- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അരുണാചൽ യാത്രയ്ക്കായി ആര്യയുടെ ആഭരണങ്ങൾ വിറ്റു?
തിരുവനന്തപുരം: അരുണാചലിൽ മലയാളികളായ മൂന്ന് പേരെ മരിച്ച നവീന്റെ കാറിൽ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുത്തു. ഇതോടെ സംഭവത്തിൽ 'ബ്ലാക്ക് മാജിക്' അഥവാ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്ന് പൊലീസ് ഉറപ്പിക്കുകയാണ്. ആര്യയുടേയും ദേവിയുടേയും ഫോണും ഇമെയിലും വിശദ പരിശോധന നടത്തും. ഈ കല്ലുകളെ അന്യഗ്രഹ കല്ലുകളായി അവതരിപ്പിച്ചിട്ടുണ്ടാകാമെന്നാണ് സംശയം.
കല്ലുകൾ വ്യത്യസ്ത സ്വഭാവമുള്ളതാണ്. ഇത് നേരത്തേ ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയ ഇ-മെയിലിൽ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. 'ഡോൺബോസ്‌കോ' എന്ന വിലാസത്തിൽ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയിൽ ഐഡിക്ക് പിന്നിലെ വ്യക്തിയെ കണ്ടെത്താനും അന്വേഷണം നടത്തും. അരുണാചലിലേക്കുള്ള യാത്രാച്ചെലവിന് ആവശ്യം വന്നപ്പോൾ ആര്യയുടെ ആഭരണങ്ങൾ വിറ്റതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൂവരും വിചിത്ര വിശ്വാസത്തിന് ഉടമകളായിരുന്നെന്നും അതിലേക്ക് വിരൽചൂണ്ടുന്ന ഡിജിറ്റൽ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു എന്നുമാണ് വിവരം. കോട്ടയത്തെ നവീന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിൽ നിർണ്ണായക തെളിവുകളൊന്നും കിട്ടിയില്ലെന്നാണ് സൂചന.
തിരുവനന്തപുരം കന്റോൺമെന്റ് എസ്‌പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഈ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതെന്ന് സൂചന. മരിച്ച മൂവരും ഈ വിചിത്രവിശ്വാസത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് സംഘം പരിശോധിക്കും. ദമ്പതികളായ നവീനും ദേവിയും നേരത്തെയും അരുണാചലിൽ പോയിട്ടുണ്ട്. മരണത്തിന് അരുണാചൽ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തിരഞ്ഞെടുത്തതും സാത്താൻസേവയും തമ്മിലുള്ള ബന്ധവും അന്വേഷിക്കും. ഇവരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും വിശദപരിശോധനയ്ക്ക് അയച്ചു.
മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും തമ്മിൽ ഇ മെയിൽ വഴി നടത്തിയ ആശയവിനിമയം രഹസ്യ ഭാഷയിലൂടെയാണെന്നും കണ്ടെത്തി. 2021 മുതലുള്ള ഇവരുടെ ഇ മെയിലുകൾ പരിശോധിക്കുന്നു. മരണാനന്തര ജീവിതത്തെ കുറിച്ചും വിചിത്രവിശ്വാസങ്ങളെക്കുറിച്ചമുള്ള ചർച്ചകളുടെ ഡിജിറ്റൽ തെളിവുകളാണ് ലഭ്യമായത്. ആര്യ, ദേവി, നവീൻ എന്നിവരുടെ ഇ മെയിൽ ചാറ്റുകളും പൊലീസ് കണ്ടെത്തി. 2021 മുതലുള്ള ഇമെയിൽ ചാറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തെ ബാധിക്കാമെന്നതിനാൽ ചാറ്റിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.
അരുണാചലിലെ സിറോയിൽ സാത്താൻസേവക്കാരുടെ കൺവെൻഷൻ നടന്നിരുന്നുവെന്നും ആര്യ, ദേവി, നവീൻ എന്നിവർ ഇതിൽ പങ്കെടുത്തതായുമുള്ള സൂചനയുണ്ട്. ഇതിന്റെ തുടർച്ചയാണ് ഈസ്റ്റർ ദിനത്തിലെ ആത്മഹത്യ എന്നാണ് നിഗമനം. അരുണാചൽപ്രദേശിലും ലോവർ സുബാൻസിരി എസ്‌പി കെനി ബഗ്രയുടെ നേതൃത്വത്തിൽ അഞ്ചംഗസംഘം ദുരൂഹമരണത്തെക്കുറിച്ചും ബ്ലാക്മാജിക് സംഘങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
അരുണാചലിലെ മരണത്തിൽ നാലാമന്റെ സാന്നിധ്യം അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന്റെ നിലവിലെ നിഗമനം അനുസരിച്ചുള്ള സാത്താൻ സേവയാണ് മരണകാരണമെങ്കിൽ ഈ ആഭിചാരപ്രക്രിയയിൽ മുഖ്യകാർമികൻ ഉണ്ടാകും. കർമങ്ങൾക്കുശേഷം അയാൾ മരിക്കാറുമില്ല. സാധാരണ സാത്താൻസേവ കേസുകളിൽ കൊലപാതകം നടത്താൻ ഒരാളുണ്ടാകും. ബാക്കിയെല്ലാം ഇരകളാകും. എന്നാൽ ഇവിടെ നവീനും ആര്യയും ദേവിയും ഉൾപ്പെടെ മൂന്നുപേരും മരണപ്പെടുകയായിരുന്നു. അങ്ങനെയെങ്കിൽ മുഖ്യ കാർമികൻ ആരായിരുന്നുവെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്.
എന്നാൽ ഇവർ മരിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുറിയിൽ നാലാമൻ വന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ ഓൺലൈനിലൂടെ ആരെങ്കിലും സാത്താൻ സേവയുടെ മുഖ്യകാർമികനാകാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മരണപ്പെട്ട മൂന്നു പേരുടെയും ഇമെയിൽ ചാറ്റുകൾ പരിശോധിച്ചാൽ മാത്രമേ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.