ചണ്ഡീഗഢ്: അർജുന അവാർഡ് ജേതാവായ പഞ്ചാബ് ആംഡ് പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെ തലയിൽ വെടിയേറ്റ് റോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ പ്രതി പിടിയിൽ. അർജുന അവാർഡ് ജേതാവും മുൻ കായികതാരവമായ ദൽബിർ സിങ് (54) ആണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവം നടന്ന് 48 മണിക്കൂറിനകമാണ് പ്രതി വലയിലായതെന്ന് ജലന്ധർ പൊലീസ് അറിയിച്ചു. സേനയിൽ ചേരുന്നതിന് മുമ്പ് ഭാരോദ്വഹന താരമായ ദൽബീർ സിങ് ഡിയോളിനെ ബുധനാഴ്ച തലയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയ് കുമാർ എന്ന ഓട്ടോ ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതായി ജലന്ധർ പൊലീസ് മേധാവി സ്വപൻ ശർമ്മ പറഞ്ഞു.

വീട്ടിലേക്ക് കൊണ്ടുവിടുന്നത് സംബന്ധിച്ച് ഓട്ടോഡ്രൈവറുമായുള്ള തർക്കമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ജുഗൽ കിഷോർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കനാലിന് സമീപം ദൽബിർ സിങിന്റെ മൃതദേഹം കണ്ടത്. കിഷോർ തന്റെ സഹപ്രവർത്തകരെ വിളിച്ച് അറിയിച്ചു.

നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് കൊലപാതകിയെക്കുറിച്ച് സൂചന ലഭിച്ചത്. വീട്ടിലേക്ക് പോകാൻ ദൽബീർ ഓട്ടോ വിളിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഓട്ടോയുടെ നമ്പർ രേഖപ്പെടുത്തി, ഓട്ടോ പോയേക്കാവുന്ന വഴികളിലെ സിസിടിവികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വാഹനം ട്രാക്ക് ചെയ്യുകയായിരുന്നു.

മൃതദേഹം കിടന്നിരുന്ന ഭാഗത്തെ മൊബൈൽ സിഗ്‌നലുകളും പൊലീസ് പരിശോധിച്ചു. ദൽബീറിന്റെ സർവീസ് പിസ്റ്റൾ കൈക്കലാക്കിയ വിജയ് കുമാർ തലക്ക് വെടിയുതിർക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നാണ് തോക്ക് കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ജലന്ധറിൽ നിന്ന് 6-7 കിലോമീറ്റർ അകലെയാണ് ദൽബീർ സിങ് ഡിയോളിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃപൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിനടുത്ത് ഇറക്കാൻ ഡ്രൈവർ വിസമ്മതിച്ചതാണ് പ്രശ്‌നത്തിന് തുടക്കം. തർക്കത്തിനിടെ ർവീസ് പിസ്റ്റൾ തട്ടിയെടുത്ത് തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ജലന്ധറിലെ ബസ്തി ബവയിലെ റോഡിലാണ് ദൽബിർ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. 'ഇദ്ദേഹത്തിന്റെ ഒരു കാല് ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഞങ്ങൾ വിഷയം അന്വേഷിക്കുകയാണ്'- ജലന്ധർ പൊലീസ് കമ്മീഷണർ സ്വപൻ ശർമ നേരത്തെ അറിയിച്ചിരുന്നു.

അദ്ദേഹത്തിന്റെ നാടായ കപുർത്തലയിലേക്കുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. കപുർത്തലയിൽ നിന്നും എട്ട് കി.മീ അകലെയാണ് സംഭവമെന്നും കമ്മീഷണർ പറഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥന്റെ കുടുംബം പരാതി നൽകിയിരുന്നു.