- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദിവ്യ പഹൂജയുടെ തലയ്ക്ക് വെടിവെച്ചത് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ
ന്യൂഡൽഹി: ഗുരുഗ്രാമിലെ 'സിറ്റി പോയിന്റ്' ഹോട്ടലിൽ വെടിയേറ്റു കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്ത്. ദിവ്യയ്ക്ക് നേരെ അക്രമികൾ വെടിയുതിർത്തതു തൊട്ടടുത്തുനിന്നാണെന്നും തലയിൽനിന്ന് ഒരു വെടിയുണ്ട പുറത്തെടുത്തതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നാല് ഡോക്ടർമാർ ചേർന്നാണു ദിവ്യ പഹൂജയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. നടപടികൾക്കു പിന്നാലെ മൃതദേഹം കുടുംബത്തിനു കൈമാറി. കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ വ്യാജ ഏറ്റമുട്ടലിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദിവ്യ.
പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ് ദിവ്യയ്ക്ക് വെടിയേറ്റതെന്നും തലയ്ക്കുള്ളിൽനിന്ന് വെടിയുണ്ട പുറത്തെടുത്തതായുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഹരിയാണയിലെ ഹിസാറിലുള്ള അഗ്രോഹ മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടന്നത്. ഡോ.മോഹൻ സിങിന്റെ മേൽനോട്ടത്തിൽ രണ്ട് വനിതകളടക്കം നാല് ഡോക്ടർമാർ നടപടികൾക്ക് നേതൃത്വം നൽകി. ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം പിന്നീട് അന്ത്യകർമങ്ങൾക്കായി ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി.
ജനുവരി രണ്ടിനാണ് ഗുരുഗ്രാമിലെ 'സിറ്റി പോയിന്റ്' ഹോട്ടലിൽ ദിവ്യ പഹൂജ വെടിയേറ്റുമരിച്ചത്. ഹരിയാണയിലെ കനാലിൽനിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കൊലപാതകം നടന്ന് പത്തുദിവസത്തിന് ശേഷമാണ് ഗുരുഗ്രാം പൊലീസിന് മൃതദേഹം കണ്ടെടുക്കാനായത്. കേസിൽ ഹോട്ടലുടമയും മുഖ്യപ്രതിയുമായ അഭിജീത്ത് സിങ് അടക്കം അഞ്ചുപേർ അറസ്റ്റിലായിരുന്നു. സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിനാലാണ് ദിവ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യപ്രതിയായ അഭിജീത് സിങ്ങിന്റെ മൊഴി. ഹോട്ടലിൽനിന്ന് മൃതദേഹം കാറിലേക്ക് മാറ്റുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.
അഭിജീത് സിങ്ങിന്റെ സഹായികളായ ഹേമരാജ്, ഓംപ്രകാശ്, ബൽരാജ് ഗിൽ എന്നിവരെയും പെൺസുഹൃത്തായ മേഘയെയുമാണ് കേസിൽ പൊലീസ് പിടികൂടിയത്. കൃത്യം നടത്തിയശേഷം മൃതദേഹം കാറിലെത്തിക്കാൻ ഹേമരാജും ഓംപ്രകാശുമാണ് സഹായിച്ചത്. തുടർന്ന് മുഖ്യപ്രതിയുടെ കാറിൽ ബൽരാജ് ഗിൽ, രവി ബംഗ എന്നിവർ മൃതദേഹവുമായി പഞ്ചാബിലേക്ക് തിരിച്ചു. പഞ്ചാബിൽവച്ചാണ് ഇരുവരും മൃതദേഹം കനാലിൽ തള്ളിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഉൾപ്പെട്ട ബൽരാജ് ഗില്ലിനെ കഴിഞ്ഞദിവസം കൊൽക്കത്ത വിമാനത്താവളത്തിൽനിന്നാണ് പൊലീസ് പിടികൂടിയത്. കൃത്യം നടത്താൻ ഉപയോഗിച്ച തോക്കും ദിവ്യയുടെ ചില രേഖകളും ഒളിപ്പിച്ചതിനാണ് മേഘയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎംഡബ്ല്യു കാറിൽ മൃതദഹേം മാറ്റാൻ സഹായം ചെയ്ത രവി ബാങ്ക ഒളിവിലാണ്.
സന്ദീപ് വധക്കേസിൽ ഏഴുവർഷത്തോളം ജയിലിലായിരുന്ന ദിവ്യ, കഴിഞ്ഞ ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്. 2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഹോട്ടലിൽവെച്ച് ഹരിയാണ പൊലീസിന്റെ ഏറ്റുമുട്ടലിൽ സന്ദീപ് ഗഡോലി കൊല്ലപ്പെട്ടത്. സംഭവസമയം സന്ദീപിന്റെ കാമുകിയായ ദിവ്യയും ഹോട്ടലിലുണ്ടായിരുന്നു. എന്നാൽ, മുംബൈയിലെ ഹോട്ടലിൽ ഹരിയാണ പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ.
ഹരിയാണ പൊലീസിലെ ഉദ്യോഗസ്ഥരും സന്ദീപിന്റെ എതിരാളി വിരേന്ദർ കുമാർ എന്ന ബിന്ദേർ ഗുജ്ജാറും ചേർന്നാണ് ഏറ്റുമുട്ടൽ ആസൂത്രണം ചെയ്തതെന്നും മുംബൈ പൊലീസ് കണ്ടെത്തി. ദിവ്യ പഹൂജയെ ഉപയോഗിച്ച് സന്ദീപിനെ ഹണിട്രാപ്പിൽ കുടുക്കിയാണ് സംഘം പദ്ധതി നടപ്പാക്കിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തുടർന്നാണ് സന്ദീപ് കൊലക്കേസിൽ അഞ്ച് പൊലീസുകാരും ദിവ്യയും ഇവരുടെ മാതാവും ഉൾപ്പെടെ അറസ്റ്റിലായിരുന്നു. ഇവർക്ക് കഴിഞ്ഞ വർഷം ജൂണിലാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.