ബംഗലൂരു: ലൈംഗിക പീഡന വീഡിയോ വിവാദത്തിൽ പെട്ട പ്രജ്വൽ രേവണ്ണയ്ക്ക് ജർമനി സന്ദർശനത്തിന് രാഷ്ട്രീയ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ജെഡി എസ് എംപി, ഡിപ്ലേമാറ്റിക് പാസ്‌പോർട്ടിലാണ് ജർമ്മനിയിലേക്ക് സഞ്ചരിച്ചത്. ജർമിയിലേക്ക് പോകാൻ ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുള്ളവർക്ക് വിസ ആവശ്യമില്ല. ഹാസനിൽ നിന്നുള്ള എംപി ശനിയാഴ്ചയാണ് ജർമ്മനിക്ക് പോയത്. തന്റെ മണ്ഡലത്തിലെ വോട്ടെടുപ്പിന്റെ പിറ്റേദിവസം. അതേദിവസം തന്നെയാണ് ലൈംഗിക പീഡനത്തിന്റെ വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത്.

അതിനിടെ, സെക്‌സ് ടേപ്പുകൾ ചോർത്തിയ പ്രജ്വൽ രേവണ്ണയുടെ ഡ്രൈവർ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയതിനെ തുടർന്ന് അപ്രത്യക്ഷനായി. 13 വർഷം പ്രജ്വൽ രേവണ്ണയ്‌ക്കൊപ്പം ജോലി ചെയ്ത ഡ്രൈവർ കാർത്തിക് ഒരുഭൂമി ഇടപാട് തർക്കത്തെ തുടർന്നാണ് എംപിയുമായി പിരിഞ്ഞത്. തന്റെ പേരിലുള്ള ഭൂമി തന്നെ ഭീഷണിപ്പെടുത്തി രേവണ്ണ കുടുംബം കൈക്കലാക്കിയെന്നായിരുന്നു കാർത്തിക്കിന്റെ ആരോപണം.

കാർത്തിക്ക് വഴിയാണ് പ്രജ്വൽ രേവണ്ണയുടെ മൂവായിരത്തോളം ലൈംഗികവീഡിയോകൾ പുറത്തെത്തിയതെന്ന് കരുതുന്നത്. വീഡിയോകളടങ്ങിയ പെൻഡ്രൈവ് ബിജെപി. നേതാവായ ദേവരാജ ഗൗഡയ്ക്ക് മാത്രമാണ് കൈമാറിയതെന്ന് കാർത്തിക്കും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾക്ക് പെൻഡ്രൈവ് നൽകിയിട്ടില്ലെന്നും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി തന്റെ കൈയിലുള്ള തെളിവുകൾ കൈമാറുമെന്നുമായിരുന്നു കാർത്തിക്കിന്റെ അവകാശവാദം. എന്നാൽ, അന്വേഷണസംഘം നോട്ടീസ് നൽകിയതിന് പിന്നാലെ കാർത്തിക്ക് അപ്രത്യക്ഷനായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

അതേസമയം, സ്വാധീനമുള്ള ചില രാഷ്ട്രീയനേതാക്കളാണ് മുൻ ഡ്രൈവറുടെ തിരോധാനത്തിന് പിന്നിലെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിനെ ഉന്നംവച്ചായിരുന്നു കുമാരസ്വാമിയുടെ ആരോപണം. കാർത്തിക്കിനെ മലേഷ്യയിലേക്ക് അയച്ചത് ആരാണെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, കുമാരസ്വാമിയുടെ ആരോപണങ്ങൾ ഡി.കെ.ശിവകുമാർ നിഷേധിച്ചു. കുമാരസ്വാമി അങ്ങനെ പറയുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് എല്ലാം അറിയാമെന്നാണ് അർഥം. അദ്ദേഹം കേന്ദ്രസർക്കാരിൽനിന്ന് വിവരങ്ങൾ ലഭ്യമാക്കട്ടെ. രേവണ്ണയുടെ മുൻഡ്രൈവറെ വിദേശത്തേക്ക് അയക്കാൻ തനിക്ക് ഭ്രാന്തൊന്നും ഇല്ല. ആളുകളെ ഒളിപ്പിച്ചുള്ള രാഷ്ട്രീയപ്രവർത്തനം നടത്തേണ്ട ആവശ്യവുമില്ല. അതിന്റെ ആവശ്യം അവർക്കാണെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘം(എസ്ഐ.ടി) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയിച്ചത്. കേസിൽ പ്രത്യേകാന്വേഷണ സംഘം അയച്ച സമൻസ് മടങ്ങിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനും മുൻ മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകനുമായ പ്രജ്വലിനെ വിവാദത്തെ തുടർന്ന് അന്വേഷണം കഴിയും വരെ ജെ.ഡി.എസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനിടെ പ്രജ്വൽ ജർമനിയിലേക്ക് മുങ്ങുകയും ചെയ്തിരുന്നു. ലോകത്തെ എല്ലാ എമിഗ്രേഷൻ പോയിന്റുകളിലേക്കും ലുക്കൗട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ പ്രജ്വൽ രാജ്യം വിട്ട സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി പരമേശ്വര പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

