തിരുവനന്തപുരം: രാജ്യത്ത് വിപണിയിലുള്ള പ്രശസ്തമായ ബ്രാന്റ് സാനിറ്ററി പാഡുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് പഠനം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടോക്സിക് ലിങ്ക് എന്ന സംഘടനയുടെ പഠനത്തിലാണ് ആശങ്കയുണർത്തുന്ന വിവരങ്ങളുള്ളത്.

ഇന്ത്യയിൽ വിപണി കൈയടക്കിയിരിക്കുന്ന പല സാനിറ്ററി പാഡുകളിലും കാർസിനോജൻ, പ്രത്യുൽപാദന വിഷവസ്തുക്കൾ, എൻഡോക്രൈൻ ഡിസ്റപ്റ്ററുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയത്. ഇവ സ്ത്രീകളിൽ അലർജി മുതൽ വന്ധ്യതയും അർബുദവും ഉൾപ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് പഠനം പറയുന്നു.

ദേശീയ കുടുംബാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 15നും 24നും ഇടയിൽ പ്രായമുള്ള 65 ശതമാനം സ്ത്രീകളും സാനിറ്ററി പാഡ് ഉപയോഗിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.

തിങ്കളാഴ്ചയാണ് റാപ്ഡ് ഇൻ സീക്രസി എന്ന പേരിലുള്ള പഠനം ടോക്‌സിക് ലിങ്ക് പ്രസിദ്ധീകരിച്ചത്. ഫാലേറ്റ്‌സ്, വോളറ്റൈൽ ഓർഗാനിക് കോംപൗണ്ട് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം ഇന്ത്യയിൽ വിൽക്കുന്ന പല സാനിറ്ററി പാഡുകളിലുമുള്ളതായി പഠനസംഘം പറയുന്നു.

ഉത്പ്പന്നത്തെ മൃദുവാക്കാനും അയവുള്ളതാക്കാനും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫാലേറ്റ്‌സ്. വിവിധ പ്‌ളാസ്റ്റിക് ഉത്പ്പന്നങ്ങളിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു രാസവസ്തുവാണിത്. രാജ്യത്ത് ഏറ്റവുമധികം വിൽക്കുന്ന രണ്ട് ബ്രാൻഡുകളിൽ ആറ് തരത്തിലുള്ള ഫാലേറ്റുകൾ അടങ്ങിയിരിക്കുന്നതായി പഠനം കണ്ടെത്തി. കിലോയ്ക്ക് 10 മുതൽ 19,600 മൈക്രോഗ്രാം എന്ന പരിധിയിലാണ് ഈ രാസവസ്തു പാഡുകളിൽ അടങ്ങിയിരിക്കുന്നത്.

സ്ത്രീകളെ വന്ധ്യതയിലേക്ക് ഉൾപ്പെടെ നയിക്കുന്ന എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്‌സ് കാരണമാകുന്നു. കൂടാതെ ഗർഭധാരണത്തിലെ സങ്കീർണതകൾ, ഇൻസുലിൻ പ്രതിരോധം, രക്താതിസമ്മർദം മുതലായവയിലേക്കും ഫാലേറ്റ്‌സ് നയിക്കുന്നു.

സാനിറ്ററി പാഡുകൾ വഴി മാത്രമേ സ്ത്രീകൾ ഫാലേറ്റ്‌സുകളുമായി സമ്പർക്കത്തിൽ വരൂ എന്ന് സ്ഥാപിക്കാൻ പഠനം ഉദ്ദേശിക്കുന്നില്ലെന്ന് പഠനസംഘത്തിലുൾപ്പെടെ പ്രീതി മഹേഷ് എന്ന ഗവേഷക വ്യക്തമാക്കി. എന്നാൽ യോനിയിലെ കോശങ്ങൾക്ക് മറ്റ് കോശങ്ങളേക്കാൾ അപകടസാധ്യത കൂടുതലാണെന്ന് ഇവർ വ്യക്തമാക്കി.

സാനിറ്ററി നാപ്കിനുകളിൽ ഉപയോഗിക്കുന്ന അത്യപകടകാരിയായ മറ്റൊരു രാസവസ്തുവാണ് വോളറ്റൈൽ ഓർഗാനിക് കോംപൗണ്ട്. ഇവ എളുപ്പത്തിൽ ബാഷ്പീകരിക്കപ്പെടുന്നു. പെർഫ്യൂമുകൾ, പെയിന്റുകൾ, എയർ ഫ്രഷ്‌നറുകൾ എന്നിവയിൽ വിഒസി വ്യാപകമായി ഉപയോഗിക്കാറുണ്ട്. പാഡുകളിൽ സുഗന്ധമുണ്ടാക്കുന്നതിനാണ് വിഒസി ഉപയോഗിക്കുന്നത്. ക്ഷീണം, ബോധക്ഷയം, വിളർച്ച, ത്വക്ക് രോഗങ്ങൾ എന്നിവ മുതൽ വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. കൂടാതെ ഈ രാസവസ്തു തലച്ചോറിന്റെ പ്രവർത്തനങ്ങളേയും ദോഷകരമായി ബാധിച്ചേക്കാം.

ആർത്തവ സംബന്ധമായ ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനായി യൂറോപ്പിൽ അനുവദനീയമായ അളവിന്റെ മൂന്ന് മടങ്ങാണ് ഇന്ത്യയിൽ സാനിറ്ററി പാഡുകകളിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഇത്തരം പരിധികൾ നിശ്ചയിച്ചിട്ടില്ലെന്നതും ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.