- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ച് മനീഷ് കുട്ടികളെ കമ്പു കൊണ്ട് അടിച്ചു; ഒരു പെൺകുട്ടി അലറിവിളിച്ചു കൊണ്ട് ഓടി; ഭയന്ന് സ്തബ്ധരായി കൂടെ ഉണ്ടായിരുന്ന മറ്റു കുട്ടികളും; വെള്ളാണിക്കൽ പാറയിൽ നടന്നത് ഞെട്ടിക്കുന്ന ആക്രമണം; പ്രതിയെ അറസ്റ്റു ചെയ്തു വിട്ടയച്ചു; അയാൾ ഇനിയും കുട്ടികളെ ആക്രമിക്കുമെന്ന് ദൃശ്യം പകർത്തിയ ലക്ഷ്മി
തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറ കാണാനെത്തിയ സ്‌കൂൾ വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ച സംഭവം കേരളത്തെ നടുക്കുന്നു. സദാചാര ഗുണ്ടകളുടെ വിളയാട്ടമാണ് നടന്നത്. ഈ സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു വിട്ടയക്കുക മാത്രമാണ് ഉണ്ടായത. മർദ്ദനമേറ്റ വിദ്യാർത്ഥികൾ കൂടുതൽ പരാതിയുമായി മുന്നോട്ടു പോകാത്തതാണ് പ്രതി വീണ്ടു പൊതുനിരത്തിൽ വിലസൽ നടത്താൻ ഇടയാക്കിയത്.
സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന് ആരോപിച്ച് കമ്പു കൊണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ മർദിക്കുന്നതും കുട്ടികൾ നിലവിളിക്കുന്നതുമായ വിഡിയോ പുറത്തു വന്നു. കുട്ടികൾ സുഹൃത്തിന്റെ വീട്ടിലെത്തിയശേഷം പാറ കാണാനിറങ്ങിയതായിരുന്നു. കുട്ടികളെ മർദിച്ച ശ്രീനാരായണപുരം സ്വദേശി മനീഷിനെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്.
ഐപിസി 324, 341, 294 (ബി) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കുട്ടികളെ ഓടിച്ചിട്ടു മർദിച്ചിട്ടും ജാമ്യം കിട്ടുന്ന വകുപ്പുകളാണു ചുമത്തിയത്. പാറ കാണാനെത്തിയവരിൽ ചിലരാണു മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. ഈ മാസം ആദ്യമാണു സംഭവം നടന്നത്. റോഡിൽനിന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ സംഘത്തിനു നേർക്കു നാട്ടുകാരിൽ ചിലർ ആക്രോശിച്ച് അടുക്കുകയായിരുന്നു. എന്തിനാണ് ഇവിടെ നിൽക്കുന്നതെന്നു ചോദ്യം ചെയ്ത മനീഷ് കുട്ടികളെ കമ്പു കൊണ്ട് അടിക്കുന്നതും ഒരു പെൺകുട്ടി അലറിവിളിച്ചു കൊണ്ട് ഓടുന്നതും വിഡിയോയിൽ ഉണ്ട്. കൈകൊണ്ടും കുട്ടികളെ അടിക്കുന്നുണ്ട്.
വഴിയാത്രക്കാരനായ യുവാവ് പെൺകുട്ടികളെ മർദിച്ചതു ചോദ്യം ചെയ്തപ്പോൾ നീയാരാടാ ചോദിക്കാനെന്ന് നാട്ടുകാരിലൊരാൾ തിരിച്ചു പ്രതികരിക്കുന്നതും വിഡിയോയിലുണ്ട്. അതേമയം കുട്ടികളെ മർദ്ദിച്ചയാൾ സമൂഹത്തിൽ വീണ്ടുമിറങ്ങി നടക്കുന്നതറിഞ്ഞതിനെ തുടർന്നാണ് സദാചാര ഗുണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാമ് വീഡിയോ എടുത്ത ലക്ഷ്മി വ്യക്തമാക്കിയത്. നാളെയും കുട്ടികളും മുതിർന്നവരുമൊക്കെ അവിടെ വരും. ഇയാൾ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകൾ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കമെന്നും യുവതി പറയുന്നു.
സാദാചാര ഗുണ്ടകളുടെ ദൃശ്യൾ പുറത്തുവിട്ടത് ലക്ഷ്മിയും ഭർത്താവ് വിഷ്ണുവും ചേർന്നാണ്. അവിടെ ഒരു ഫോട്ടോഷൂട്ടിന് പോയപ്പോഴാണ് മർദ്ദന സംഭവം കണ്ടെതെന്നാണ് ലക്ഷ്മി പറഞ്ഞത്. ബഹളം കേട്ടാണ് ഞങ്ങൾ തിരിഞ്ഞുനോക്കിയത്. അപ്പോൾ ഒരാൾ കുട്ടികളുടെ കൂട്ടത്തിലുള്ള ഒരാൺകുട്ടിയുടെ കവിളിൽ ശക്തമായി അടിക്കുന്നതാണ് കണ്ടത്. അപ്പോൾ മൊബൈലിൽ വീഡിയോ ഓൺ ചെയ്ത് ഞങ്ങൾ അവർക്കടുത്തേക്ക് പോയി.
