കൊച്ചി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും വഴിവിട്ട ബന്ധം ഉപേക്ഷിക്കാതെ പൊലീസ് സേനയിലെ 'അനുഭാവികൾ'. എൻഐഎ പരിശോധനയുടെ പേരിൽ നടത്തിയ സംസ്ഥാനത്തെ ഹർത്താലിൽ ആക്രമണം നടത്തിയതിന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടുകാർക്ക് പൊലീസ് ഉദ്യോഗസ്ഥൻ വഴിവിട്ട് സഹായം ചെയ്തുകൊടുത്ത് സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സിയാദാണ് പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയത്. സംഭവത്തിൽ സിയാദിനെതിരെ അന്വേഷണം ആരംഭിച്ചു.

ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസ് തകർത്ത കേസിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായത്. മൂന്ന് പ്രവർത്തകരെ പെരുമ്പാവൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർക്ക് പെരുമ്പാവൂർ സ്റ്റേഷനിൽ എത്തി ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് സിയാദ് ആയിരുന്നു. സഹപ്രവർത്തകർ ഇതിൽ നിന്നും സിയാദിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ല.

സംഭവത്തിൽ പരാതി ഉയർന്നതോടെ സിയാദിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തിരുന്നു. വർഷങ്ങൾക്ക് മുൻപ് പെരുമ്പാവൂർ സ്റ്റേഷനിൽ തോക്കുമായി അറസ്റ്റിലായ ഗുണ്ടയെയും സിയാദ് സഹായിച്ചിരുന്നു. അന്ന് ഇയാളെ പറവൂർ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

അടുത്തിടെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കൾക്ക് സംഘപരിവാർ നേതാക്കളുടെ വ്യക്തിവിവരങ്ങൾ പൊലീസിന്റെ ഡാറ്റാ ബേസിൽ നിന്നും അനസ് എന്ന പൊലീസുകാരൻ ചോർത്തിയത് വലിയ പ്രതിഷേധമുയർത്തിയിരുന്നു. വിവരങ്ങൾ ചോർത്തിയ തൊടുപുഴ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ അനസിനെ സസ്‌പെൻഡ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തിരുന്നു. കേരള പൊലീസിൽ നിന്ന് പോപ്പുലർ ഫ്രണ്ടിനും എസ്ഡിഐയ്ക്കും വഴിവിട്ട സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന് നേരത്തെ മുതൽ ആരോപണം ഉയർന്നിരുന്നു.

ഇതിന് പിന്നാലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കെന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയതും വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാൽ രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ പേരിൽ നിരോധിച്ച സംഘടനയുടെ പ്രവർത്തകർക്ക് സഹായം ചെയ്തു നൽകിയത് അങ്ങേയറ്റം ഗൗരവത്തോടെ കാണണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.