ബെംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്‌നചിത്രങ്ങൾ സുഹൃത്തുക്കൾക്കും സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ കാമുകിയായ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ ഡോക്ടർ വികാഷ് രാജൻ (27) ആണ് കൊല്ലപ്പെട്ടത്. വികാഷിനെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകമടക്കമുള്ള കുറ്റം ചുമത്തിയാണ് യുവതിയേയും സുഹൃത്തുക്കളായ സുനിൽ, സുശീൽ, ഗൗതം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആർക്കിടെക്ട് ആയ യുവതിയും ഡോക്ടറുംം ലിവ് ഇൻ റിലേഷൻഷിപ്പിലാവുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും വീട്ടുകാരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതി അറിയാതെ യുവതിയുടെ വികാഷ് സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ആയിരുന്നു. തന്റെ നഗ്‌നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്രതീക്ഷിതമായി കണ്ട യുവതി വികാഷിനോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. എന്നാൽ അത് താൻ ഒരു വ്യാജ ഐഡി ഉപയോഗിച്ച് 'ജസ്റ്റ് ഫോർ ഫൺ' ന് വേണ്ടി പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നായിരുന്നു വികാഷിന്റെ മറുപടി. ഇതിൽ പ്രകോപിതയായ യുവതി ഇയാളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചുവെന്ന് സൗത്ത് ഈസ്റ്റ് ബെംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സി.കെ. ബാബ പറഞ്ഞു.

യുക്രൈനിൽ നിന്ന് എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയ വികാഷ് രണ്ട് വർഷം ചെന്നൈയിൽ ജോലി ചെയ്ത ശേഷമാണ് ബെംഗളൂരുവിലേക്ക് വന്നത്. ഒരാഴ്ച മുമ്പ് വികാഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസം കോമയിൽ കിടന്ന വികാഷ് പിന്നീട് മരിച്ചു. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന സാരമായ മുറിവുകൾ കണ്ട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. വിശദമായ അന്വേഷണത്തിലാണ് യുവതിയും സുഹൃത്തുക്കളും ചേർന്ന് വികാഷിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

പ്രതികളിലൊരാളായ സുഷീലിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. സെപ്റ്റംബർ 10-ന് യുവാവിനെ യുവതി സുശീലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തുക്കളേയും കൂടെ കൂട്ടിയിരുന്നു. മദ്യപാനം ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യുവതിയും സുഹൃത്തുക്കളും ചേർന്ന് വികാഷിനെ നിലം തുടക്കുന്ന മോപ്പ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ യുവതി തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.