- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹോട്ടൽമുറിയിൽ അതിക്രമിച്ച് കയറി മിശ്രവിവാഹിതരായ ദമ്പതികളെ ക്രൂരമായി മർദിച്ചു
ബെംഗളുരു: കർണാടകയിൽ മിശ്രവിവാഹിതരായ യുവാവിനെയും യുവതിയെയും ഹോട്ടൽമുറിയിൽ അതിക്രമിച്ച് കയറി ആറംഗ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. സദാചാര ഗുണ്ടാ ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമികൾ തന്നെ സംഭവത്തിന്റെ വിഡിയോ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഹവേരി ജില്ലയിലെ ഹനഗൽ താലൂക്കിലാണു സംഭവം.
ഹോട്ടൽ മുറിയുടെ മുൻവശത്ത് ആറുപേർ കാത്തുനിൽക്കുന്നതിൽനിന്നാണ് വിഡിയോ ആരംഭിക്കുന്നത്. അക്രമികൾ മുറിയുടെ വാതിലിൽ തട്ടിയപ്പോൾ ഒരു പുരുഷൻ വാതിൽ തുറന്നു. ഉടൻ തന്നെ മുറിയിലേക്ക് ആറുപേരും അതിക്രമിച്ചു കയറി. ഈ സമയം ബുർഖ ധരിച്ച സ്ത്രീ മുഖം മറയ്ക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.
അക്രമികളായ പുരുഷന്മാർ സ്ത്രീയെ ക്രൂരമായി മർദിക്കുകയും മർദനത്തെ തുടർന്ന് അവർ താഴെ വീഴുകയും ചെയ്തു. താഴെവീണ സ്ത്രീയെ അക്രമികൾ നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. മുറിയിൽനിന്ന് പുറത്തിറങ്ങിയ ഹിജാബ് ധരിച്ച യുവതി മുഖം മറയ്ക്കാൻ ശ്രമിക്കുമ്പോൾ അക്രമികളിൽ ഒരാൾ അതിന് അനുവദിക്കാതെ മൊബൈൽ ഫോണിൽ അവരുടെ വിഡിയോ പകർത്താൻ ശ്രമിക്കുന്ന മറ്റൊരു വിഡിയോയും പ്രചരിച്ചു.
ജനുവരി ഏഴാം തീയതിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട യുവതിയും യുവാവും ഹോട്ടലിൽ മുറിയെടുത്ത വിവരമറിഞ്ഞാണ് ആറംഗസംഘം ഇവിടേക്ക് ഇരച്ചെത്തിയത്. തുടർന്ന് മുറിയിൽ അതിക്രമിച്ചുകയറി ഇരുവരെയും ക്രൂരമായി മർദിക്കുകയായിരുന്നു. ഹോട്ടലിന് പുറത്തിറക്കിയശേഷവും പ്രതികൾ ഇരുവരെയും മർദിച്ചു. ഈ സംഭവങ്ങളെല്ലാം പ്രതികൾ തന്നെയാണ് മൊബൈൽഫോണിൽ ചിത്രീകരിച്ചത്.
ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരായിരുന്നതിന്റെ പേരിലാണ് മർദനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. തങ്ങൾക്ക് പ്രശ്തരാവാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇവർ വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്.
യുവതിയെ അക്രമികൾ അടിച്ചുവീഴ്ത്തി. മുറിയിലുണ്ടായിരുന്ന യുവാവിനെയും സംഘംചേർന്ന് മർദിച്ചു. പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അക്രമികൾ വീണ്ടും തടഞ്ഞുവെച്ച് മർദിക്കുന്നതും യുവതിയെ നിലത്തിട്ട് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ദമ്പതികൾ ഹനഗൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ ആറുപേർക്കെതിരേ കേസെടുത്തതായും ഇതിൽ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തതായും ഹാവേരി പൊലീസ് സൂപ്രണ്ട് അൻഷുകുമാർ മാധ്യമങ്ങളോട് പറഞ്ഞു. വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവർ നാട്ടുകാർ തന്നെയാണെന്നും ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളവരല്ലെന്നും എസ്പി. വ്യക്തമാക്കി. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.