മുംബൈ: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കും. മരണത്തിൽ ദുരൂഹതയുണർത്തി സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്ന സാഹചര്യത്തിലാണ് നീക്കം.

ആവശ്യമെങ്കിൽ അന്വേഷണം പൊലീസിൽ നിന്നും സിബിഐയ്ക്ക് കൈമാറാൻ ഒരുക്കമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് വ്യക്തമാക്കി. ഹരിയാന മുഖ്യമന്ത്രി കേസന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ശുപാർശ ചെയ്യണമെന്ന് പ്രമോദ് സാവന്ദിനോട് ആവശ്യപ്പെട്ടിരുന്നു.

സൊനാലി രാത്രി ചെലവഴിച്ച റസ്റ്റോറന്റിലേക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ 5 പേരാണ് പൊലീസിന്റെ പിടിയിലായത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സൊനാലി ചെലവഴിച്ച റസ്റ്റോറന്റിന്റെ ഉടമയടക്കം അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. എന്തൊക്കെയാണ് പാനീയത്തിൽ കലർത്തി നടിക്ക് നൽകിയതെന്നറിയാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്.

ലഹരി മരുന്ന് കലർത്തിയ പാനീയം സൊനാലിയെകൊണ്ട് കഴിപ്പിച്ചെന്ന് കസ്റ്റഡിയിലുള്ള പിഎ സുധീർ സാംഗ്വാൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗിച്ചതിനാൽ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയുടെ ദൃശ്യങ്ങൾ റസ്റ്റോറന്റിലെ സിസിടിവിയിൽ നിന്നും കിട്ടിയിട്ടുമുണ്ട്.

ഗോവയിലെ പബിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നടക്കാൻ ബുദ്ധിമുട്ടുന്ന സൊനാലിയെ ഒരാൾ പിടിച്ചുകൊണ്ട് പബിലെ ടേബിളിൽ എത്തിക്കുന്ന ദൃശ്യങ്ങളും നിർബന്ധിച്ച് ലഹരി പാനീയം കുടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഒരു മിനിറ്റിൽ താഴെ മാത്രമുള്ള വിഡിയോയിൽ സൊനാലി ഫോഗട്ട് ചുവപ്പ് നിറത്തിലുള്ള ടോപ്പും നീല ഷോട്‌സുമാണ് ധരിച്ചിരിക്കുന്നത്. വിഡിയോയിൽ സൊനാലിയെ ടേബിളിനടുത്തേക്ക് എത്തിക്കുന്നത് അവരുടെ സഹായി സുധീർ സാങ്‌വാനാണെന്നാണ് സംശയം. സൊനാലിയുടെ കൊലപാതക കേസിൽ സുധീർ സാങ്‌വാൻ കുറ്റാരോപിതനാണ്. മറ്റൊരു സഹായിയായ സുഖ്‌വീന്ദർ വാസിയും സ്ഥലത്തുണ്ടായിരുന്നു. പുലർച്ചെ 4.27നുള്ള വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ഓഗസ്റ്റ് 22നാണ് സൊനാലി സഹായികൾക്കൊപ്പം ഗോവയിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 23ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമെന്നായിരുന്നു പ്രാഥമിക നിഗമനം.

വടക്കൻ ഗോവയിലുള്ള കേർലീസ് റസ്റ്റോറന്റ് ലഹരി മരുന്ന് ഉപയോഗം സ്ഥിരമായി നടക്കുന്ന കേന്ദ്രമാണെന്ന് പൊലീസ് പറയുന്നു. മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമാണ് റസ്റ്റോറന്റ് ഉടമ എഡ്വിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളാണ് സംഭവം നടന്ന ദിനം ഉപയോഗിക്കപ്പെട്ടത്.

2008 ൽ ഒരു ബ്രിട്ടീഷ് കൗമാരക്കാരിയെ ഗോവാ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും പ്രതിസ്ഥാനത്ത് കേർലീസ് റസ്റ്റോറന്റ് ഉണ്ടായിരുന്നു. മരിക്കും മുൻപ് പെൺകുട്ടി ഈ റസ്റ്റോറന്റിലേക്ക് പോയിരുന്നെന്നും മയക്കുമരുന്ന് നൽകി പീഡിപ്പിക്കപ്പെട്ടെന്നുമായിരുന്നു ആരോപണം. സൊനാലിയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ പിഎ സുധീർ സാംഗ്വാനും സൊനാലിയുടെ തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം.

സൊനാലിയെ ഇയാൾ ബലാത്സംഗം ചെയ്‌തെന്ന് വരെ സഹോദരൻ ആരോപിച്ചു. എന്നാൽ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നതടക്കം സമീപകാല ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. മാത്രമല്ല ഹരിയാനയിൽ സുധീർ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തപ്പോൾ ഭാര്യയായി രേഖകളിൽ സൂചിപ്പിച്ചിരിക്കുന്നത് സൊനാലിയെയാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.