- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൊലീസുകാരനെ 'പാഠം പഠിപ്പിക്കാൻ' വകുപ്പുതല അന്വേഷണം
കണ്ണൂർ: സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ എം. വിജിൻ എംഎൽഎയ്ക്കു നേരെ സുരേഷ് ഗോപി സ്റ്റൈലിൽ തട്ടിക്കയറിയെന്ന ആരോപണവിധേയനായ കണ്ണൂർ ടൗൺ എസ്. ഐ പി. പി ഷമീലിനെതിരെ കണ്ണൂർ സിറ്റി അസി. പൊലിസ് കമ്മിഷണർ ടി.കെ രത്നകുമാർ അന്വേഷണമാരംഭിച്ചു.
കലക്ടറേറ്റ് കോംപൗണ്ടിൽ കേരള ഗവ. നഴ്സ്സ് അസോസിയേഷൻ പ്രതിഷേധ ധർണയ്ക്കിടെയാണ് എസ്. ഐ പ്രോട്ടോക്കോൾ ലംഘിച്ചു എംഎൽഎയോട് അപമര്യാദയായി പെരുമാറിയത് എന്നാണ് ആരോപണം. ഇതോടെ എസ്. ഐക്കെതിരെ സ്ഥലമാറ്റമുൾപ്പെടെയുള്ള നടപടികൾ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ സ്വീകരിക്കുമെന്നാണ് സൂചന.
പരാതിക്കാരനായ എം.വിജിൻ എം. എൽ, എ, സമരം നടത്തിയ നഴ്സസ് യൂനിയൻ ഭാരവാഹികൾ, പിങ്ക് പൊലിസ് സ്പെഷ്യൽ ബ്രാഞ്ച് അംഗങ്ങൾ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇതിനു ശേഷം സംഭവത്തെ കുറിച്ചുള്ള വീഡിയോ ദൃശ്യമടക്കം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് കൈമാറും. എസ്. ഐയെ സ്ഥലം മാറ്റുന്നതിനായി കടുത്ത സമ്മർദ്ദം സി.പി. എമ്മിൽ നിന്നുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തിൽ റിപ്പോർട്ടു തേടിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ എസ്. ഐ ഷമീലിനെ സ്ഥലമാറ്റുകയോ താൽക്കാലികമായി പുറത്തുനിർത്തുകയോ ചെയ്തു കൊണ്ടു പ്രശ്നം അവസാനിപ്പിക്കാനാണ് പൊലിസ് ഉന്നതരുടെ നീക്കം. എംഎൽഎയോട് അപമര്യാദയായി പെരുമാറിയ എസ്. ഐയ്ക്കെതിരെ നടപടി വേണമെന്ന് എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ, കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ എന്നിവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സി.പി. എം നേതൃത്വത്തിന്റെ തീട്ടൂര പ്രകാരം എസ്. ഐയ്ക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലിസിനുള്ളിലും അഭിപ്രായഭിന്നതയുണ്ട്. സമരം ചെയ്ത നഴ്സുമാർക്കെതിരെ കേസെടുത്തത് സി.പി. എം നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്.