- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'അവൻ പെട്ടെന്നു തന്നെ മരിച്ചു; കുറേ നേരം ഭയപ്പെട്ട് മൃതദേഹത്തിനരികെ ഇരുന്നു'
പനജി: ഗോവയിൽ ഹോട്ടൽമുറിയിൽവച്ച് നാല് വയസ്സുകാരനായ മകനെ എ.ഐ. സ്റ്റാർട്ടപ്പ് കമ്പനി സിഇഒ.യുമായ യുവതി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് അമിത അളവിൽ കുട്ടിക്ക് മരുന്ന് നൽകിയിരുന്നതായി സംശയം. കൊലപാതകം നടന്ന ഹോട്ടൽമുറിയിൽ പൊലീസ് സംഘം നടത്തിയ തെളിവെടുപ്പിൽ ചുമമരുന്നിന്റെ ഒഴിഞ്ഞ കുപ്പികൾ കണ്ടെടുത്തിരുന്നു. ഇതാണ് കൊലപാതകത്തിന് മുൻപ് മയക്കുന്നതിനായി കുഞ്ഞിന് മരുന്ന് നൽകിയെന്ന സംശയത്തിലേക്ക് വിരൽചൂണ്ടുന്നത്.
ബെംഗളൂരുവിലെ എ.ഐ. സ്റ്റാർട്ടപ്പ് കമ്പനി സിഇഒ.യും പശ്ചിമബംഗാൾ സ്വദേശിനിയുമായ സൂചന സേത്ത്(39) ശ്വാസംമുട്ടിച്ചാണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തിയിരുന്നു. തലയണകൊണ്ടോ അല്ലെങ്കിൽ തുണി ഉപയോഗിച്ചോ കുഞ്ഞിനെ ശ്വാസംമുട്ടിച്ചെന്നാണ് പ്രാഥമികവിവരം. ഇതിനുശേഷം പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ പെട്ടന്നുള്ള പ്രകോപനമാണ് കുട്ടിയെ കൊന്നതെന്ന് യുവതി പറയുമ്പോഴും നാല് വയസ്സുകാരന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കൊലപാതകം നടന്ന ഹോട്ടൽമുറിയിൽ പൊലീസും ഫൊറൻസിക് സംഘവും വിശദമായ പരിശോധനയാണ് നടത്തിയത്. ഈ പരിശോധനയിലാണ് ചുമയ്ക്കുള്ള മരുന്നിന്റെ രണ്ട് കുപ്പികൾ കണ്ടെടുത്തത്. ഒരുവലിയ കുപ്പിയും ഒരു ചെറിയ കുപ്പിയുമാണ് മുറിയിലുണ്ടായിരുന്നതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. കുഞ്ഞിന് അമിതഅളവിൽ മരുന്ന് നൽകിയെന്നാണ് സൂചനയെന്നും പൊലീസ് പറഞ്ഞിരുന്നു. അതേസമയം, ഇതുസംബന്ധിച്ച് പൊലീസ് ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നാലു വയസ്സുകാരനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. "കുട്ടിയുടെ കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. എന്നാൽ മൂക്കിലെ ഞരമ്പുകളിൽ ഒരു തരം വീക്കം ഉണ്ടായിട്ടുണ്ട്. ഇത് ശ്വാസംമുട്ടിച്ചപ്പോഴുണ്ടായതാകാം. തലയിണയോ തുണിയോ മറ്റു വസ്തുക്കളോ ഉപയോഗിച്ചാകാം കുട്ടിയെ ശ്വാസം മുട്ടിച്ചത്. ശരീരത്ത് മറ്റു മുറിവുകളൊന്നും ഇല്ല" കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചു.
കുട്ടിയെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഭർത്താവിനൊപ്പം വിട്ടയയ്ക്കാതിരിക്കാനാണ് ഗോവയിലേക്ക് വന്നതെന്നും സൂചന പൊലീസിനോടു പറഞ്ഞു. "കുട്ടിയെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, കാരണം അത്രയ്ക്കും അവനെ സ്‌നേഹിച്ചിരുന്നു. എന്നാൽ അവൻ പെട്ടെന്നു തന്നെ മരിച്ചു. കുറേ നേരം ഭയപ്പെട്ട് മൃതദേഹത്തിനരികെ ഇരുന്നു. കൈ ഞരമ്പ് മുറിക്കുകയും ചെയ്തു"സൂചന പറഞ്ഞതായി പൊലീസ് അറിയിച്ചു.
സൂചന താമസിച്ച മുറിയിൽ അപാർട്‌മെന്റ് ജീവനക്കാർ രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് സൂചന ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റെ ഭാഗമായുള്ളതാണെന്നാണ് പൊലീസ് വിലയിരുത്തൽ. മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത സൂചനയെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയാളിയായ ഭർത്താവ് വെങ്കട്ടരാമനുമായുള്ള ദാമ്പത്യ കലഹത്തെ തുടർന്നാണ് കൊൽക്കത്ത സ്വദേശിനിയായ സൂചന ക്രൂരതയ്ക്ക് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൂചന സേത് ഭർത്താവിനെതിരേ നേരത്തെ പരാതി നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. മലയാളിയായ ഭർത്താവ് പി.ആർ.വെങ്കിട്ടരാമനെതിരേ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഗാർഹികപീഡനത്തിന് യുവതി പരാതി നൽകിയതെന്നാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, പരാതിയിലെ ആരോപണങ്ങൾ ഭർത്താവ് നിഷേധിച്ചിരുന്നു. വിവാഹമോചനക്കേസിനിടെയാണ് ഇത്തരം പരാതിനൽകിയതെന്നും ഭർത്താവ് ചൂണ്ടിക്കാട്ടി.
