കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയ അതിഗംഭീര മോഷ്ടാവിനെ പിടികൂടിയ കൊച്ചി പൊലീസിന്റെ അന്വേഷണം മികവ് നേരത്തെ ഏറെ പ്രശംസിക്കപ്പെട്ടത്. ബിഹാറിലെ റോബിൻഹുഡിനെ പൊക്കാൻ അന്ന് കൊച്ചി പൊലീസിന് വേണ്ടി വന്നത് 14 മണിക്കൂർ മാത്രമായിരുന്നു. അത്രയും അന്വേഷണ മികവ് തെൡയിച്ച പൊലീസ് സംഘത്തെ സംബന്ധിച്ചിടത്തോളം ഇന്നലെ പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലയ്ക്ക് പിന്നിലെ ചുരുളഴിച്ചത് നിസ്സാരമായ സംഭവമായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൽ മുതൽ തന്നെ കൃത്യമായ നീക്കങ്ങൾ നടത്തി. ഇതോടെ മൂന്ന് മണിക്കൂർ തികയും മുമ്പ് സംഭവത്തിന്റെ ചുരുളഴിക്കാൻ പൊലീസിന് സാധിച്ചു.

എറണാകുളം സൗത്ത് എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസിന്റെയും ചുരുളഴിച്ചത്. ജോഷിയുടെ വീട്ടിലെ മോഷണം തെളിയിച്ച സംഘത്തിലുണ്ടായിരുന്ന സൗത്ത് സിഐ. പ്രേമാനന്ദ കുമാറും പാലാരിവട്ടം സിഐ. റിച്ചാർഡ് വർഗീസുമായിരുന്നു ഇക്കുറി എ.സി.പി.ക്കൊപ്പമുണ്ടായിരുന്നത്. ഇവർ അതിവേഗത്തിൽ തന്നെ പ്രതിയിലേക്ക് എത്തുകയായിരുന്നു. പനമ്പിള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ ഫ്‌ളാറ്റിൽനിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞുകൊന്ന കേസിലെ അതിവേഗ അന്വേഷണം കൊച്ചി പൊലീസിന്റെ മികവിന് മറ്റൊരു ഉദാഹരണം കൂടിയായി.

നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കിടക്കുന്നത കണ്ട് വിവരം അറിഞ്ഞെത്തിയ പൊലീസ് റോഡ് അടയ്കുകയാണ് ആദ്യം ചെയ്തത്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. സമീപ ഫ്‌ളാറ്റിലെ സി.സി.ടി.വി.യിൽ എട്ടുമണിക്കുശേഷം ഒരു പൊതി താഴേക്ക് വന്നുപതിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ച കവറിലെ ബാർ കോഡിൽനിന്ന് ഒരു മേൽവിലാസവും കിട്ടി. ഇതോടെ കാര്യങ്ങളെല്ലാം എളുപ്പമായി. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് വഴിയോടു ചേർന്നുള്ള ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ താമസിക്കുന്ന യുവതിയിലേക്ക് എത്തിയത്. പൊലീസ് പരിശോധനയിൽ യുവതിയുടെ മുറിയോടുചേർന്ന ശൗചാലയത്തിൽ രക്തക്കറ കണ്ടെത്തി.

ചോദ്യംചെയ്യലിൽ പതിനഞ്ചു മിനിറ്റിനുള്ളിൽ യുവതി കുറ്റം സമ്മതിച്ചു. അപ്പോൾ സമയം 11.30. പ്രസവം നടത്തിയ കുളിമുറി കഴുകി വൃത്തിയാക്കിയിരുന്നുവെങ്കിലും രക്തത്തുള്ളികൾ ബാക്കിയുണ്ടായിരുന്നു. അതുകൂടി കണ്ടെത്തിയതോടെ യുവതിയുടെ മേൽ കൊലക്കുറ്റം ഉറച്ചു. കുഞ്ഞിനെയെറിഞ്ഞുകൊന്ന യുവതിയുടെ ഫ്‌ളാറ്റിൽ എത്തിയപ്പോൾ പൊലീസിനെ കാത്ത പല വെല്ലുവിളികളായിരുന്നു ഉണ്ടായിരുന്നത്. സംഭവം ുവതിയുടെ മാതാപിതാക്കൾ വിവരം അറിഞ്ഞിരുന്നില്ല. അവരുടെ മൊഴികളോട് പൊരുത്തപ്പെടാത്ത വിധം പൊലീസിനോട് സംസാരിച്ച യുവതി പെട്ടെന്ന് കുറ്റസമ്മതവും നടത്തി. ഇതോടെ ആകെത്തകർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കേണ്ടി വന്നു എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്.

ഗർഭിണിയായിരുന്നുവെന്ന് പൊലീസിനു മുൻപാകെ യുവതി നടത്തിയ കുറ്റസമ്മതത്തിൽനിന്നാണ് വീട്ടിലുണ്ടായിരുന്നവർ അറിഞ്ഞത്. അതിന്റെ ആഘാതം ഇരട്ടിയാക്കിക്കൊണ്ടായിരുന്നു കൊലപാതക വിവരം പുറത്തുവന്നത്. ഇതോടെ നിലവിളിക്കാൻപോലുമാകാതെ മാതാപിതാക്കൾ തളർന്നിരുന്നു.

മറ്റു മുറികളിൽനിന്ന് വേറിട്ടാണ് യുവതിയുടെ മുറി. ഒഴിഞ്ഞയിടമാണിത്. അതുകൊണ്ടാണ് മുറിയിൽ സംഭവിച്ചതൊന്നും മറ്റുള്ളവർ അറിയാതിരുന്നത്. കുറ്റം സമ്മതിച്ചതോടെ യുവതി ഫ്‌ളാറ്റിൽനിന്ന് ചാടാനുള്ള സാധ്യത പോലും മുൻകൂട്ടി കണ്ടായിരുന്നു പൊലീസ് നീക്കം. പുറത്തേക്ക് ചാടാനുള്ള മൂന്നുവഴികളുമടച്ചുകൊണ്ട് പൊലീസ് കാവൽ നിന്നു. എല്ലാ മുറികളും അടച്ചിട്ട് അതിനുമുന്നിലും പൊലീസ് നിരന്നു.

യുവതിയെ ആശുപത്രിയിലേക്ക് നീക്കിയതുപോലും തന്ത്രപരമായിട്ടായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിക്കുന്ന സമയത്ത് അവിടെയായിരുന്നു ദൃശ്യമാധ്യമങ്ങളുടെ ക്യാമറകളെല്ലാം. ഈ സമയം നോക്കി യുവതിയെ പുറത്തിറക്കി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അതിനിടെ യുവതിയുടെ മൊഴിയിൽ പരാമർശിച്ച യുവാവ് തൃശ്ശൂർ സ്വദേശിയാണെന്നും സാമൂഹികമാധ്യമം വഴിയാണ് യുവതിയുമായി ബന്ധമുണ്ടാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശൻ, എ.സി.പി. പി. രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കുട്ടിയുടെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.