ന്യൂഡൽഹി: പത്തൊൻപതുകാരിയായ ഗർഭിണിയെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ കാമുകനായ വിദ്യാർത്ഥി അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനും ഒന്നാം വർഷ കോളേജ് വിദ്യാർത്ഥിയുമായ 20കാരൻ യോഗേഷിനെയാണ് പിടികൂടിയത്. വ്യാഴാഴ്ചയാണ് കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ 19കാരിയെ ഗുരുതരമായി കുത്തി പരുക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഷേവിങ് ബ്ലേഡും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ചാണ് ക്രൂരമായി ആക്രമിച്ചത്.

പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭച്ഛിദ്രം ചെയ്യണമെന്ന് യോഗേഷ് നിർദേശിച്ചു. ഗർഭച്ഛിദ്ര ഗുളികകൾ കഴിക്കണമെന്ന യോഗേഷിന്റെ ആവശ്യം തള്ളിയ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് യോഗേഷ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്തെ നൂറോളം സിസി ടിവികൾ പരിശോധിച്ചും 50ഓളം പേരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് യോഗേഷിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.

"അശോക് വിഹാറിലെ ഒരു ആയുർവേദ ക്ലിനിക്കിലെ ജീവനക്കാരിയാണ് യുവതി. ബുധനാഴ്ച ക്ലിനിക്കിൽ നിന്ന് യുവതിയെ യോഗേഷ് കൂട്ടിക്കൊണ്ടുപോകുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ക്രൗൺ പ്ലാസയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഇരുവരും എത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇവിടെ വച്ച് അബോർഷൻ ഗുളിക കഴിക്കാൻ യോഗേഷ് യുവതിയെ പ്രേരിപ്പിച്ചു. എന്നാൽ യുവതി എതിർക്കുകയും വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് യോഗേഷ് സ്‌ക്രൂ ഡ്രൈവറും ബ്ലേഡും ഉപയോഗിച്ച് നിരവധി തവണ കുത്തിയത്. തുടർന്ന് കുഴഞ്ഞു വീണ യുവതിയുടെ തലയിൽ ഒരു കല്ലിൽ ഇടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യോഗേഷ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു."-പൊലീസ് പറഞ്ഞു.

രാത്രി 9.30 കഴിഞ്ഞിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ മയൂർ വിഹാറിൽ അവശനിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

യോഗേഷും 19കാരിയും സുഹൃത്തുക്കളാണെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ പ്രണയബന്ധത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് അവൾ ഗർഭധാരണത്തെക്കുറിച്ച് പറഞ്ഞു. ഇതോടെ വിവാഹത്തിന് സമ്മതം അറിയിച്ചെന്നും ബന്ധു പറഞ്ഞു.