- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിദേശമലയാളിയുടെ അക്കൗണ്ടിൽനിന്ന് ഒന്നരക്കോടിയിലേറെ തട്ടി; ബാങ്ക് മാനേജർ അറസ്റ്റിൽ
കോട്ടയം: വിദേശ മലയാളി ദമ്പതിമാരെ കബളിപ്പിച്ച് ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ കോട്ടയത്തെ സ്വകാര്യ ബാങ്ക് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പുതുപ്പള്ളി ഏറികാട് മന്നാപറമ്പിൽ റെജി ജേക്കബി (41) നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ യു. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രമുഖ സ്വകാര്യ ബാങ്കിന്റെ കോട്ടയം കളത്തിപ്പടി ബ്രാഞ്ച് മാനേജരാണ്. ദമ്പതികൾ വിദേശത്തുള്ള മക്കൾക്ക് പണം അയയ്ക്കാൻ ചെല്ലുമ്പോൾ ചെക്കുകളും ഡെബിറ്റ് ഓതറൈസേഷൻ ലെറ്ററുകളും കൈക്കലാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
കോട്ടയം കളത്തിപ്പടിയിൽ താമസിക്കുന്ന വിദേശമലയാളി ദമ്പതിമാരാണ് തട്ടിപ്പിനിരയായത്. വിദേശത്ത് താമസിച്ചുവന്നിരുന്ന കാലത്ത് മുതൽ ഇവർക്ക് ഈ മാനേജരുമായി സൗഹൃദം ഉണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ഇയാൾ വൻ തട്ടിപ്പ് നടത്തിയത്. ദമ്പതിമാർ വിദേശത്തായിരുന്ന സമയത്ത് ഇതേ ബാങ്കിന്റെ ഏറ്റുമാനൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിരുന്നു. അന്ന് ഏറ്റുമാനൂർ ശാഖയിലെ മാനേജരായിരുന്ന പ്രതി ദമ്പതിമാരുമായി അന്നു മുതൽ അടുപ്പം സ്ഥാപിച്ചിരുന്നു.
തുടർന്ന് ഇയാൾക്ക് കളത്തിപ്പടി ശാഖയിലേക്ക് സ്ഥലംമാറ്റമായി. ഈ സമയത്താണ് ദമ്പതിമാർ വിദേശ വാസം അവസാനിപ്പിച്ച് കോട്ടയം കളത്തിപ്പടിയിൽ താമസം തുടങ്ങിയത്. ഇതോടെ ബാങ്ക് മാനേജരുമായി ഇവർ വീണ്ടും സൗഹൃദത്തിലായി. വിദേശത്തുള്ള മക്കൾക്ക് പണം അയയ്ക്കുന്നതിന് കളത്തിപ്പടിയിലെ ബാങ്കിലെത്തുമ്പോഴെല്ലാം പ്രതിയായ മാനേജർ ആണ് ഇവരെ സഹായിച്ചിരുന്നത്. ഈ സൗഹചര്യം മുതലെടുത്താണ് ഇയാൾ വൻ തട്ടിപ്പ് നടത്തിയത്.
വിദേശത്തേക്ക് പണം അയയ്ക്കാനെത്തുമ്പോഴെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞ് ഇയാൾ ദമ്പതിമാരിൽനിന്ന് കൂടുതൽ ചെക്കുകളും ഡെബിറ്റ് ഓതറൈസേഷൻ ലെറ്ററുകളും കൈക്കലാക്കി. ഇത് ദുരുപയോഗപ്പെടുത്തി ഏറ്റുമാനൂർ, കളത്തിപ്പടി ബ്രാഞ്ചുകളിലെ ഇവരുടെ അക്കൗണ്ടുകളിൽനിന്ന് 1,62,25,000 രൂപ പലതവണകളായി തട്ടിയെടുക്കുകയായിരുന്നു. എന്നാൽ പണം മാറ്റിയ വിവരം ദമ്പതിമാർ അറിഞ്ഞിരുന്നില്ല.
2021 മുതൽ 2023 വരെയായിരുന്നു തട്ടിപ്പ്. റെജി ജേക്കബ് സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്കാണ് ദമ്പതിമാരുടെ അക്കൗണ്ടിൽനിന്ന് പണം മാറ്റിയിരുന്നത്. ഇവർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.
ക്രമക്കേട് കണ്ടെത്തിയതോടെ 22 ലക്ഷം രൂപ പ്രതി, ദമ്പതിമാർക്ക് തിരികെ നൽകി. ബാങ്ക് അധികൃതരുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.