- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി ക്ഷേത്രങ്ങളിൽ മോഷണം; ഇതുവരെ കുത്തിത്തുറന്നത് ആയിരത്തിലധികം ഭണ്ഡാരങ്ങൾ; കൂടാതെ അഞ്ച് ബൈക്കുകളും മോഷ്ടിച്ചു: ചില്ലറ നാണയങ്ങൾ മാറുമ്പോൾ പൊലീസിന്റെ കസ്റ്റഡിയിൽ
കട്ടപ്പന: ക്ഷേത്രങ്ങളിൽ കറങ്ങി നടന്ന് മോഷണം നടത്തിയ ആൾ പൊലീസിന്റെ പിടിയിൽ. മലപ്പുറം എടപ്പാൾ സ്വദേശിയായ സജീഷ് ശിവദാസൻ (43) ആണ് കട്ടപ്പനയിൽ വെച്ച് പൊലീസിന്റെ പിടിയിലായത്. ആയിരത്തിലധികം ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു. മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിലായി 30 ക്ഷേത്രങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ ചില്ലറ നാണയങ്ങൾ കൊടുത്ത് നോട്ടുകളാക്കി മാറ്റാൻ ശ്രമിക്കുന്നത് കണ്ട് സംശയം തോന്നിയ കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇടുക്കി ജില്ലയിൽ കുമളിയിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു പ്രതി. ക്ഷേത്രമോഷണം കൂടാതെ അഞ്ച് ബൈക്കുകളും മോഷ്ടിച്ചതായി ഇയാൾ പൊലീസിനോടു സമ്മതിച്ചു. അറസ്റ്റിലാകുമ്പോൾ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തിൽ നിന്നു ഭണ്ഡാരം പൊട്ടിച്ചെടുത്ത നാണയങ്ങളും നോട്ടുകളും കൈവശമുണ്ടായിരുന്നു. അഞ്ചു ബൈക്കുകളുടെ താക്കോലും പൊലീസ് പിടിച്ചെടുത്തു. 20 വർഷത്തോളമായി അമ്പലങ്ങളിൽ മോഷണം നടത്തുകയും മോഷണത്തിനായി അടുത്ത പ്രദേശങ്ങളിൽ നിന്നു ബൈക്കുകൾ മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു രീതി.
മോഷ്ടിച്ച ബൈക്കുകൾ കെഎസ്ആർടിസി, റെയിൽവേ പാർക്കിങ് കേന്ദ്രങ്ങളിൽ വച്ച ശേഷം താക്കോലുമായി കടന്നുകളയും. വീണ്ടും ഇതേ സ്ഥലങ്ങളിൽ മോഷണത്തിനെത്തുമ്പോൾ ഈ ബൈക്കുകൾ ഉപയോഗിക്കും. വിലകൂടിയ മദ്യവും ഭക്ഷണവും കഴിക്കുന്നതിനും ആഡംബര ലോഡ്ജുകളിൽ താമസിക്കുന്നതിനും ആണ് പണം വിനിയോഗിച്ചിരുന്നതെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. സ്വകാര്യ ആയുർവേദ കമ്പനിയിലെ സെയിൽസ് എക്‌സിക്യൂട്ടീവ് ആണെന്നാണ് കുമളിയിലെ ലോഡ്ജിൽ പറഞ്ഞിരുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു കിട്ടുന്ന ചില്ലറയാണ് എന്നു പറഞ്ഞാണ് പണം മാറിയിരുന്നത്.
കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ് മോന്റെ നേതൃത്വത്തിൽ, സ്‌പെഷൽ ടീം അംഗങ്ങളായ എസ്‌ഐ സജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ജെ.സിനോജ്, ടോണി ജോൺ, വി.കെ.അനീഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