കൊച്ചി: പണം ആവശ്യപ്പെട്ട് ലോഡ്ജിൽ വിളിച്ചുവരുത്തിയശേഷം യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങിയ ഹണി ട്രാപ്പ് സംഘം പിടിയിൽ. കൊല്ലം ഉമയനെല്ലൂർ തഴുത്തല അനക്കുഴി ഭൂതനാഥക്ഷേത്രത്തിന് സമീപം ഷീലാലയം വീട്ടിൽ ഹസീന (28), ഭർത്താവ് ജെ. ജിതിൻ (28), കൊല്ലം കൊറ്റക്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിലിൽ എസ്. അൻഷാദ് (26) എന്നിവരാണ് പിടിയിലായത്. ഒരു പ്രതി അനസ് ഒളിവിലാണ്.

തൃപ്പൂണിത്തുറയിൽ ഹോംനഴ്സിങ് സർവീസ് നടത്തുന്ന വൈക്കം സ്വദേശിയായ 34കാരനാണ് ഹണിട്രാപ്പിന് ഇരയായത്.നഴ്‌സിങ് ജോലി ആവശ്യപ്പെട്ട് ഹസീനയാണ് യുവാവിനെ ആദ്യം പരിചയപ്പെട്ടത്. തുടർന്ന് ചില സ്ഥലങ്ങളിൽ ജോലിയുണ്ട് എന്ന വിവരം വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ കൈമാറി. വാട്‌സാപ്പ് മെസ്സേജുകൾ സ്ഥിരമായതിനെത്തുടർന്ന് പിന്നീട് ഫോൺ വിളിയായി. സ്‌നേഹം നടിച്ച് പണം ആവശ്യപ്പെട്ടുകൊണ്ട് ഹസീന മെസ്സേജ് അയച്ചു.അക്കൗണ്ട് വഴിനൽകാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് പിടിക്കുമെന്നും നേരിട്ട് വേണമെന്നും പറഞ്ഞു.

കഴിഞ്ഞ എട്ടിന് എറണാകുളം ജനറൽ ആശുപത്രിക്ക് സമീപം യുവതി താമസിച്ച ലോഡ്ജിൽ പണം നൽകാനെത്തിയ യുവാവിനെ 205-ാം നമ്പർ മുറിയിൽ ഹസീന സ്വീകരിച്ചു. ഇതിനിടെയെത്തിയ ജിതിനും അൻഷാദും അനസും ചേർന്ന് കസേരയിൽ കെട്ടിയിട്ട് വായിൽ തുണിതിരുകി ക്രൂരമായി മർദ്ദിച്ചു. ഒന്നേകാൽ പവന്റെ മാലയും ഒരു പവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്സിൽ നിന്ന് 5,000 രൂപയും കൈക്കലാക്കി.

ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 രൂപ മൊബൈൽആപ്പ് വഴി ഹസീനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. യുവാവിന്റെ ഫോൺ പെന്റാമേനകയിലെ മൊബൈൽ കടയിൽ വിറ്റ് പ്രതികൾ ജില്ല വിട്ടു.'വിവരം പുറത്തു പറഞ്ഞാൽ ഫേസ്‌ബുക്കിൽ ഇട്ടു നാറ്റിക്കും' എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോൾ പരാതിക്കാരൻ ആദ്യം ഭയന്നെങ്കിലും പിന്നീട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ദേഹമാസകലം പരിക്കേറ്റ യുവാവ് കഴിഞ്ഞ 13നാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മരടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

ഹസീനയുടെ സഹോദരനാണ് ഒളിവിൽ കഴിയുന്ന അനസ് എന്നാണ് വിവരം. സെൻട്രൽ എസ്.എച്ച്.ഒ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ്‌ഐ. കെ.പി. അഖിൽ, എസ്‌ഐ. സേവ്യർ ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ഷിഹാബ് മനോജ് എന്നിവരും ഉണ്ടായിരുന്നു.