കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അടുത്തകാലത്തായി നടന്ന ഏറ്റവും വലിയ സ്വർണ്ണവേട്ടയാണ് നെടുമ്പാശ്ശേരിയിൽ നടന്നത്. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന 4.227 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. വ്യത്യസ്ത സംഭവങ്ങളിലായി 5 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ആദ്യ സംഭവത്തിൽ ദുബായിൽ നിന്നും രണ്ട് കുട്ടികൾക്കൊപ്പം എയർ ഇന്ത്യ (എ.ഐ.934)വിമാനത്തിൽ എത്തിയ തൃശ്ശൂർ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ ഷബ്‌ന ഷാഹുൽ എന്നിവരെ 1205 ഗ്രാം സ്വർണവുമായാണ് എയർ കസ്റ്റംസ് പിടികൂടിയത്. രണ്ടാമത്തെ സംഭവത്തിൽ ക്വാലാലംപൂരിൽ നിന്നും എയർ ഏഷ്യ (എ.കെ.39) വിമാനത്തിൽ എത്തിയ യാത്രക്കാരായ തീർത്ഥ മലൈ തിരുപ്പിറന്തഗം, ഭാര്യ വെണ്ണില ചിന്നത്തമ്പി ഇവരുടെ സുഹൃത്തും മലേഷ്യൻ പൗരയുമായ സരസ്വതി കൃഷ്ണസാമി എന്നിവരിൽ നിന്നും 1238.840 ഗ്രാം സ്വർണം പിടികൂടി. മൂവരുടെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.

മൂന്നാമത്തെ സംഭവത്തിൽ മസ്‌ക്കറ്റിൽ നിന്നെത്തിയ ഇൻഡിഗോ (6ഇ 1847) വിമാനത്തിലെ സീറ്റിനടിയിൽ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പേസ്റ്റ് രൂപത്തിലാക്കിയ 1784.30 ഗ്രാം ഭാരമുള്ള രണ്ട് പാക്കറ്റുകൾ എയർ കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. ഈ കേസിൽ കസ്റ്റംസിന്റ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നു വരുന്നു. പിടിച്ചെടുത്ത സ്വർണ്ണത്തിന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

കസ്റ്റംസ് പ്രിവന്റിവ് വിഭാഗം അസി.കമ്മിഷണർ വസന്തകേശൻ നേതൃത്വത്തിൽലുള്ള കസ്റ്റംസ് സംഘമാണ് സ്വർണ്ണക്കടത്ത് പിടികൂടിയത്.