കായംകുളം: ആശുപത്രി സംഘർഷങ്ങൾക്ക് പിന്നിൽ വീണ്ടും സിപിഎം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രശ്‌നമുണ്ടാക്കുന്നത് ഡി ആർ ഫാൻസ് എന്ന് അറിയപ്പെടുന്ന സിപിഎമ്മുകാരാണ്. കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി മർദ്ദനവും സിപിഎം നേതാവിന്റെ വകയായിരുന്നു. ഡി വൈ എഫ് ഐ നേതാവായിരുന്നു മുഖ്യ പ്രതി. ഇപ്പോൾ കായകുളം താലൂക്ക് ആശുപത്രി അക്രമത്തിലും സിപിഎം തന്നെയാണ് പ്രതി.

ആശുപത്രി സംഘട്ടനത്തിൽ പരുക്കേറ്റതിനെ തുടർന്ന് ചികിത്സയ്‌ക്കെത്തിയയാളെ പിന്തുടർന്നെത്തിയ ഗുണ്ടാ സംഘം താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു കായംകുളത്തുണ്ടായത്. സംഭവത്തിൽ സിപിഎം പ്രാദേശിക നേതാക്കളടക്കം 8 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. സിപിഎം ടൗൺഹാൾ എ ബ്രാഞ്ച് സെക്രട്ടറി സുധീർ, ടൗൺഹാൾ ബി ബ്രാഞ്ച് സെക്രട്ടറി അരുൺ, ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗം സാജിദ് എന്നിവരും കണ്ടാലറിയാവുന്ന 5 പ്രതികളുമാണ് സംഭവത്തിലുള്ളത്.

സാധാരണ ഗതിയിൽ ജാമ്യമില്ലാ ഗുരുതര കുറ്റമാണ് ഇത്. എന്നാൽ പ്രതികളെ പൊലീസ് അത്ര പെട്ടെന്ന് അറസ്റ്റ് ചെയ്യില്ല. പ്രതികൾ ജാമ്യം ഉറപ്പിക്കാനുള്ള ശ്രമവും നടത്തും. എന്നാൽ ആശുപത്രി അതിക്രമത്തിൽ കോടതി കർശന നിലപാട് എടുക്കും. അതിനാൽ പ്രതികൾക്ക് അഴിയെണ്ണേണ്ടി വരും. ഇവരെല്ലാം ഉടൻ പൊലീസിന് മുമ്പിൽ കീഴടങ്ങാനും സാധ്യതയുണ്ട്. ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി തീരുമാനം വന്ന ശേഷം കീഴടങ്ങൽ മതിയെന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം. കെപിഎസി ജംക്ഷനിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ കല്ലുംമൂട് സ്വദേശി സുരേഷിന് പരുക്കേറ്റിരുന്നു. അതിക്രൂരമായ മർദ്ദനാണ് നടന്നത്. ആദ്യം ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള തല്ലായാണ് ഏവരും കരുതിയത്. എന്നാൽ സിസിടിവി പരിശോധന അന്വേഷണം സഖാക്കളിലെത്തിച്ചു.

സുരേഷ് താലൂക്ക് ആശുപത്രിയിൽ എത്തിയതിന് പിന്നാലെ സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള അക്രമി സംഘം ആശുപത്രിയിലെത്തി വീണ്ടും സുരേഷിനെ മർദിച്ചു. ഡോക്ടറുടെ കാബിനിൽ കയറി വാതിൽ പൂട്ടിയശേഷം സുരേഷ് മറ്റൊരു വഴിയിലൂടെ ഓടിമാറി. ഇതിനിടെയാണ് കാബിന്റെ വാതിൽച്ചില്ലുകളും കസേരകളും ആശുപത്രി ഉപകരണങ്ങളും അക്രമി സംഘം തല്ലിത്തകർത്തത്. ആശുപത്രി ജീവനക്കാർ ശക്തമായി പ്രതിഷേധിച്ചു. ഈ സാഹചര്യത്തിലാണ് പ്രതികൾക്കെതിരെ കേസെടുക്കേണ്ടി വന്നത്. പ്രതികൾക്കെതിരെ എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കായംകുളം പൊലീസ് കേസെടുത്തത്.

വെള്ളിയാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ സംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ആശുപത്രിക്ക് പുറത്ത് വെച്ച് ഇവർ ആദ്യം ഏറ്റുമുട്ടി.ഇതില് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയയാളെ പിന്തുടർന്ന് എത്തിയ സംഘമാണ് ഒ.പി ബ്ലോക്കിലും വാർഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ് ചികിത്സ തേടിയ സുരേഷിനെ പിന്തുടർന്ന് അക്രമി സംഘം എത്തുകയായിരുന്നു.

ഡോക്ടറുടെ കാബിനിൽ എത്തിയ സംഘം ചില്ലുകളും കസേരകളും ഉപകരണങ്ങളും അടക്കം നശിപ്പിച്ചു. ആശുപത്രിയിലെ സി സി ടി വിയിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. നിരവധി ക്രിമിനൽ കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സിടിവി ദ്യശ്യങ്ങളും ഡോക്ടർമാരുടെ മൊഴിയും പരിശോധിച്ച ശേഷമായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞ് കെസെടുത്തത്. സാജിദും അരുണും നിരവധി ക്രിമിനൽ കേസിലെ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതികളായ അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകരെ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്റ് ചെയ്തിരുന്നു. കേസിൽ ഡിവൈഎഫ്‌ഐക്കാരായ അഞ്ച് പ്രതികൾ ജില്ലാ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് കീഴടങ്ങിയിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം കെ അരുൺ ഉൾപ്പടെയുള്ളവർ നടക്കാവ് സ്റ്റേഷനിൽ കീഴടങ്ങിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും ഒരു മാധ്യമ പ്രവർത്തകനെയും ക്രൂരമായി മർദ്ദിച്ച സംഭവം നടന്ന് ഒരാഴ്ചയായിട്ടും പൊലീസിന് കണ്ടെത്താനാവാതിരുന്ന പ്രതികളാണ് കോടതി മുൻകൂർ ജാമ്യേപക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.