- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
42 വർഷം മുൻപ് ഞാൻ അയാളെ കട്ടിലിൽ കെട്ടിയിട്ട് തല്ലിക്കൊന്നു; എന്തുകൊണ്ടാണ് നിങ്ങൾ എന്നെ ഇതുവരെ പിടിക്കാതിരുന്നത് ? പൊലീസ് സ്റ്റേഷനിൽ എത്തി 20 വയസ്സുള്ളപ്പോൾ നടത്തിയ കൊലയെക്കുറിച്ച് കുറ്റസമ്മതം നടത്തിയ 62 കാരന് ഇനി ജീവിത കാലം മുഴുവൻ ജയിലിൽ കഴിയാം
ലണ്ടൻ: പിടിക്കപ്പെടാതെ പോകുന്ന ധാരാളം കുറ്റവാളികൾ ഉണ്ട്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെട്ടുകൂടാ എന്ന മനുഷ്യത്വത്തിൽ ഊന്നിയ നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന ജനാധിപത്യ രാജ്യങ്ങളിൽ ഇത്തരത്തിലുള്ളവർ അധികമുണ്ടാവുകയും ചെയ്യും. പക്ഷെ, അത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട്, പിടിക്കപ്പെടാതിരിക്കുന്ന്വരിൽ ചിലർക്കെങ്കിലും കാലം കഴിയുമ്പോൾ മനസ്സിൽ കുറ്റബോധത്തിന്റെ ഭാരം പെരുകും.
കുത്തുന്ന കുറ്റബോധം ജീവിതത്തിന്റെ ശാന്തിയെ കെടുത്തുമ്പോൾ എല്ലാം തുറന്ന് പറയാതിരിക്കാൻ അവർക്ക് ആയെന്നു വരില്ല. നക്സൽ വർഗീസ് കൊലപാതക കേസിൽ നമ്മൾ കേരളീയർ അത്തരത്തിലൊന്ന് നേരിട്ട് സാക്ഷ്യം വഹിച്ചതാണ്. അത്തരത്തിൽ മനസ്താപം വന്നിട്ടല്ലെങ്കിൽ കൂടി ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ചെയ്ത ഒരു കുറ്റകൃത്യം ഏറ്റു പറഞ്ഞിരിക്കുകയാണ് ജോൺ പോൾ എന്ന 61 കാരൻ.
പടിഞ്ഞാറൻ ലണ്ടനിലെ നോട്ടിങ്ഹാം നിവാസിയായ ജോൺ പോൾ ഹാമസ്ംസിത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് 1980 ജൂണിൽ നടത്തിയ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞവർഷം മെയ് 5 നായിരുന്നു ഇയാൾ വെളിപ്പെടുത്തൽ നടത്തിയത്. കുറ്റം ചെയ്തെന്ന് വെളിപ്പെടുത്തിയ അയാളോട് എന്ത് കുറ്റം എന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ശാന്തനായി പുഞ്ചിരിതൂകിയാണ് അയാൾ കൊലപാതകം എന്ന് പറഞ്ഞത്. അന്ന് 43 വയസ്സുണ്ടായിരുന്ന ആന്റണി ബേഡ് എന്ന ഒരു ബാർമാനെയായിരുന്നു കൊന്നത്.
പിന്നീട് അയാൾ ബേഡിനെ കൊന്നതെങ്ങനെയെന്നും വിവരിച്ചു. കാലുകളും, കൈകളൂം കട്ടിലിനോട് ചേർത്ത് കെട്ടി പിന്നീട് ഒരു മരത്തടികൊണ്ട് തലക്ക് അടിക്കുകയായിരുന്നു എന്ന് അയാൾ പറഞ്ഞു. എന്നിട്ടും മരിക്കാതായപ്പോൾ ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തു. വഴിയരികിൽ വെച്ച് കണ്ടു മുട്ടിയ അയാൾ തന്നോട് അയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ജോൺ പോൾ കോടതിയിൽ പറഞ്ഞു. അങ്ങനെയാണ് ജോൺ ആന്റണിയുടെ വാസസ്ഥലത്ത് എത്തിച്ചേർന്നത്.
ജോൺ പോളിന്റെ വെളിപ്പെടുത്തൽ കേട്ട പൊലീസുകാർ തെളിയാത്ത കേസുകളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഈ കൊലപാതക വിവരം ഉയർന്നു വരികയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഒരു ഫ്ളാറ്റിൽ ഒറ്റക്ക് താമസിച്ചിരുന്ന ആന്റണി ബേഡ് ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി. തെരുവുകളിൽ നിന്നും പുരുഷന്മാരെ തേടിപ്പിടിച്ച് താമസ സ്ഥലത്ത് എത്തിക്കുകയും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം അവർക്ക് പണം നൽകുകയും ചെയ്തിരുന്നു എന്നും പൊലീസ് പറയുന്നു.
റെയിൽവേ ടാപ്പ് പബ്ബിലെ ജീവനക്കാരനായിരുന്ന ആന്റണി ബേഡ് ജോലിക്ക് ഹാജരാകാതിരുന്നതിനാൽ തൊഴിലുടമ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. കുറ്റ സമ്മതം നടത്തിയെങ്കിലും വിചാരണ സമയത്ത് ജോൺ പോൾ കുറ്റം നിഷേധിച്ചു. എന്നാൽ, അപ്പോഴേക്കും പൊലീസ് ആവശ്യത്തിനുള്ള് തെളിവുകൾ ശേഖരിച്ചിരുന്നു. ജോൺ പോൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അടുത്തമാസം ശിക്ഷ വിധിക്കും എന്ന് അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