കൽപ്പറ്റ: വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുനെയാണ് കോടതി ശിക്ഷിച്ചത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എസ് കെ അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ 24-ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല. പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തുവെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു. മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്.

മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ഡിസംബർ 20-നാണ് കേസിന്റെ വിചാരണ പൂർത്തിയായത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്നത്തെ മാനന്തവാടി ഡിവൈ.എസ്‌പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ 41 അംഗ അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസന്വേഷിച്ചത്.

179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഡിസംബർ 20-നാണ് കേസിന്റെ വിചാരണ പൂർത്തിയായത്. ഫെബ്രുവരി 16-നാണ് വാദംകേൾക്കൽ തുടങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. സണ്ണി പോൾ, അഡ്വ. പി.എം. സുമേഷ് എന്നിവരും പ്രതിക്കുവേണ്ടി അഡ്വ. പി.ജെ. ജോർജുമാണ് ഹാജരായത്.

പ്രദേശവാസികളുൾപ്പെടെ ഒട്ടേറെയാളുകളെ ചോദ്യംചെയ്തും ശാസ്ത്രീയത്തെളിവുകൾ തേടിയുമാണ് പൊലീസ് അർജുനിലേക്ക് എത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ പൊലീസ് അർജുനെയും ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യാനായി അർജുനെ സെപ്റ്റംബർ ഒമ്പതിന് വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യംചെയ്യലിനിടെ അർജുൻ കൈയിൽ കരുതിയിരുന്ന എലിവിഷം കഴിക്കുകയും ചികിത്സയിലാവുകയുംചെയ്തിരുന്നു.

കേസിൽ പ്രതിയെ കണ്ടെത്താനായി അന്വേഷണസംഘം അഞ്ചുലക്ഷം ഫോൺകോളുകൾ പരിശോധിക്കുകയും മൂവായിരത്തോളം കുറ്റവാളികളെ നിരീക്ഷിക്കുകയുംചെയ്തിരുന്നു.