തിരുവനന്തപുരം: മ്യൂസിയം ലൈംഗികാതിക്രമ കേസിലെ പ്രതി സന്തോഷ് കുമാറിനെതിരെ കൂടുതൽ പരാതികളിൽ അന്വേഷണം നടത്താൻ ഒരുങ്ങി പൊലീസ്. ആറുമാസം മുമ്പ് തൊടുപുഴയിൽ മറ്റൊരു വനിത ഡോക്ടറെ ആക്രമിച്ചെന്നാണ് സംശയം. തൊടുപുഴ ടൗണിലെ ക്ഷേത്രത്തിനുസമീപം നടന്നുവരികയായിരുന്ന വനിത ഡോക്ടറുടെ പിന്നാലെ കൂടിയ പ്രതി കടന്നുപിടിച്ചെന്നാണ് പരാതി.

നാട്ടുകാർ ഇയാൾക്ക് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. അന്നുതന്നെ പൊലീസിൽ പരാതി നൽകി. പ്രതി മാസ്‌ക് വെച്ചിരുന്നതിനാൽ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നാണ്‌ഡോക്ടർ പൊലീസിന് നൽകിയ മൊഴി. സന്തോഷ് ആ ദിവസം തൊടുപുഴയിൽ ഉണ്ടായിരുന്നോയെന്ന് ഉറപ്പിക്കാൻ പൊലീസ് അന്വേഷണം തുടങ്ങി. മ്യൂസിയം സംഭവവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതോടെ വിശദപരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.

സന്തോഷിനെ പൊലീസ് തിരുവനന്തപുരത്തെ സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അക്രമത്തിനുമുമ്പ് വാഹനം പാർക്ക് ചെയ്തിരുന്ന ദേവസ്വം ബോർഡ് ജങ്ഷനിലും ആക്രമണം നടത്തിയശേഷം ഒളിച്ചിരുന്ന മ്യൂസിയം പരിസരത്തും എത്തിച്ചായിരുന്നു തെളിവെടുപ്പ്.

സംഭവം നടക്കുന്ന ദിവസം പുലർച്ച 4.20ന് സന്തോഷ് കവടിയാർ പരിസരത്ത് സർക്കാർ ബോർഡുള്ള കാറുമായി എത്തി. അവിടെനിന്ന് രാജ്ഭവന്റെ ഭാഗത്ത് കുറച്ചുനേരം നിർത്തിയിട്ടശേഷം മ്യൂസിയം ഭാഗത്തേക്ക് വരികയായിരുന്നു. ദേവസ്വം ബോർഡ് ജങ്ഷനിൽ നിർത്തിയിട്ടശേഷം 4.45ഓടെ പ്രഭാതസവാരിക്കിറങ്ങിയ വനിത ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവസമയത്ത് സന്തോഷ് ഉപയോഗിച്ച വെള്ള ഷർട്ട്, കറുത്ത ജീൻസ്, പാന്റ്, ഷൂസ് എന്നിവയും പൊലീസ് കണ്ടെത്തി. സന്തോഷിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. തുടർന്ന് കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കടന്നെന്ന പരാതിയിൽ പേരൂർക്കട പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും.