തിരുവനന്തപുരം: അരുണാചലിൽ മരിച്ചാൽ അന്യഗ്രഹ ജീവികളാകും! ഈ വിചിത്ര അന്ധ വിശ്വാസവും ചർച്ചകളിൽ എത്തുകയാണ് അരുണാചലിലെ മൂന്ന് മലയാളികളുടെ മരണം. അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽനിന്നു കണ്ടെത്തിയ ലാപ്‌ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ കണ്ടെത്തിയതാണ് ഇതിന് കാരണം.

സംഭവത്തിൽ സാത്താൻ സേവക്കാരിലേക്ക് അന്വേഷണം നീളും. വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ കേസിന് ബ്ലാക് മാജിക്കുമായി ബന്ധമുണ്ടെന്ന് ദേവിയുടെ ബന്ധുവായ സൂര്യകൃഷ്ണമൂർത്തി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അരുണാചലിൽ നിന്നുള്ള സൂചനകൾ വിരൽ ചൂണ്ടുന്നതും സാത്താൻ സേവക്കാരിലേക്കാണ്. സാത്താൻ സേവാ ഗ്രൂപ്പുകളുമായി നവീന് അടുത്ത ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം. കേരളത്തിൽ ഇത്തരം സംഘങ്ങൾ സജീവമാണ്. തിരുവനന്തപുരത്തുമുണ്ടെന്നാണ് വിലയിരുത്തൽ.

മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകൾ വീതമുള്ള പുസ്തകങ്ങൾ നവീനിന്റെ ലാപ്‌ടോപ്പിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ദുരൂഹ മരണങ്ങളുമായി ഇത്തരം താൽപര്യങ്ങൾക്കു ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇതിന് പിന്നിൽ മറ്റൊരുടെയെങ്കിലും സമ്മർദ്ദമോ പിന്തുണയോ ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. സാത്താൻ സേവ ഗ്രൂപ്പുമായി ഇവർക്ക് ബന്ധമുണ്ടെന്ന സൂചനയും പൊലീസിന് കിട്ടിയിട്ടുണ്ട്. മനോരോഗ വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. കടബാധ്യതകളില്ലെന്നും മരണത്തിനു മറ്റാരും ഉത്തരവാദികളല്ലെന്നുമാണ് മുറിയിൽനിന്നു ലഭിച്ച, മൂവരും ഒപ്പിട്ട കുറിപ്പിൽ പറയുന്നത്.

മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അരുണാചൽ പൊലീസ് അറിയിച്ചു. ഇവർ മരിച്ചുകിടന്നിരുന്ന ഹോട്ടൽ മുറിയിൽനിന്ന് അത്തരം മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്യ മകളാണെന്നു പറഞ്ഞാണ് ഇവർ മുറിയെടുത്തത്. മൂവരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹങ്ങൾ ആംബുലൻസിൽ ഗുവാഹത്തിയിൽ എത്തിച്ചശേഷം ഇന്നു കൊൽക്കത്ത വഴി തിരുവനന്തപുരത്തേക്കു കൊണ്ടുവരും.മൂന്നു പേരുടെയും മൃതദേഹം കൈത്തണ്ട മുറിച്ചനിലയിലാണ് അരുണാചലിലെ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. രണ്ടു യുവതികളിൽ ഒരാളുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട് എന്നാണ് വിവരം. ഇത് ആര്യയുടേതാണ്. അതായത് ആര്യ രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നിരുന്നു.

സാത്താൻ സേവ സംശയിക്കാൻ പോന്ന കാരണങ്ങൾ മരണത്തിലുണ്ടെന്ന് അരുണാചൽ പൊലീസും അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേരളാ പൊലീസും അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. ആര്യയെ കാണാതായതെന്ന പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് എഫ് ഐ ആർ ഇട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സാത്താൻ സേവയിലേക്ക് അന്വേഷണം നീട്ടും. മരണാനന്തര ജീവിതത്തിൽ മരിച്ചവർ വിശ്വാസിച്ചിരുന്നതായിയും അത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പും വിരൽ ചൂണ്ടുന്നത് ഇതിലേക്കാണ്. നവീനും ദേവിയും ആര്യയും ആരുമായും ഇടപെടാത്ത പ്രകൃതമായിരുന്നു. എന്നാൽ ചില ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. പുനർജ്ജനിയെന്നൊരു ഗ്രൂപ്പിലേക്ക് ചില സംശയങ്ങൾ ഉയരുന്നുണ്ട്. മരിച്ചവരുടെ ഫോൺ പരിശോധനയിൽ ഇത് തെളിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

എട്ടു കൊല്ലമായി ദേവിയും ആര്യയും സുഹൃത്തുക്കളാണ്. സ്‌കൂളിൽ അദ്ധ്യാപകരെന്ന നിലയിലാണ് പരിചയം തുടങ്ങിയത്. രണ്ടു പേരും അന്ന് വട്ടിയൂർക്കാവ് പ്രദേശത്താണ് താമസം. അതുകൊണ്ട് തന്നെ യാത്രകളും മറ്റും ഒരുമിച്ചായി. ഈ സൗഹൃദം പുതിയ തലത്തിലേക്ക് കടന്നു. നവീന്റെ സാത്താൻ സേവയെ ഭാര്യ ദേവിയും പിന്തുണച്ചിരുന്നുവെന്നാണ് ആര്യയുടെ ബന്ധുക്കൾ ഉയർത്തുന്ന ആരോപണം. അതുകൊണ്ട് തന്നെ സാത്താൻ സേവയുടെ സാധ്യതകൾ അന്വേഷിക്കേണ്ട ബാധ്യത പൊലീസിനുണ്ട്.