കൊച്ചി: സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളെ സിപിഎം അവഗണിക്കും. അപ്പോഴും ഇനി എന്തെല്ലാം തെളിവുകൾ പുറത്തു വരുമെന്നതിൽ ആശങ്ക ശക്തമാണ്. അതുകൊണ്ട് തന്നെ ഇനി സ്വപ്നയെ പ്രകോപിപ്പിക്കില്ല. കേരളത്തിൽ നടക്കുന്ന വികസനം കെറെയിലും കെഫോണുമല്ല 'വിറെയിലും വിഫോണുമാണെന്ന്' സ്വപ്ന സുരേഷ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതികളുടെ യാഥാർഥ്യം ഇവിടെയാർക്കും മനസ്സിലാവുന്നില്ല. കോവിഡിന്റെ മറവിൽ സംസ്ഥാന സർക്കാർ മുന്നോട്ടു വച്ച മുഴുവൻ പദ്ധതികളും മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും വികസനത്തിനു വേണ്ടി ആവിഷ്‌കരിച്ചതാണെന്നും സ്വപ്ന പറഞ്ഞു.

സ്വപ്ന സുരേഷ് ഉന്നയിച്ച പുതിയ സാമ്പത്തിക സദാചാര ലംഘന ആരോപണങ്ങൾ അവഗണിക്കാനാണ് സിപിഎം തീരുമാനം. എന്നാൽ പാർട്ടിക്കുള്ളിൽ അതു നീറിക്കത്താൻ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനും കുടുംബത്തിനും എതിരെ കൂടുതൽ കനത്ത സാമ്പത്തിക അഴിമതി ആക്ഷേപങ്ങൾ സ്വപ്ന നിരത്തിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, സംസ്ഥാനകമ്മിറ്റി അംഗം പി.ശ്രീരാമകൃഷ്ണൻ, എംഎൽഎയും സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുരേന്ദ്രൻ എന്നിവർ തന്നോട് ലൈംഗികച്ചുവയോടെ അടുക്കാനും ബന്ധം പുലർത്താനും ശ്രമിച്ചെന്നു ബന്ധപ്പെട്ടവരെ കീറി മുറിക്കുന്ന ഭാഷയിൽ അവർ ആരോപിച്ചിരിക്കുന്നു. സ്പ്രിങ്ലർ വിവാദത്തിലെ തെളിവുകൾ സ്വപ്‌നയുടെ കൈയിലുണ്ടെന്ന വിലയിരുത്തൽ സജീവമാണ്.

തന്റെ ആത്മകഥയുടെ രണ്ടാം ഭാഗത്തിലൂടെ വികസനത്തിന്റെ പേരിൽ കേരളത്തിൽ നടത്തിയ ഇടപാടുകളുടെ കൂടുതൽ തെളിവുകളും ചിത്രങ്ങളും പുറത്തുവിടുമെന്ന് സ്വപ്ന പറഞ്ഞു. ഈ പുസ്തകം പൂർത്തിയാക്കാൻ താൻ ജീവനോടെ അവശേഷിച്ചാൽ അതൊരു 'ന്യൂക്ലിയർ ബോംബാ'യിരിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. ഇത് സിപിഎമ്മിനേയും സർക്കാരിനേയും വെട്ടിലാക്കുന്നതാണ്. കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും ശ്രീരാമകൃഷ്ണനും എതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. സ്വപ്ന ലൈംഗിക പീഡനാരോപണത്തിൽ പൊലീസിൽ പരാതി നൽകില്ല. ഇത് സിപിഎമ്മിനും സർക്കാരിനും ആശ്വാസമാണ്. അതുകൊണ്ട് തന്നെ പ്രകോപനങ്ങളിലൂടെ സ്വപ്നയെ കേസ് കൊടുക്കാനുള്ള മാനസിക അവസ്ഥയിലേക്ക് എത്തിക്കില്ല. ചെറിയ രാഷ്ട്രീയ പ്രസ്താവനകളിലൂടെ പ്രതിരോധം തീർക്കും. ആരോപണ വിധേയർ പോലും പ്രതികരിക്കാൻ തയാറായിട്ടില്ല. ചിലരുടെ ഫോൺ ഓഫ് ആണ്. തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനേ കടകംപള്ളിക്ക് കഴിഞ്ഞുള്ളൂ.

