കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ നിന്ന് പ്രസവിച്ചയുടൻ അമ്മ റോഡിലേക്ക് വലിച്ചെറിഞ്ഞ നവജാതശിശു മരിച്ചത് തലയോട്ടി തകർന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയോട്ടി പൊട്ടിയതാണ് കുഞ്ഞിന്റെ മരണത്തിന് മുഖ്യ കാരണമെന്നാണ് കണ്ടെത്തൽ. കീഴ്‌ത്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് കുട്ടിയെ കുറിയർ കവറിൽ പൊതിഞ്ഞ് താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിലായിരിക്കാം തലയോട്ടി തകർന്നിട്ടുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയായ 22കാരിയെ ബലാത്സംഗത്തിനിരയാക്കിയ ആൾക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ നീക്കം.

ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി. അവിവാഹിതയായ യുവതി ആരിൽ നിന്ന് ഗർഭിണിയായി എന്നായിരുന്നു കൊലപാതക കേസിനൊപ്പം പൊലീസ് അന്വേഷിച്ചത്. തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. ഇൻസ്റ്റഗ്രാമിൽ യുവതി റീലുകൾ ചെയ്തിരുന്നു. അങ്ങനെയാണ് യുവാവുമായി ഇൻസ്റ്റാഗ്രാമിലുടെ പരിചയത്തിലായത്. യുവതിക്കും നൃത്തത്തിൽ താത്പര്യമുണ്ട്. തൃശൂർ സ്വദേശിയായ ഇയാൾ തൃപ്പൂണിത്തുറയിൽ താമസിച്ചിരുന്നു. എന്നാൽ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നും യുവതി പൊലീസിന് മൊഴി നൽകി. യുവതിയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. ആരോഗ്യനില മെച്ചപ്പെട്ടശേഷം മൊഴി വീണ്ടും രേഖപ്പെടുത്തും.

കുഞ്ഞിന്റെ മൃതദേഹം ഇൻക്വസ്റ്റിനുശേഷം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവെന്ന് പറയുന്നയാൾ അറസ്റ്റിലായാൽ ഡി.എൻ.എ ടെസ്റ്റ് നടത്താനായി കുഞ്ഞിന്റെ സ്‌പെസിമൻ ശേഖരിക്കും. കൊടുംപാതകം ചെയ്തിട്ടും ഒന്നും അറിയാത്തതുപോലെയാണ് വീട്ടിൽ യുവതി ചെലവഴിച്ചത്. മറ്റ് തെളിവുകൾ നശിപ്പിച്ചെങ്കിലും കുളിമുറിയിലെ ചോരപ്പാടുകൾ മായ്ച്ചിരുന്നില്ല.

സംഭവവുമായി ബന്ധമില്ലെന്നാണ് യുവതിയും മാതാപിതാക്കളും പൊലീസിനോട് ആദ്യം പറഞ്ഞത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച യുവതി അന്വേഷണവുമായി സഹകരിക്കാമെന്നും വനിതാ പൊലീസിനോട് തുറന്നുപറയാമെന്നും അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന്റെ സാന്നിദ്ധ്യത്തിൽ മാതാപിതാക്കൾക്കൊപ്പം ഇരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.എം.എസ്സി ബിരുദധാരിയാണ് പ്രതി. ബംഗളൂരുവിലടക്കമായിരുന്നു വിദ്യാഭ്യാസം. ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. സിറ്റി പൊലീസ് കമ്മിഷണറോട് കമ്മിഷനുകൾ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്ക്

ഇന്ന് രാവിലെ അഞ്ചുമണിയോടെ പ്രസവിച്ച യുവതി, കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്‌ളാറ്റിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്കാണ്. മാതാപിതാക്കൾക്ക് യുവതി ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി.

കവറിലാക്കി സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്കാണ് യുവതി കുഞ്ഞിനെ എറിഞ്ഞത്. എന്നാൽ ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. പൊലീസ് പരിശോധനയിൽ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. സമീപവാസിയായ ജിതിൻ, ഷിപ്യാർഡിലെ സ്‌കൂളിൽ കുട്ടികളെ ഇറക്കിയ ശേഷം തിരികെ വരുമ്പോഴാണ് റോഡിൽ എന്തോ കിടക്കുന്നതു കണ്ടത്.

ഒരു വാഹനം അവിടുത്തെ ഫ്‌ളാറ്റിൽനിന്നു പുറത്തേക്ക് പോയെന്നും അത് കടന്നു പോകാൻ തന്റെ വാഹനം ഒതുക്കിയപ്പോഴാണ് റോഡിൽ കുഞ്ഞും കുറിയർ പായ്ക്കറ്റും കിടക്കുന്നതു കണ്ടതെന്നും ജിതിൻ പറയുന്നു. ഉടൻ പൊലീസിനെ വിളിച്ചു. എട്ടേമുക്കാലോടെ പൊലീസും മാധ്യമ പ്രവർത്തകരും സ്ഥലത്തെത്തി. പ്രഭാത നടപ്പുകാരും അത്യാവശ്യം ഗതാഗതത്തിരക്കുമുള്ള റോഡാണ് ഇത്. എന്നാൽ അവരാരും കുഞ്ഞിനെ കണ്ടിട്ടില്ല എന്നതുകൊണ്ട് എട്ടു മണിയോട് അടുപ്പിച്ചായിരിക്കാം സംഭവമെന്ന് പൊലീസ് കണക്കുകൂട്ടി. ഇതിനിടെ സ്ഥലത്തെ കൗൺസിലർമാരായ അഞ്ജനയും ആന്റണി പൈനുത്തറയും സ്ഥലത്തെത്തി. തുടർന്നാണ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ഈ ദൃശ്യം ലഭിച്ചതാണ് കേസിൽ വേഗം തുമ്പുണ്ടാകാൻ കാരണം.

സമീപത്തുള്ള അപ്പാർട്ട്‌മെന്റിൽനിന്ന് അവിടെ പടർന്നു നിൽക്കുന്ന ചെടികൾക്കിടയിലൂടെ എന്തോ റോഡിലേക്കു വീഴുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്. 8.11 നായിരുന്നു ഇത്. ഇതോടെ അപ്പാർട്ട്‌മെന്റിലെ ഏതോ ഫ്‌ളാറ്റിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത് എന്നു സംശയമുയർന്നു. ഏഴു നിലകളുള്ള അപ്പാർട്ട്‌മെന്റിന്റെ, റോഡിലേക്കു തുറക്കുന്ന ഫ്‌ളാറ്റുകളിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ കാര്യമായ തെളിവുകളൊന്നും ലഭ്യമായില്ല.

ഇതിനിടെ, രാവിലെ അപ്പാർട്ട്‌മെന്റിൽനിന്ന് ഇറങ്ങിപ്പോയ വാഹനത്തെപ്പറ്റിയും അന്വേഷണം തുടങ്ങി. എംഎൽഎമാരായ ടി.ജെ.വിനോദ്, ഉമ തോമസ് തുടങ്ങിയവരും ഇതിനിടെ സ്ഥലത്തെത്തി. ഡിസിപി കെ.സുദർശന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പൊലീസും ഫൊറൻസിക് ടീമും ഇൻക്വസ്റ്റ് നടപടികൾ തുടരവേ. സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദറും സ്ഥലത്തെത്തി. വൈകാതെ ഒരു ഫ്‌ളാറ്റിലെ കുളിമുറിയിൽ രക്തത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി വിവരം ലഭിച്ചു.പൊലീസ് കേസിൽ പ്രതിയെ കണ്ടെത്തിയെന്ന് ഇതോടെ വ്യക്തമായി.