- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിയായ യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയം ആയിരുന്നില്ലെന്നാണ യുവതിയുടെ മൊഴി. ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറയുന്നത്. എങ്കിലും ഗർഭം അലസിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞു. താൻ ഗർഭിണിയാണെന്ന് മാതാപിതാക്കളോട് പറയാൻ യുവതിക്ക് ധൈര്യമുണ്ടായിരുന്നില്ല. യുവതി ഗർഭിണിയായത് ആൺസുഹൃത്തിന് അറിയാമായിരുന്നു. എന്നാൽ യുവാവിന്റെ പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കി.
ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാൽ ഗർഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാൻ ആൺസുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. യുവാവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നൽകിയ മൊഴി. ഇയാൾക്കെതിരെ യുവതി നിലവിൽ പരാതി നൽകിയിട്ടില്ല. ഇക്കാരണത്താൽ സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇയാളെ ഇന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും.
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി. കയ്യിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അയൽ സംസ്ഥാനത്തു പഠിക്കുകയായിരുന്ന യുവതി ഒരു വർഷം മുൻപാണു മടങ്ങിയെത്തി നഗരത്തിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ ചേർന്നത്.
തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണമെന്നാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേൽ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ രാവിലെ എട്ടേകാലോടെയാണു ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റിന്റെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം ഫ്‌ളാറ്റിനു മുന്നിലെ റോഡിനു നടുവിൽ കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ സ്‌കൂൾ വാനിന്റെ ഡ്രൈവറാണ് ഇത് ആദ്യം കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും പ്രദേശത്തെ ജനപ്രതിനിധികളും സ്ഥലത്തെത്തി ഫ്‌ളാറ്റിലെ സിസിടിവി പരിശോധിച്ചപ്പോൾ ഫ്‌ളാറ്റിനു മുകളിൽ നിന്ന് ഒരു കെട്ട് താഴേക്കു വീഴുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
ഇതോടെ, റോഡിന് അഭിമുഖമായി ബാൽക്കണിയുള്ള അപ്പാർട്‌മെന്റുകളിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഇതിനൊപ്പം തന്നെ ഫ്‌ളാറ്റിലെ അന്തേവാസികളെയും ചോദ്യം ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞ കുറിയർ കവറിലെ ബാർ കോഡ് സ്‌കാൻ ചെയ്തപ്പോൾ അഞ്ചാം നിലയിലെ ഫ്‌ളാറ്റിന്റെ വിലാസം ലഭിച്ചു. ഈ ഫ്‌ളാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതോടെയാണു പ്രതിയെപ്പറ്റിയുള്ള നിർണായക വിവരം പൊലീസിനു ലഭിച്ചത്.