ഈ സമയത്തിനിടയിൽ അയാൾ വേറൊരു പെൺകുട്ടിയുടെ അടുത്തേക്ക് ചെന്ന് കമ്പ് ഒടിച്ചെടുത്ത് ആ കുട്ടിയെ അടിച്ചു. ആ കുട്ടി നന്നായി കരയുന്നുണ്ടായിരുന്നു, ഉച്ചത്തിൽ. ഇതിനിടെ കുറച്ചുകൂടി വലിയൊരു കമ്പെടുത്ത് വേറൊരു കുട്ടിയെ അടിച്ചു. ഞാനും ഭർത്താവും സുഹൃത്തുക്കളുമൊക്കെ ചേർന്നായിരുന്നു യാത്ര ചെയ്തിരുന്നത്. ഞങ്ങൾ ഉടൻ ആ സ്ഥലത്തെത്തി പ്രതികരിക്കുകയും അയാൾ ആക്രമിക്കുന്നത് നിർത്തുകയും ചെയ്തു.
നിങ്ങളെന്തിനാണ് ഇതിൽ ഇടപെടുന്നത്. ഞാനീ നാട്ടുകാരനാണ് എന്ന രീതിയിലാണ് അയാൾ അപ്പോൾ സംസാരിച്ചത്. പെൺകുട്ടികളുടെ ദേഹത്ത് തൊടാൻ പാടില്ല എന്നൊക്കെ പറഞ്ഞ് ഒച്ചവെച്ചപ്പോൾ അയാൾ അടങ്ങി. പൊലീസിനെ വിളിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞപ്പോൾ അയാളെ പിന്നെ കാണാൻ കഴിഞ്ഞില്ല. പിന്നെ പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി. ഞങ്ങളോട് സംസാരിച്ചു. അവർ കുട്ടികളെ ആക്രമിച്ച ആളെ കണ്ടെത്തി അന്നുതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്റ്റേഷനിൽ പോയി, ഞങ്ങളെ സാക്ഷികളാക്കി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സെപ്റ്റംബർ നാലിന് നടന്ന സംഭവമാണ്. പക്ഷെ അതിന്റെ വിവരങ്ങളോ അന്വേഷണങ്ങളോ സംബന്ധിച്ച് ഒന്നും പിന്നീട് ഞങ്ങൾ അറിഞ്ഞിരുന്നില്ല. പിന്നെ അന്വേഷിച്ചപ്പോഴാണ് പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്ന് അറിഞ്ഞത്.
പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നറിഞ്ഞതിനെ തുടർന്നാണ് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മാധ്യമങ്ങൾ വഴി അന്നെടുത്ത ദൃശ്യങ്ങൾ പുറത്തുവിടാൻ ഞങ്ങൾ തീരുമാനിച്ചത്. അയാൾ ഇപ്പോഴും അവിടെ സ്വതന്ത്രനായി നടക്കുന്നുണ്ട്. ഇനിയും കുട്ടികളവിടെ വരാം. നാലുപെൺകുട്ടികളാണ് ഉണ്ടായിരുന്നത്. രണ്ട് 13 വയസുകാരികളും ഇവരുടെ സഹോദരി 19 വയസുകാരിയും പിന്നെ ആറോ ഏഴോ വയസുള്ള ഒരു കുട്ടിയും പിന്നെ രണ്ട് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. പരസ്പരം അറിയുന്ന അടുത്തടുത്ത വീടുകളിലുള്ളവരാണ് ഇവരെന്നാണ് പറഞ്ഞത്. വീട്ടുകാർക്ക് പ്രശ്നമുണ്ടായാലും ഇല്ലെങ്കിലും കുട്ടികളെ ഇങ്ങനെ അടിക്കണ്ട ആവശ്യമില്ലല്ലോ. കമ്പ് വെട്ടി അടിക്കാൻ കുട്ടികൾ എന്ത് തെറ്റാണ് ചെയ്തത്. റോഡ് സൈഡിൽ വെച്ച് കുട്ടികളെ അടിക്കുന്നതാണ് ഞങ്ങൾ കാണുന്നത്. മറ്റൊന്നും ഞങ്ങൾ കണ്ടില്ല- ലക്ഷ്മി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