നേരത്തെ കെടി ജലീലിനെതിരെ മാധ്യമം പ്ത്രത്തിനെതിരെ നടത്തിയ ഇടപെടലുകളുടെ തെളിവുകൾ സ്വപ്‌ന പുറത്തു വിട്ടിരുന്നു. ആദ്യ ആത്മകഥയിൽ ശിവശങ്കറുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രവും. അതുകൊണ്ട് തന്നെ കരുതലോടെ സ്വപ്നയെ നേരിടും. ആത്മകഥയിലെ രണ്ടാം ഭാഗം വന്ന ശേഷം മാത്രമേ ആരോപങ്ങളിൽ വ്യക്തത വരൂ. അതുവരെ കാത്തിരിക്കും. 'മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണു മുഴുവൻ പദ്ധതികളുടെയും 'മാസ്റ്റർ ബ്രെയിൻ' എന്നാണ് സ്വപ്‌ന പറയുന്നത്. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ശിവശങ്കറും സംസ്ഥാനത്ത് തുടർഭരണം പ്രതീക്ഷിക്കാതിരുന്ന ഘട്ടത്തിലാണ് ഇത്തരം പദ്ധതികൾ ആവിഷ്‌കരിച്ചത്.

അധികാരം നഷ്ടപ്പെടും മുൻപു മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കേണ്ട ചുമതലയാണു ശിവശങ്കറിനുണ്ടായിരുന്നത്. അതിനു വേണ്ടി അദ്ദേഹം എന്നെ ഉപകരണമാക്കി. ആ സാമ്രാജ്യത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനവും ഉറപ്പാക്കിയിരുന്നു. ശിവശങ്കറില്ലാതെ ഒന്നും മുന്നോട്ടു പോവില്ലെന്ന വിശ്വാസത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും അദ്ദേഹം എത്തിച്ചു' സ്വപ്ന പറഞ്ഞു. വിദേശകമ്പനി പ്രതിനിധികളുമായുള്ള ആശയവിനിമയത്തിനും ബിസിനസ് ഇടപാടുകൾ പറഞ്ഞ് ഉറപ്പിക്കുന്നതിനും വേണ്ടിയാണ് ശിവശങ്കർ തന്നെ ദുരുപയോഗിച്ചതെന്നു തിരിച്ചറിയാൻ വൈകിയതാണു സ്വർണക്കടത്തിൽ പ്രതിയായി ജയിലിൽ പോവാൻ കാരണമെന്നും അവർ അഭിപ്രായപ്പെട്ടു.

ജാമ്യം ലഭിച്ചു ജയിലിൽ നിന്നു പുറത്തു വന്ന ശേഷം വെളിപ്പെടുത്തിയ മുഴുവൻ കാര്യങ്ങളുടെയും തെളിവുകൾ തന്റെ െകയിലുണ്ടെന്നവർ അവകാശപ്പെട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഇതിനകം ഉന്നയിച്ച സ്വർണക്കടത്ത്, കമ്മിഷൻ ഇടപാടുകളിൽ ഉറച്ചു നിൽക്കുന്നു. മുഴുവൻ തെളിവുകളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിനു(ഇഡി) കൈമാറിയിരുന്നു. എന്നാൽ, ഇഡിയുടെ അന്വേഷണ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ സ്വാധീനത്തിനു വിധേയപ്പെട്ടെന്നു കേട്ടപ്പോൾ ഞെട്ടിപ്പോയി. ഇക്കാരണത്താലാണ് ഇഡി അദ്ദേഹത്തെ കൊച്ചിയിൽ നിന്നു സ്ഥലം മാറ്റിയതെന്നും കേട്ടതായി സ്വപ്ന പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ പലരും 'ലൈംഗിക മോഹഭംഗം' അനുഭവിക്കുന്നവരാണെന്നു സ്വപ്ന സുരേഷ് കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള രോഗാതുരമായ മനോവൈകൃതത്തിന് അടിമകളായ മന്ത്രിമാരുമുണ്ട്. യുഎഇ കോൺസുലേറ്റിലെ സ്വാധീനമുള്ള പദവിയും മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്തബന്ധവുമുണ്ടായിരുന്ന തന്നോടുപോലും ഇവർ മോശമായി ഇടപെട്ടു. അപ്പോൾ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എത്രമാത്രം ഭീകരമായിരിക്കുമെന്നും സ്വപ്ന ചോദിച്ചു.

സ്വപ്‌നയുടെ ആരോപണത്തിൽ പ്രതികരണം തൽക്കാലം വേണ്ടെന്ന തീരുമാനമാണ് പാർട്ടി നേതൃത്വം എടുത്തിരിക്കുന്നത്. ദിവസവും സ്വപ്ന ഓരോന്നു പറയുമ്പോൾ അതിനെല്ലാം മറുപടി പറയാൻ കഴിയില്ലല്ലോ എന്നാണു നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പാർട്ടിക്കു വേണ്ടി ശബ്ദിച്ചിരുന്ന സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിശ്ശബ്ദമായതും പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ മാസം 29 മുതൽ 31 വരെ പാർട്ടി കേന്ദ്രകമ്മിറ്റി ചേരുന്നുണ്ട്. നവംബർ 4 മുതൽ 6 വരെ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും.