കൊട്ടാരക്കര: ആദ്യം വാട്സാപ്പിൽ മെസ്സേജ് വരുന്നു. പിന്നാലെ ആ കാര്യം സംഭവിക്കും. മോട്ടോർ തനിയെ ഓണായി ടാങ്ക് നിറയും, കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നതിന് പിന്നാലെ ഫാൻ ഓഫാകും. കൊട്ടാരക്കര നെല്ലിക്കുന്നത്തെ രാജി വിലാസത്തിൽ സജിതയുടെ വീട്ടിൽ ഏഴുമാസമായി നടക്കുന്ന വിചിത്ര സംഭവങ്ങളുടെ പൊരുളറിയാനുള്ള ഓട്ടത്തിലാണ് കൊട്ടാരക്കര പൊലീസും സൈബർ പൊലീസും. നാട്ടിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനായ രാജന്റെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ നാട്ടുകാരെയും അമ്പരപ്പിലാക്കി.

മൊബൈൽ ഫോണിൽ വീടിന്റെ വയറിങ്, മോട്ടോർ, ടി.വി, ഫ്രിഡ്ജ് എന്നിവ നശിക്കുമെന്ന് വിവരം വന്നാലുടൻ അത് സംഭവിക്കും. ഇങ്ങനെ ഇലക്രോണിക് ഉപകരണങ്ങൾ നശിച്ചത് വഴി തന്നെ 2 ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നുകുടുംബത്തിന്. രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറിൽ നിന്ന് അവരറിയാതെ മകൾ സജിതയുടെ ഫോണിലെ വാട്‌സാപ്പിലേക്ക് സന്ദേശം എത്തിയിരുന്നു. സന്ദേശത്തിൽ എന്താണോ പറയുന്നത് അത് ഉടൻ ആ വീട്ടിൽ സംഭവിക്കുമെന്നും കുടുംബാംഗങ്ങൾ പറയുന്നു. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കാൻ തുടങ്ങിയെന്നും രാജൻ പറയുന്നു. ഇലക്ട്രീഷ്യനായിട്ടൂകൂടി തന്റെ വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുകയാണെന്നും രാജൻ വ്യക്തമാക്കിയിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും രാജൻ വ്യക്തമാക്കിയിരുന്നു.

വൈദ്യുത ഉപകരണങ്ങളും സ്വിച്ച് ബോർഡും കത്തി നശിക്കുന്നത് കാരണം ഇവരുടെ വീട്ടിൽ വയറിങ് എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്. മെസേജിൽ വരുന്ന കാര്യങ്ങൾ ഉടൻ തന്നെ വീട്ടിൽ ആവർത്തിക്കുമെന്നതിനാൽ ഭയപ്പാടോടെയാണ് ഇവർ കഴിയുന്നതും. ഫാൻ ഓഫാകും എന്ന് മെസേജ് വന്നാലുടൻ ഫാൻ ഓഫാകുകയാണ് പതിവെന്നും രാജൻ പറയുന്നു. ടാങ്ക് നിറഞ്ഞ് വെള്ളം പോകും എന്ന് മെസേജ് വന്നതിനു പിന്നാലെ അങ്ങനെ സംഭവിക്കുകയായിരുന്നു. ഇത് പതിവായതോടെ വീട്ടുകാർ ഭയപ്പാടിലാകുകയായിരുന്നു.

കഴിഞ്ഞ ഏഴ് മാസമായി വീട്ടുകാർ ഈ പ്രതിസന്ധി നേരിടുകയായിരുന്നു വീട്ടിലെ മോട്ടോർ തനിയെ ഓണായി ടാങ്ക് നിറയുന്നു. ഫാൻ ഓഫാകാൻ പോകുന്നു എന്ന് വാട്സാപ്പ് സന്ദേശം വന്ന പിന്നാലെ ഓഫാകുന്നു. എന്താണ് ഇതിനെല്ലാം കാരണം? മാതാവ് വിലാസിനിയുടെ ഫോണിൽ നിന്ന് മകൾ സജിതയുടെ ഫോണിലേക്കാണ് വാട്സാപ്പ് സന്ദേശങ്ങൾ എത്തുന്നത്. താനും കുഞ്ഞും കിടക്കുന്ന വേളയിൽ ഫാനിട്ട് കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നു, തൊട്ടുപിന്നാലെ ഫാൻ ഓഫായെന്ന് സജിത പറഞ്ഞിരുന്നു. കൊട്ടാരക്കരയിലുള്ള കടയിൽ നിന്ന് മറ്റൊരു ഫോൺ വാങ്ങി.

ആരാണ് കളിക്കുന്നത്?

വിദേശത്ത് ജോലിചെയ്തിരുന്ന സജിത മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. വിദേശത്ത് പോകുന്നതിന് മുമ്പും വീട്ടിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മൊബൈൽ ഫോണിൽ മെസേജ് വരില്ലായിരുന്നു. സജിതയുടെ അമ്മ വിലാസിനി, അച്ഛൻ രാജൻ, രണ്ട് മക്കൾ, സഹോദരിയുടെ ഭർത്താവ് ദിലീപ് എന്നിവരാണ് വീട്ടിൽ കഴിയുന്നത്. വിലാസിനിയുടെ മൊബൈൽ ഫോണിൽനിന്നാണ് മെസേജ് വരുന്നത്.

വീട്ടിൽ നടക്കുന്ന സംഭാഷണങ്ങൾ പോലും വിലാസിനിയുടെ മൊബൈൽ ഫോണിലൂടെ സജിതയുടെ മൊബൈലിൽ എത്തും. സജിതയുടെ മൊബൈലിൽ സൂക്ഷിച്ച സുഹൃത്തുക്കളുടെ ഫോൺ നമ്പറിലും മെസേജുകൾ വരാറുണ്ട്. മിക്കതും അശ്ലീല മെസേജുകളാകും. പുതുതായി സജിത വാങ്ങിയ മൂന്ന് മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യുകയും തനിയെ ലോക്ക് ആവുകയും ചെയ്തു. മൊബൈലിൽ അറിയിപ്പ് ലഭിച്ച് നാല് തവണ വീട്ടിലെ വയറിങ്ങുകൾ നശിച്ചു.

തുടർന്ന് കൊട്ടാരക്കര പൊലീസ്, സൈബർ പൊലീസ്, റൂറൽ എസ്‌പി എന്നിവർക്ക് പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ച സജിത കിടന്ന മുറിയിലെ ഭിത്തിയിൽ ചെറിയ ചിപ്പ് ഘടിപ്പിച്ച നിലയിൽ കണ്ടെത്തി. ചിപ്പിൽ ചെറിയ മൈക്കും മറ്റുമുണ്ട് . ഉടൻ സജിതയുടെ മൊബൈൽ ഫോണിൽ, പൊലീസാണ് വിളിക്കുന്നതെന്നും ചിപ്പ് തിരികെ നൽകണമെന്നുമുള്ള കോൾ വന്നു.

ചിപ്പ് കണ്ടെത്തിയശേഷമാണ് പ്രശ്‌നങ്ങൾക്ക് ശമനമുണ്ടായത്. ഇപ്പോൾ മൊബൈൽ ഫോണിൽ ഇത്തരത്തിലുള്ള മെസേജ് വരാറില്ല. ഉപകരണങ്ങളും കേടാകാറില്ല. ചൊവ്വാഴ്ച ഉച്ചയോടെ കൊട്ടാരക്കര സിഐ, എസ്‌ഐ എന്നിവരടങ്ങുന്ന പൊലീസ് സംഘം സജിതയുടെ വീട്ടിലെത്തി പരിശോധന നടത്തി. ചിപ്പ് പൊലീസിന് കൈമാറി

പൊലീസ് പറയുന്നത്

മൂന്നോ നാലോ ദിവസത്തിനുള്ളിൽ സംഭവത്തിന് പിന്നിലെ കാരണം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. സൈബർ സെല്ലിന്റെ അടക്കം സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൊട്ടാരക്കര പൊലീസ് പറഞ്ഞു.

'യുവതിയുടെ ഫോണിലേക്ക് സന്ദേശങ്ങൾ വന്നത് അവരുടെ അമ്മയുടെ വാട്സാപ്പ് നമ്പറിൽ നിന്നാണ്. ഒരുനമ്പറിലുള്ള വാട്സാപ്പ് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം. അതിനപ്പുറം സന്ദേശങ്ങൾക്കനുസരിച്ച് വീട്ടിൽ പല സംഭവങ്ങളും നടക്കുന്നത് എങ്ങനെയാണെന്ന് മനസിലായിട്ടില്ല. ആ വീട്ടിലുള്ളവർക്കോ അവിടെ എത്തുന്നവർക്കോ മാത്രമേ ഈ കാര്യങ്ങളെല്ലാം ചെയ്യാനാകൂ. അവർ പറയുന്ന തെളിവുകളേ ഇതുവരെയുള്ളൂ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ ചിത്രം വ്യക്തമാകും', എസ്.എച്ച്.ഒ. പ്രശാന്ത് പറഞ്ഞു.

വില്ലൻ സജിതയുടെ ഭർത്താവ് അരുണോ?

താനുമായി പിണങ്ങി താമസിക്കുന്ന ഭർത്താവ് അരുണാണ് ഇതിന്റെ പിന്നിലെന്ന് സജിത ആരോപിക്കുന്നു. എന്നാൽ, ഇതിന് തെളിവില്ല. ഐടി ടെക്‌നീഷ്യൻ കൂടിയായ സജിതയുടെ ഭർത്താവ് വീടിന്റെ സമീപങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും വീട്ടിലുള്ളവരുടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത് മെസേജുകൾ വിടുകയായിരുന്നു എന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ഭർത്താവിനെതിരെ തന്നെയാണ് സജിത ആരോപണം ഉന്നയിക്കുന്നത്. ആറു മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങുകയും പ്രത്യേകം താമസമാകുകയുമായിരുന്നു. ഈ സംഭവത്തിൽ കൊട്ടാരക്കര പൊലീസിൽ യുവതി പരാതി നൽകിയിരുന്നെങ്കിലും യുവതിയുടെ ഭർത്താവ് കൊട്ടാരക്കരയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരനായതിനാൽ പൊലീസ് അന്വേഷണം നടത്താത്തതെന്നും ആദ്യം ആരോപണം ഉയർന്നിരുന്നു.

യുവതിയും ഭർത്താവും തമ്മിൽ പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇടയ്ക്കിടെ കുട്ടിയെ കാണാൻ ഇയാൾ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. വാട്‌സ്ആപ്പ് മെസേജുകൾ സ്ഥിരം സംഭവമായതിനെ തുടർന്ന് ഒരു മാസം മുൻപ് യുവതിയും ബന്ധുക്കളും വീട്ടിൽ പരിശോധന നടത്തിയിരുന്നു. തനിക്കും ഭർത്താവിനും മാത്രം അറിയാവുന്ന ചില കാര്യങ്ങളും വാട്സ് ആപ്പ് സന്ദേശത്തിൽ വന്നുവെന്നാണ് ആരോപണം.