- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യയെ കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തി, ഹോട്ടൽ മാനേജറായ 29കാരൻ അറസ്റ്റിൽ
പനജി: സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചിൽ ലക്നൗ സ്വദേശിയായ യുവതിയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഇരുപത്തൊൻപതുകാരനായ ഗൗരവ് കത്യാവാർ ആണ് അറസ്റ്റിലായത്. ഗോവയിലെ ആഡംബര ഹോട്ടലിൽ മാനേജരായ ഉത്തർപ്രദേശ് ലഖ്നൗ സ്വദേശിയായ ഗൗരവ് കത്യാവാർ, ഭാര്യ ദിക്ഷ ഗംഗവാറിനെ (27) കടലിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.
വെള്ളിയാഴ്ചയാണ് ഗൗരവ് ഭാര്യ ദിക്ഷ ഗംഗവാറി(27)നെ സൗത്ത് ഗോവയിലെ ബീച്ചിൽവെച്ച് കൊലപ്പെടുത്തിയത്. സംഭവം അപകടമരണമായി വരുത്തിതീർക്കാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ, വിനോദസഞ്ചാരികളായ ചില ദൃക്സാക്ഷികളുടെ മൊഴികളും യുവതിയുടെ മൃതദേഹത്തിലുണ്ടായിരുന്ന പരിക്കുകളും കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു.
ഗോവയിലെ കോൾവയിൽ മാരിയോട്ട് ഹോട്ടലിലാണ് ഗൗരവ് ജോലിചെയ്തിരുന്നത്. ഒന്നരവർഷം മുൻപാണ് ഗൗരവും ദിക്ഷയും വിവാഹിതരായത്. ഗൗരവിന് രഹസ്യബന്ധമുണ്ടെന്ന സംശയത്തെച്ചൊല്ലി ദമ്പതിമാർക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഭർത്താവിന് രഹസ്യബന്ധമുണ്ടെന്ന് സംശയിച്ച ദിക്ഷ ഇതേക്കുറിച്ച് ചോദ്യം ചെയ്തതോടെയാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലിചെയ്തിരുന്ന ഗൗരവ് ഒരുമാസം മുൻപാണ് ഗോവയിൽ ജോലിക്ക് ചേർന്നത്. ഗൗരവ് ഗോവയിലെത്തിയതിന് പിന്നാലെ ലഖ്നൗവിലായിരുന്ന ഭാര്യയും ഇവിടേക്കെത്തി. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിച്ചുവരുന്നതിനിടെയാണ് ഭർത്താവിന് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന് ദിക്ഷയ്ക്ക് സംശയം തോന്നിയത്. അടുത്തിടെയായി ഇക്കാര്യത്തെച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കും പതിവായിരുന്നു.
വെള്ളിയാഴ്ച താമസസ്ഥലത്തുനിന്ന് സ്കൂട്ടറിലാണ് ഗൗരവ് ഭാര്യയ്ക്കൊപ്പം സൗത്ത് ഗോവയിലെ ബീച്ചിലെത്തിയത്. തുടർന്ന് ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം ഇരുവരും കടലിന് സമീപത്തെ പാറക്കെട്ടിലിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടുപേരും കടലിലിറങ്ങിയത്. എന്നാൽ, ദമ്പതിമാർ ഒരുമിച്ച് വെള്ളത്തിലിറങ്ങുന്നതും പിന്നീട് ഗൗരവ് മാത്രം തിരികെവരുന്നതും ബീച്ചിലുണ്ടായിരുന്ന ചില വിനോദസഞ്ചാരികൾ ശ്രദ്ധിച്ചിരുന്നു.
പിന്നാലെ യുവതിയെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് വിനോദസഞ്ചാരികൾ പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ സംശയമുള്ളതായും ഭർത്താവ് ഒറ്റയ്ക്ക് തിരികെവരുന്നത് കണ്ടതായും ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 3.40ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തു നിന്ന് ഭാര്യയെ ഒപ്പം കൂട്ടിയ ഇയാൾ ബീച്ചിൽ കുറേനേരം ചെലവഴിച്ചു. തുടർന്നാണ് കടലിലേക്ക് തള്ളിയിട്ടത്.
ഭാര്യയുടേത് അപകടമരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു ഗൗരവിന്റെ ശ്രമം. ഗൗരവ് കത്യാവാർ ഭാര്യയുമായി ബീച്ചിലേക്കു വരുന്നതിന്റെയും ഭാര്യ മരിച്ചെന്ന് ഉറപ്പു വരുത്തി മടങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ദിക്ഷയുടെ ശരീരത്തിൽ പരുക്കേറ്റ പാടുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
അതേസമയം, ഭാര്യയുടേത് അപകടമരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു ഗൗരവിന്റെ ശ്രമം. ഭാര്യയെ ബീച്ചിലാക്കിയശേഷം ഭക്ഷണം വാങ്ങാനായാണ് താൻ തിരികെ പോയതെന്നും ഇതിനിടെയാണ് മുങ്ങിമരണം സംഭവിച്ചതെന്നുമായിരുന്നു പ്രതിയുടെ ആദ്യമൊഴി. എന്നാൽ, സാക്ഷിമൊഴികളടക്കം നിരത്തി പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
അതിനിടെ, അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ടെന്നും മറ്റുചില മുറിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു. മരണകാരണത്തിൽ വ്യക്തത ലഭിക്കാനായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും പൊലീസ് പറഞ്ഞു.
ദിക്ഷയുടെ മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ഗോവയിൽ എത്തിയശേഷമായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. പ്രതി ഗൗരവിനെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.