വീടുകളിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്ടിച്ചതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തയെന്ന് പൊലീസ് പറഞ്ഞു.

മോഷ്ടിച്ചെടുത്ത ഫോൺ ഉടമയുടെ ചെറുമകനും സുഹൃത്തുക്കളും ചേർന്ന് സ്വന്തംനിലയിൽ കണ്ടെത്തിയത് മാതൃഭൂമി വാർത്തയാക്കിയിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശത്തെത്തുടർന്ന് മോഷ്ടാക്കളെ പിടികൂടുന്നതിനായി ജില്ലയിലുടനീളം നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.

കുറിച്ചിയിലെ ആൾപ്പാർപ്പില്ലാത്ത പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന്റെ മൂലയിൽനിന്ന് ഒളിപ്പിച്ചുവച്ച നിലയിൽ വേറെയും ഫോണുകൾ കണ്ടെത്തി ഇവർ പൊലീസിന് കൈമാറിയിരുന്നു. ഇയാൾക്കെതിരെ നേരത്തെ മോഷണ കേസുകളും, മയക്കുമരുന്ന് ഉപയോഗിച്ച കേസുകളും രജിസ്റ്റർ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

എസ്‌ഐ. അനീഷ് കുമാർ എം, സി.പി.ഒ.മാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ, പ്രകാശ്, മഹേഷ് മോഹൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കോട്ടയം ജുഡീഷ്യൽ മജ്‌സേട്രേറ്റ് കോടതി (മൂന്ന്)യിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു