- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിസിന്റെ ഭാര്യ നസ്ലീനും ഷൈബിനും തമ്മിൽ പുലർത്തിയത് രഹസ്യബന്ധം; ഈ ബന്ധം ഹാരിസ് കൈയോടെ പിടികൂടി; മകൻ ജീവിച്ചിരിക്കുന്നത് നസ്ലീനയ്ക്കും ഷൈബിനും തടസ്സമായിരുന്നു; ഹാരിസിനൊപ്പം വീട്ടമ്മയായ വാളിയേങ്കൽ ഡെൻസിയേയും കൊലപ്പെടുത്തി; ക്രൂരതയിലെ തെളിവ് തേടി റീ പോസ്റ്റ്‌മോർട്ടം
കോഴിക്കോട്: നിലമ്പൂരിൽ വൈദ്യനെ അതിക്രൂരമായി കൊലപ്പെടുത്തി കഷ്ണങ്ങളായി തോട്ടിലെറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഒരു സീരിയൽ കില്ലറാണോ? വെറും ഓട്ടോറിക്ഷാക്കാരനിൽ നിന്നും 300 കോടി ആസ്തിയുള്ള സമ്പന്നനായി ഇയാൾ മാറിയത് എത്രപേരെ കൊന്നുതള്ളിയാണ്? നടുക്കുന്ന വിവരങ്ങളാണ് സുൽത്താൻ ബത്തേരി സ്വദേശിയായ ഷൈബിൻ അഷ്റഫിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത്. നിരവധി കൊലപാതക കേസുകളിൽ സംശയ നിഴലിലാൽ ആയ ഇയാൾ മുൻ ബിസിനസ് പാർട്ട്നറെയും കൊന്നുതള്ളിയെന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു.
കുന്ദമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയും പ്രവാസി വ്യവസായിയുമായിരുന്ന ഹാരിസിന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിച്ചത്. ഷൈബിൻ അഷ്‌റഫാണ് ഹാരിസിന്റെ കൊലപാതകത്തിന് പിന്നിലെന്നും സംഭവത്തിൽ നീതി ലഭിക്കണമെന്നും ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു. ഹാരിസിന്റെ ഭാര്യയുമായി ഷൈബിനുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നും ഇവർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മൊഴികളെത്തി. ഇപ്പോഴിതാ അന്വേഷണം പുതിയ തലത്തിൽ എത്തുന്നു.
അബുദാബി ഇരട്ടക്കൊലപാതകത്തിൽ മരിച്ച നോർത്ത് ചാലക്കുടി സ്വദേശിനി വാളിയേങ്കൽ ഡെൻസിയുടെ മൃതദേഹം സംസ്‌കരിച്ച നോർത്ത് ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളിയിലെ കുഴിമാടം തുറന്ന് ഭൗതികാവശിഷ്ടം ഇന്നു പുറത്തെടുക്കും. ഇരിങ്ങാലക്കുട ആർഡിഒ എച്ച്. ഹരീഷിന്റെ നേതൃത്വത്തിലായിരിക്കും ഇൻക്വസ്റ്റ്. തൃശൂർ മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലാണ് ഫൊറൻസിക് പരിശോധനയും റീ പോസ്റ്റ്‌മോർട്ടവും.
2020 മാർച്ച് 5നാണ് ഡെൻസിയും ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ ഹാരിസും കൊല്ലപ്പെട്ടത്. ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫാണു കൊലപാതകത്തിലെ സൂത്രധാരനെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഷാബാ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് സൂചന ലഭിച്ചത്. തങ്ങളാണു കൊലപാതകം നടത്തിയതെന്നും ഷൈബിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്നുമാണ് പ്രതികളുടെ കുറ്റസമ്മതം. ഇതേ തുടർന്നാണ് റീ പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികളിലേക്കു കടന്നത്. പോസ്റ്റ് മോർട്ടം നിർണ്ണായക തെളിവായി മാറുകയും ചെയ്യും.
ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് ഭാര്യ നസ്ലീനുമായി ഷൈബിൻ രഹസ്യബന്ധം പുലർത്തിയിരുന്നത് ഹാരിസ് അറിഞ്ഞു. ഈ ബന്ധം ഹാരിസ് കൈയോടെ പിടികൂടി. ഇതിനുശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ഹാരിസിനെതിരേ ഷൈബിൻ നേരത്തെ ക്വട്ടേഷൻ നൽകിയിരുന്നു. മകൻ ജീവിച്ചിരിക്കുന്നത് നസ്ലീനയ്ക്കും ഷൈബിനും തടസ്സമായിരുന്നു. നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് മകൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഹാരീസിന്റെ അമ്മ സൈറാബി ആരോപിച്ചിരുന്നു.
പണവും സ്വാധീനവുമുള്ള ആളാണ് ഷൈബിൻ. അയാളെ ഭയന്നിട്ടാണ് ഇത്രയുംകാലം പരാതി നൽകാതിരുന്നത്. ഞങ്ങൾക്ക് നീതി വേണമെന്നതായിരുന്നു അമ്മയുടെ ആവശ്യം. നിലമ്പൂരിൽ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ ഷൈബിൻ അഷ്‌റഫ് പിടിയിലായതോടെയാണ് ഹാരിസിന്റെ മരണത്തിലും സംശയമുണർന്നത്. കേസിലെ കൂട്ടുപ്രതികൾ നൽകിയ പെൻഡ്രൈവിൽ ഹാരിസിനെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ബ്ലൂപ്രിന്റുകളും അടങ്ങിയിരുന്നു. ഹാരിസിനെ കീഴ്‌പ്പെടുത്തി വകവരുത്തേണ്ട പദ്ധതിയുടെ പലഘട്ടങ്ങളാണ് പ്രിന്റെടുത്ത് സൂക്ഷിച്ചിരുന്നത്. ഈ പ്രിന്റുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഹാരിസിന്റെ മരണത്തിലും അന്വേഷണം വേണമെന്ന ആവശ്യമുയർന്നത്.
വാളിയേങ്കൽ ഡെൻസിയുടെ (38) മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനായി വ്യാഴാഴ്ച നോർത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽനിന്ന് പുറത്തെടുക്കും. 2020 മാർച്ചിലാണ് മൃതദേഹം സംസ്‌കരിച്ചത്. മൂന്ന് മക്കളുടെ അമ്മയായ ഇവർ 2019 ഡിസംബറിലാണ് ജോലി തേടി അബൂദബിയിലേക്ക് പോയത്. തുടർന്ന് മൂന്നുമാസം കഴിഞ്ഞ് 2020 മാർച്ചിലായിരുന്നു മരണം. ഏതാനും ദിവസം മുമ്പാണ് മരണം കൊലപാതകമാണെന്ന് വീട്ടുകാർ അറിയുന്നത്. വാഹനാപകടത്തിലാണ് മരണമെന്നാണ് ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം.
പിന്നീട് ഹൃദയാഘാതമാണെന്നും അറിയിച്ചു. എന്നാൽ പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിലെ കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് കൊലപാതകമാണെന്ന രഹസ്യം പുറത്തറിഞ്ഞത്. ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് കൂട്ടുപ്രതികൾ മൊഴിനൽകിയതിനെ തുടർന്നാണ് റീ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചത്.
ഇതിനായി കേസ് അന്വേഷിക്കുന്ന നിലമ്പൂർ ഡിവൈ.എസ്‌പി സാജു കെ. എബ്രഹാം നൽകിയ അപേക്ഷയിൽ ഇരിങ്ങാലക്കുട ആർ.ഡി.ഒ അനുമതി നൽകിയതോടെയാണ് കുഴിമാടം തുറക്കാൻ നടപടിയായത്.
മറുനാടന് മലയാളി ബ്യൂറോ