ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തില്‍ നിന്നാണെന്ന് കണ്ടെത്തി. ഈ വിദ്യാലയത്തിലെ അധികൃതര്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.

മേയ് 5ന് നടക്കാനിരുന്ന പരീക്ഷയുടെ 9 സെറ്റ് ചോദ്യ പേപ്പറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി രണ്ടുദിവസം മുമ്പാണ് എസ്ബിഐയുടെ ശാഖയില്‍ എത്തിയത്. അവിടെനിന്ന് പരീക്ഷാ കേന്ദ്രമായ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലേക്ക് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ കൊണ്ടുപോയി. എന്നാല്‍ സ്‌കൂളില്‍ എത്തുമ്പോഴേക്കും സീല്‍ പൊട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെയും കോ-ഓഡിനേറ്ററായിരുന്ന ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എഹ്സാനുല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പലും എന്‍ടിഎ നിരീക്ഷകനുമായ ഇംതിയാസ് ആലം, പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ജമാലുദ്ദീന്‍ എന്നിവരെ ജൂണ്‍ 29 ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

നേരത്തേ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബിഹാറില്‍നിന്ന് അറസ്റ്റിലായവര്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്നും സിബിഐ പരിശോധിക്കുന്നുണ്ട്. ഹസാരിബാഗിലെ വിദ്യാലയത്തില്‍നിന്ന് ചോര്‍ന്ന ചോദ്യപേപ്പര്‍ തന്നെയാണ് ബിഹാറിലെ സംഘത്തിന് ലഭിച്ചതെന്നും സ്ഥിരീകരിച്ചിരുന്നു.

ബിഹാറില്‍നിന്ന് കത്തിയ നിലയില്‍ കണ്ടെത്തിയ ചോദ്യപേപ്പറില്‍ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലെ പേപ്പറിന്റെ അതേ കോഡ് ഉണ്ടായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് മൂന്ന് സാധ്യതയാണ് സിബിഐ കാണുന്നത്. 1. പേപ്പര്‍ സൂക്ഷിച്ചിരുന്ന എസ്ബിഐ ശാഖയില്‍ നിന്ന്. 2.എസ്ബിഐ ശാഖയില്‍ നിന്ന് ഒയാസിസ് സ്‌കൂളിലേക്ക് പേപ്പര്‍ മാറ്റുന്നതിനിടെ. 3.ഒയാസിസ് സ്‌കൂളില്‍ പേപ്പര്‍ എത്തിയ ശേഷം. ഈ മൂന്ന് സാധ്യതകളും സിബിഐ വിശദമായി പരിശോധിക്കുന്നുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായിരുന്നു. ഒരു പരീക്ഷാര്‍ഥിയെയും നേരത്തെ അറസ്റ്റിലായ മറ്റൊരു വിദ്യാര്‍ഥിയുടെ പിതാവിനെയുമാണ് അറസ്റ്റ് ചെയ്തത്. ബിഹാറില്‍ നിന്നാണ് ഇരുവരെയും സി.ബി.ഐ പിടികൂടിയത്. കേസിലെ മുഖ്യ ആസൂത്രകനായ അമന്‍ സിങ് ഉള്‍പ്പെടെ നിരവധിപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ജൂണ്‍ 23നാണ് സി.ബി.ഐ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേസെടുത്തത്. ജൂണ്‍ 27ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ, ജയ് ജലറാം സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഫിസിക്സ് അധ്യാപകന്‍, ഹിന്ദി മാധ്യമ സ്ഥാപന മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരന്‍, മറ്റൊരു സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവരും അറസ്റ്റിലായിരുന്നു.

ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം.നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന (ഐ.പി.സി 420), ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി 120-ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.