പ്രജ്വൽ രേവണ്ണ ജർമ്മനിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രജ്വൽ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കർണാടക ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഹാജരാകാൻ ഏഴു ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വൽ ആവശ്യപ്പെടുന്നത്. എന്നാൽ 24 മണിക്കൂർ സാവകാശം പോലും അനുവദിക്കാനാവുന്നതല്ല. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ മറ്റൊരു സ്ത്രീ കൂടി പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പരമേശ്വര വെളിപ്പെടുത്തി.

33 കാരനായ പ്രജ്വൽ രേവണ്ണ ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയായി ഹാസനിൽ നിന്നും മത്സരിച്ചിരുന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകൻ രേവണ്ണയുടെ മകനാണ് പ്രജ്വൽ. ഇയാളുടെ ലൈംഗിക വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തനിക്ക് ലഭിച്ച പെൻഡ്രൈവിൽ പ്രജ്വൽ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന 2976 വീഡിയോകളുണ്ടെന്ന് ബിജെപി നേതാവ് ദേവരാജ ഗൗഡ വ്യക്തമാക്കിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾ അടക്കമുള്ളവരുമായി പ്രജ്വൽ രേവണ്ണ ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും ഇതിലുൾപ്പെട്ടിരുന്നു.

ഏപ്രിൽ 28ന് ഹോളനർസിപൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്. വീട്ടുജോലിക്കാരിയായ 47 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയിരുന്നു എന്നാണ് പ്രജ്വലിനെതിരെ ഉയർന്ന ആരോപണങ്ങൾ. ലൈംഗിക വിവാദത്തെത്തുടർന്ന് പ്രജ്വലിനെ ജെഡിഎസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ഏപ്രിൽ 26ന് രേവണ്ണ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്നതായാണ് പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടുകൾ. നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ വീഡിയോകളുടെയും ഫോട്ടോകളുടെയും ഒരു വലിയ ശേഖരം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഇയാൾ കടന്നുകളയാൻ തീരുമാനിച്ചത്.

മുൻ പ്രധാനമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും മുൻ മന്ത്രി എച്ച്ഡി രേവണ്ണയുടെ മകനുമായ പ്രജ്വൽ ജെഡി (എസ്) സീറ്റിൽ ഹാസനിൽ നിന്ന് വീണ്ടും ജനവിധി തേടുകയാണ്. ഡിഡി രേവണ്ണയ്ക്കും ചോദ്യം ചെയ്യലിനായി എസ്ഐടി മുമ്പാകെ ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്.

ബെംഗളുരുവിന് പുറത്താണ് ഇയാൾ ഉള്ളതെന്ന് ഹസൻ എംപി അന്വേഷണ സംഘത്തെ അറിയിച്ചു. കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രോഷപ്രകടനത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു . സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കൊപ്പം ബിജെപിക്ക് തുടരാനാവില്ലെന്ന് പ്രജ്വല് കേസ് പരാമർശിച്ച് അമിത് ഷാ ബുധനാഴ്ച ഹുബ്ബള്ളിയിൽ പറഞ്ഞു.