ലോകത്തിലെ പ്രമുഖ രാഷ്ട്രങ്ങൾ, പ്രത്യേകിച്ചും ജനാധിപത്യ വ്യവസ്ഥിതി പിന്തുടരുന്ന രാജ്യങ്ങൾ എല്ലാം തന്നെ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ദേശ വിരുദ്ധരുടെ പ്രവർത്തികൾ. ഇത് ലോകത്ത് എമ്പാടുമുള്ള ജനാധിപത്യ ഭരണകൂടങ്ങൾ മനസ്സിലാക്കി തുടങ്ങി എന്നതിന്റെ ഏറ്റവും പുതിയ സാക്ഷ്യമാണ് ജഗ്തർ സിങ് ജൊഹാലിന്റെ അറസ്റ്റ്. 2017-ൽ നടന്ന ഈ സംഭവം ഇപ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങൾ ചർച്ചയാക്കിയിരിക്കുന്നു.

2017-ൽ തന്റെ വിവാഹത്തിനായി പഞ്ചാബിൽ എത്തിയ ജഗ്താർ സിങ് ജോഹലിനെ ഇന്ത്യയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. എന്നാൽ, അയാളെ ചില അജ്ഞാതർ ബലം പ്രയോഗിച്ച് ഒരു അജ്ഞാത വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് ഇപ്പോൾ മാധ്യമങ്ങൾ പറയുന്നത്. യു കെ ഇൻവെസ്റ്റഗേറ്ററി പവേഴ്സ് കമ്മീഷണർ പ്രസിദ്ധീകരിച്ച അജ്ഞാത കേസുകളുടെ പട്ടികയിൽ ഇതും സ്ഥാനം പിടിച്ചതോടെ ഇപ്പോൾ മനുഷ്യാവകാശ പ്രവർത്തകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്.

സ്‌കോട്ട്ലാൻഡ് കേന്ദ്രീകരിച്ച് ഖാലിസ്ഥാനു വേണ്ടി പ്രവർത്തിച്ചു വരികയായിരുന്ന ജഗ്തർ സിംഗിന്റെ വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളായ എം 5 ഉം എം 6 ഉം കൈമാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും ഇന്ത്യാ വിരുദ്ധ വികാരം ഇളക്കിവിടുന്നവരിൽ പ്രമുഖനായിരുന്നു ഇയാൾ എന്നാണ് ആരോപിക്കപ്പെടുന്നത്.

ഇയാളെ സംബന്ധിച്ച വിവരം ഇന്ത്യക്ക് കൈമാറിയത് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ മനുഷ്യാവകാശ സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു ബ്രിട്ടീഷ് പൗരനെ മറ്റൊരു രാജ്യത്തിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്ത ബ്രിട്ടീഷ് ഭരണകൂടത്തിനെ കുറിച്ച് ലജ്ജിക്കുന്നു എന്നാണ് ഒരു മനുഷ്യാവകാശ പ്രവർത്തക പറഞ്ഞത്. എന്നാൽ, ഏതൊരു രാജ്യത്തെയും തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂടങ്ങൾക്കെതിരെ പ്രവർത്തിച്ച്, രാജ്യത്തെ ഭരണ സംവിധാനത്തെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളെ തടയുക തന്നെ വേണമെന്ന് മറ്റൊരു കൂട്ടരും ആവശ്യപ്പെടുന്നു.

യു കെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു ബ്ലോഗർ ആയിരുന്നു ജഗ്താർ സിങ് ജോഹാൽ. തന്റെ ബ്ലോഗുകളിലൂടെ ഇന്ത്യയ്ക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്ന ഇയാൾ, സിക്കുകാർക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു.