- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയിൽ പാർട്ടിക്കിടെ സോണാലി ഫോഗട്ടിന് ലഹരിമരുന്ന് നൽകി; നിർബന്ധിപ്പിച്ച് കുടിപ്പിച്ചു; മയക്കിയ ശേഷം പ്രതികൾ ടോയ്ലറ്റിൽ കൊണ്ടുപോയെന്നും ഗോവ പൊലീസ്; തെളിവായി സിസിടിവി ദൃശ്യങ്ങൾ; സൊണാലിയെ ബലാത്സംഗം ചെയ്തുകൊന്നതെന്ന് കുടുംബം
പനാജി: ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണത്തിൽ പുതിയ കണ്ടെത്തലുമായി ഗോവ പൊലീസ്. ഗോവയിൽ പാർട്ടിക്കിടെ സോണാലി ഫോഗട്ടിന് നിർബന്ധിച്ച് ലഹരിമരുന്ന് നൽകിയെന്ന് അറസ്റ്റിലായവർ മൊഴി നൽകിയതായി ഗോവ ഇൻസ്പെകെടർ ജനറൽ ഓംവിർ സിങ് ബിഷ്ണോയി മാധ്യമങ്ങളോട് പറഞ്ഞു.
സൊനാലിയുടെ സഹായികളായ സുധീർ സാഗ്വൻ, സുഖ്വിന്ദർ വസി എന്നിവർ ലഹരിപദാർഥം കലർത്തിയ ദ്രാവകം നിർബന്ധിച്ചു കുടിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇരുവരും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. സൊനാലിക്ക് ലഹരിമരുന്നു നൽകിയെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സുധീർ വാട്ടർബോട്ടിൽനിന്നും സൊനാലിയെ നിർബന്ധിച്ചു ദ്രാവകം കുടിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ട അവരെ, അടുത്തദിവസം രാവിലെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ആന്തരാവയവങ്ങളുടെ രാസപരിശോധനയ്ക്കും മറ്റു പരിശോധനകൾക്കും ശേഷമേ മരണകാരണം സംബന്ധിച്ചു വ്യക്തത ലഭിക്കൂവെന്നു പൊലീസ് പറഞ്ഞു.
ലഹരിമരുന്ന് നൽകി മയക്കിയ സോനാലിയെ പുലർച്ചെ നാലരയോടെ പ്രതികൾ ടോയ്ലറ്റിൽ കൊണ്ടുപോയി. രണ്ടുമണിക്കൂറിന് ശേഷമാണ് പുറത്ത് വന്നത്. അതിനിടയിൽ എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി പാർട്ടിക്ക് പോയ സൊണാലി തിരിച്ചെത്തി മണിക്കൂറുകൾക്ക് ശേഷം അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായികളായ രണ്ടുപേരെ വ്യാഴാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തിരുന്നു. സൊനാലിയുടെ പഴ്സനൽ അസിസ്റ്റന്റ് സുധീർ സാങ്വൻ, അയാളുടെ സുഹൃത്ത് സുഖ്വിന്ദർ വാസി എന്നിവരെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച സൊനാലിക്കൊപ്പം ഇരുവരും ഗോവയിൽ എത്തിയിരുന്നു.
ഫൊഗട്ടിന്റെ ശരീരത്തിൽ ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അതേസമയം, ഇതാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ സൊനാലിയുടെ മൃതദേഹം പരിശോധിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു മുറിവു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
ഡൽഹി എയിംസിൽ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നതായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ കൊലപാതകക്കേസായി രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഗോവയിൽ പോസ്റ്റ്മോർട്ടത്തിന് അനുമതി നൽകുകയായിരുന്നു. സഹോദരി ബലാത്സംഗത്തിന് ഇരയായെന്നും സുധീറും സുഖ്വിന്ദറും ചേർന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് സൊനാലിയുടെ സഹോദരൻ റിങ്കു ധാക്ക നൽകിയ പരാതിയിൽ പറയുന്നത്. ഇതിന്റെ വിഡിയോ ചിത്രീകരിച്ച് അവർ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ ഉണ്ട്.
സൊണാലിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഒരാൾക്ക് മുൻ ഹരിയാന മന്ത്രി ഗോപാൽ കാണ്ഡയുമായി അടുത്ത ബന്ധമുണ്ടെന്ന് സഹോദരൻ റിങ്കു ധാക്ക ആരോപിച്ചിരുന്നു. തുടർന്ന് കാണ്ഡെയും നിരീക്ഷണത്തിലാണ്. സാങ്വാനും കൂട്ടാളി സുഖ്വീന്ദറും ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്ത് ദൃശ്യം വിഡിയോയിൽ പകർത്തി, സൊണാലിയെ ബ്ലാക്‌മെയിൽ ചെയ്തിരുന്നുവെന്നും തുടർന്ന് കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും റിങ്കു ധാക്ക ഗോവ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ടിക്ടോക് വിഡിയോയിലൂടെ പ്രസിദ്ധിയാർജിച്ച സൊനാലി, 2019ൽ ബിജെപി സ്ഥാനാർത്ഥിയായി ഹരിയാന തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്ണോയിയോടു പരാജയപ്പെടുകയായിരുന്നു (ഇദ്ദേഹം പിന്നീട് ബിജെപിയിൽ ചേർന്നു). 2020ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലും ഇവർ പങ്കെടുത്തിട്ടുണ്ട്. 2016ലാണ് സൊനാലിയുടെ ഭർത്താവ് മരിച്ചത്. പതിനഞ്ചുകാരിയായ മകൾ യശോദരയും അമ്മയ്ക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച അഞ്ജുന പൊലീസിൽ നൽകിയ പരാതിയിൽ ഫോഗട്ടിന്റെ സഹോദരൻ റിങ്കു ധാക്കയാണ് രണ്ട് പ്രതികളുടെയും പേര് പരാമർശിച്ചത്. ഓഗസ്റ്റ് 22ന് ഗോവയിൽ എത്തിയ ഫോഗട്ടിനൊപ്പം സാഗ്വാനും വാസിയും ഉണ്ടായിരുന്നു. ഫോഗട്ട് താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സാഗ്വാൻ, വാസി എന്നിവരുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗോവയിൽ വെച്ച് സൊണാലി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നാലെ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. 42 വയസായിരുന്നു. ഓഗസ്റ്റ് 22-ന് തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിലേക്ക് എത്തിയ സോണാലി ഓഗസ്റ്റ് 24 ന് തിരിച്ചു പോകാനിരുന്നതാണ്.
ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഭൂതാൻ ഗ്രാമത്തിലാണ് സൊണാലി സിങ് ഫോഗട്ട് ജനിച്ചത്. ഹിസാറിലെ ഹരിതയിലെ സഞ്ജയ് ഫോഗട്ടിനെയാണ് അവർ വിവാഹം കഴിച്ചു. 2016 ഡിസംബറിൽ സൊണാലി മുംബൈയിലായിരുന്നപ്പോൾ തന്റെ ഫാമിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ സഞ്ജയ് മരിച്ചിരുന്നു. സൊണാലിയുടെ മൂത്ത സഹോദരി വിവാഹം ചെയ്തരിക്കുന്നത് സഞ്ജയുടെ ജ്യേഷ്ഠനെയാണ് .
എട്ട് വർഷം മുമ്പ് ദൂരദർശനിൽ അവതാരകയായിട്ടാണ് അവർ ടെലിവിഷൻ ജീവിതം ആരംഭിച്ചത്. നവാബ് ഷായുടെ ഭാര്യയായി അഭിനയിച്ച സീ ടിവിയിലെ ജനപ്രിയ സീരിയൽ അമ്മയിൽ അവൾക്ക് ഒരു ശ്രദ്ധേയ വേഷം ലഭിച്ചു. ഇന്ത്യ-പാക് വിഭജനത്തെ ആസ്പദമാക്കിയുള്ളതായിരുന്നു സീരിയൽ. ആദംപൂരിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നോമിനിയായി പ്രഖ്യാപിച്ചതിന് ശേഷം സോഷ്യൽ മീഡിയയിലും സൊണാലി ജനപ്രിയയായിരുന്നു, കൂടുതൽ ടിക് ടോക്ക് ഫോളോവേഴ്സിനെ നേടി.
ബിജെപിയുടെ മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റും ഹരിയാന, ന്യൂഡൽഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ പട്ടികവർഗ വിഭാഗത്തിന്റെ ചുമതലയുമായിരുന്നു സൊണാലിയുടെ ഉത്തരവാദിത്തം. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയായിരുന്നു അവർ.
മറുനാടന് മലയാളി ബ്യൂറോ