ദാമ്പത്യപ്രശ്‌നങ്ങൾ കാരണം സൂചനയും മലയാളിയായ ഭർത്താവ് വെങ്കിട്ടരാമനും വിവാഹമോചനക്കേസ് ഫയൽചെയ്തിരുന്നു. കേസിന്റെ നടപടികൾ അവസാനഘട്ടത്തിലിരിക്കെയാണ് സൂചന നാലുവയസ്സുള്ള മകനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. എല്ലാ ഞായറാഴ്ചയും മകനെ അച്ഛനൊപ്പം വിട്ടയക്കണമെന്ന കോടതിവിധിയാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. മകനെ ഭർത്താവിനൊപ്പം വിട്ടയക്കാതിരിക്കാനാണ് ശനിയാഴ്ച തന്നെ ഗോവയിൽ എത്തിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.
ജനുവരി ആറാം തീയതിയാണ് നാലുവയസ്സുള്ള മകനുമായി സൂചന നോർത്ത് ഗോവയിലെ കൻഡോലിമിലെ ഹോട്ടലിലെത്തിയത്. രണ്ടുദിവസത്തെ താമസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയോടെ യുവതി മുറിയൊഴിഞ്ഞു. എന്നാൽ, ഹോട്ടലിൽനിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോൾ മകൻ യുവതിയുടെ കൂടെയുണ്ടായിരുന്നില്ല. ഒരു വലിയ ബാഗുമായാണ് യുവതി ഹോട്ടലിൽനിന്ന് മടങ്ങിയതെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞിരുന്നു.
മുറിയൊഴിയുന്നതിന് മുൻപ് ഗോവയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകാനായി ടാക്സി ബുക്ക് ചെയ്യാൻ യുവതി ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. റോഡ് മാർഗം ഏകദേശം 12 മണിക്കൂർ സമയമെടുക്കുമെന്നും കുറഞ്ഞനിരക്കിൽ ബെംഗളൂരുവിലേക്ക് വിമാനടിക്കറ്റ് ലഭ്യമാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞെങ്കിലും ടാക്സി മതിയെന്നായിരുന്നു സൂചനയുടെ നിലപാട്. ഇതോടെ ഹോട്ടൽ ജീവനക്കാർ ടാക്സി ബുക്ക് ചെയ്തുനൽകി. പിന്നാലെ യുവതി ബാഗുമായി ഹോട്ടലിൽനിന്ന് തനിച്ച് യാത്രതിരിച്ചു.
യുവതി ഹോട്ടൽവിട്ടതിന് പിന്നാലെ ഇവർ താമസിച്ചിരുന്ന മുറി വൃത്തിയാക്കാനായി ജീവനക്കാർ എത്തിയിരുന്നു. ഈ സമയത്താണ് മുറിയിലെ ചോരപ്പാടുകൾ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സംശയംതോന്നിയ ഹോട്ടൽ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ് സംഘം, മകനുമായി മുറിയെടുത്ത യുവതി തിരികെമടങ്ങിയത് ഒറ്റയ്ക്കാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ യുവതി ബെംഗളൂരുവിലേക്ക് തിരിച്ച ടാക്സി ഡ്രൈവറെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടു.
സൂചനയിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിയാനായിരുന്നു പൊലീസിന്റെ ആദ്യശ്രമം. മകൻ എവിടെയാണെന്ന് ഇൻസ്പെക്ടർ ചോദിച്ചപ്പോൾ മകനെ ഗോവയിലെ ഒരുസുഹൃത്തിന്റെ വീട്ടിൽ ഏൽപ്പിച്ചെന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ സുഹൃത്തിന്റെ വിലാസം നൽകാൻ പൊലീസ് ആവശ്യപ്പെടുകയും ഇതനുസരിച്ച് യുവതി ഒരു വിലാസം അയച്ചുനൽകുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ വളരെ തന്ത്രപൂർവമായിരുന്നു പൊലീസിന്റെ ഇടപെടൽ.
യുവതി നൽകിയ വിലാസം വ്യാജമാണെന്ന് തെളിഞ്ഞതോടെ എത്രയുംവേഗം ഇവരെ കസ്റ്റഡിയിലെടുക്കുക എന്നതായിരുന്നു പൊലീസിന്റെ ലക്ഷ്യം. ഇതിനായി വീണ്ടും ടാക്സി ഡ്രൈവറുടെ സഹായംതേടി. യുവതിക്ക് സംശയം തോന്നാതിരിക്കാൻ പ്രാദേശികമായി ഉപയോഗിക്കുന്ന കൊങ്കിണി ഭാഷയിലാണ് ഇത്തവണ ഇൻസ്പെക്ടറും ഡ്രൈവറും ഫോണിൽ സംസാരിച്ചത്. എത്രയുംവേഗം കാറിലുള്ള യുവതിയുമായി ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് വാഹനം എത്തിക്കണമെന്നായിരുന്നു ഇൻസ്പെക്ടർ ഡ്രൈവർക്ക് നൽകിയ നിർദ്ദേശം.
ഈ സമയം കാർ കർണാടകയിലെ ചിത്രദുർഗയിൽ എത്തിയിരുന്നു. തുടർന്ന് യുവതിക്ക് യാതൊരു സംശയവും തോന്നാത്തരീതിയിൽ ടാക്സി ഡ്രൈവർ ഏറ്റവും അടുത്തുള്ള അയമംഗല പൊലീസ് സ്റ്റേഷനിലേക്ക് വാഹനം തിരിച്ചുവിട്ടു. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ കാറിൽനിന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയും ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് ബാഗിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.