- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുരാവസ്തു തട്ടിപ്പ് കേസിൽ 10 കോടിയുടെ രേഖകൾ മറ്റന്നാൾ ഹാജരാക്കണം
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. പരാതിക്കാരനായ യാക്കൂബിന് ക്രൈംബ്രാഞ്ച് നോട്ടീസ്. മോൺസൻ മാവുങ്കലിന് നൽകിയ പത്തു കോടിയുടെ രേഖകൾ മറ്റന്നാൾ ഹാജരാക്കണമെന്ന് കാണിച്ചാണ് പരാതിക്കാരനായ യാക്കൂബിന് നോട്ടീസ് നൽകിയത്. ഏഴ് കോടിയിലധികം വരുന്ന കള്ളപ്പണമാണ് പരാതിക്കാർ നൽകിയതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. എന്നാൽ കൃത്യമായ രേഖകളുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌പി വൈ-.ആർ റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. അന്വേഷണം വേഗത്തിലാക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. കേസിലെ പരാതിക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. വിജിലൻസ് ഡിവൈഎസ്‌പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണ ചുമതല. അന്വേഷണം വേഗത്തിലാക്കാൻ റസ്റ്റം 1.25 ലക്ഷം വാങ്ങിയെന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
അതിനിടെ, കൈക്കൂലി വാങ്ങിയെന്ന പരാതിയിലുള്ള വിജിലൻസ് അന്വേഷണത്തിൽ റസ്റ്റം പ്രതികരിച്ചു. താൻ അന്വേഷണം തുടങ്ങുന്നതിനുമുൻപേ കൈക്കൂലി തന്നുവെന്നാണ് ആരോപണം. പോക്‌സോ കേസിലെ ഇരയ്ക്ക് പരാതിക്കാരാണ് പണം നൽകിയത്. 10 കോടി മോൻസന് നൽകിയെന്നാണ് പരാതിക്കാർ പറയുന്നത്. എന്നാൽ, ബാങ്ക് രേഖയിൽ രണ്ടു കോടി മാത്രമാണ് നൽകിയിരിക്കുന്നത്. ഇരയായ പെൺകുട്ടിയുടെ സഹോദരന് അഞ്ചു ലക്ഷം രൂപ നൽകി സ്വാധീനിക്കാൻ ശ്രമിച്ചു. ഇതു ചോദ്യംചെയ്തതാണു തനിക്കെതിരെയുള്ള കള്ളപ്പരാതിയുടെ കാരണമെന്നും റസ്റ്റം പറഞ്ഞു.
പരാതിക്കാർ മോൻസണിന് കൈമാറിയ 10 കോടി രൂപയിൽ 7.90 കോടിയും ഹവാല പണമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്നാണ് ഡി.വൈ.എസ്‌പി വൈ.ആർ റസ്റ്റം പറയുന്നത്. ഇക്കാര്യം ഇ.ഡിക്ക് റിപ്പോർട്ടായി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ചിൽ നിന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു.
10 കോടി രൂപ പരാതിക്കാർ മോൻസണിന് നൽകിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. ഇതിൽ 2.10 കോടി മാത്രമേ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയിട്ടുള്ളൂ. ബാക്കി തുക ഹവാലയാണ്.ഹവാല ഇടപാടിനെക്കുറിച്ച് ഇ.ഡിയോട് പറയരുതെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിരുന്നതായി വൈ.ആർ. റസ്റ്റം വെളിപ്പെടുത്തി.
മോൻസണിന്റെ മകനുമായി പരാതിക്കാരിൽ ഒരാളായ ഷെമീർ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും മറ്റൊരു പരാതിക്കാരനായ യാക്കൂബ് പണമിടപാട് സംബന്ധിച്ച് കൈമാറിയ ശബ്ദസന്ദേശവും തെളിവായുണ്ട്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. മോൻസൺ പ്രതിയായ പോക്‌സോ കേസിലെ ഇരയുടെ സഹോദരന് പരാതിക്കാർ അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തിരുന്നു. സഹോദരൻ ഇക്കാര്യം കോടതിയെയും പൊലീസിനെയും അറിയിച്ചതായും റസറ്റം പറഞ്ഞു.
കേസിൽ ഐ.ജി. ജി ലക്ഷ്മൺ, മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് ഉടൻ അനുബന്ധ കുറ്റപത്രം നൽകും. ആദ്യ കുറ്റപത്രത്തിൽ നിന്ന് ഇവരെ ഒഴിവാക്കിയതിനെതിരെ പരാതിക്കാർ രംഗത്ത് വന്നിരുന്നു.